കമ്പികൾ പുറത്തുവന്ന് അപകടനിലയിലായ കലുങ്കിനു മുകളിലൂടെ റോഡ് പുനർനിർമിക്കുന്നത് വിവാദമാകുന്നു

By | Friday February 14th, 2020

SHARE NEWS

 

കരിവെള്ളൂർ: കമ്പികൾ പുറത്തുവന്ന് അപകടനിലയിലായ കലുങ്കിനു മുകളിലൂടെ റോഡ് പുനർനിർമിക്കുന്നത് വിവാദമാകുന്നു. സ്വാമിമുക്ക്-പുത്തൂർ-പെരളം-വെള്ളൂർ ആൽ റോഡിന്റെ പുത്തൂർ പടിഞ്ഞാറെക്കര ഭാഗത്താണ് കർഷകരുടെ എതിർപ്പിനെ അവഗണിച്ച് റോഡ് നിർമിക്കുന്നത്.

സ്വാമിമുക്കിൽനിന്ന് പുത്തൂർ വഴി വെള്ളൂർ ആൽവരെയുള്ള റോഡിലെ കലുങ്കുകൾ പുനർനിർമിച്ച് മെക്കാഡം ടാറിങ്‌ നടത്തുന്നതിന് സർക്കാർ പത്ത് കോടി രൂപ അനുവദിച്ചിരുന്നു. 15 മാസം മുമ്പ് പണി ആരംഭിച്ചിരുന്നുവെങ്കിലും ചില കലുങ്കുകൾ പുനർനിർമിച്ചതല്ലാതെ മറ്റ് കാര്യമായ ജോലികളൊന്നും നടന്നില്ല. റോഡ് പണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട്‌ ഡി.വൈ.എഫ്.ഐ.യും കോൺഗ്രസും പ്രക്ഷോഭം നടത്തിയിരുന്നു. കഴിഞ്ഞദിവസം പണി പുനരാരംഭിച്ചപ്പോഴാണ് അപകടനിലയിലായ കലുങ്കിന്റെ മുകളിലൂടെ റോഡ് നിർമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഉയർന്ന പ്രദേശങ്ങളായ പുത്തൂർ കിഴക്ക് പടിഞ്ഞാറ് കരകളെ യോജിപ്പിക്കുന്നതാണ് പുത്തൂർ വയൽ. ഈ വയലിന്റെ മധ്യഭാഗത്തു കൂടിയാണ് 25 വർഷത്തോളം പഴക്കമുള്ള റോഡ് കടന്നുപോകുന്നത്.

റോഡിൽ ഒരുപാലവും മൂന്ന് കലുങ്കുകളും ഉണ്ടായിരുന്നു. പുത്തൂരിലേയും പരിസര പ്രദേശങ്ങളിലെയും നെൽകൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നത് ഈ ഭാഗത്തുകൂടിയാണ്. രണ്ട് കലുങ്കുകളും പാലവും നേരത്തേതന്നെ പുനർനിർമിച്ചിരുന്നു. മൂന്നാമത്തെ കലുങ്കിന്റെ ഒരുഭാഗം സമാന്തര നടപ്പാതയ്ക്കു വേണ്ടി മണ്ണിട്ടു മൂടിയിരുന്നു. ഇതിന്റെ മറവിലാണ് കലുങ്ക് പുനർനിർമിക്കാതെ റോഡ് നിർമിച്ചത്. ഒന്നരമീറ്റർ വീതിയും 15 മീറ്ററോളം നീളവുമുള്ള കലുങ്കിന്റെ അരികുകൾ മുഴുവൻ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഉൾഭാഗത്തെ കോൺക്രീറ്റ് സ്ലാബ് പൊട്ടി കമ്പികൾ പുറത്തുവന്ന നിലയിലാണ്. കലുങ്കിന്റെ മറുഭാഗവും മണ്ണിട്ടുമൂടാനാണ് കരാറുകാരന്റെ നീക്കമെന്നാണ് കർഷകർ പറയുന്നത്. കലുങ്ക് പുനർനിർമിക്കാതെ നീരൊഴുക്ക് തടസ്സപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭമാരംഭിക്കാനാണ് നാട്ടുകാർ ആലോചിക്കുന്നത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read