---
title: "മാവേലിമാർക്ക് വൻ ഡിമാൻഡ്; ദിവസം 4500 രൂപ വരെ പ്രതിഫലം"
english_title: "Huge demand for mavelis;  remuneration up to Rs.4500 per day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140891/huge-demand-for-mavelis-remuneration-up-to-rs4500-per-day"
published_at: "2023-08-22T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4041ed2fb6_images_(39).jpeg"
keywords: []
---

# മാവേലിമാർക്ക് വൻ ഡിമാൻഡ്; ദിവസം 4500 രൂപ വരെ പ്രതിഫലം

> **Lead Summary:** ഓണക്കാലമായതോടെ കുടവയറന്മാർക്ക് വൻ ഡിമാൻഡ്. ഓണം അടുത്തതോടെ മാവേലിയുടെ വേഷം കെട്ടാനാണ് കുടവയറന്മാരെ വൻ ഷോപ്പിം​ഗ് മാളുകൾ മുതൽ ചെറു ടെക്സ്റ്റൈൽസുകൾ വരെ തേടുന്നത്. വൻ ഓഫറുകളുമായി വിപണി പിടിക്കാൻ മത്സരിക്കുന്ന സ്ഥാപനങ്ങൾ നല്ലൊരു മാവേലിയെ കിട്ടാൻ എത്രപണം നൽകാനും ഒരുക്കമാണത്രെ.

## Article Content

ഓണക്കാലമായതോടെ കുടവയറന്മാർക്ക് വൻ ഡിമാൻഡ്. ഓണം അടുത്തതോടെ മാവേലിയുടെ വേഷം കെട്ടാനാണ് കുടവയറന്മാരെ വൻ ഷോപ്പിം​ഗ് മാളുകൾ മുതൽ ചെറു ടെക്സ്റ്റൈൽസുകൾ വരെ തേടുന്നത്. വൻ ഓഫറുകളുമായി വിപണി പിടിക്കാൻ മത്സരിക്കുന്ന സ്ഥാപനങ്ങൾ നല്ലൊരു മാവേലിയെ കിട്ടാൻ എത്രപണം നൽകാനും ഒരുക്കമാണത്രെ.

ദിവസവും 3000 രൂപ മുതൽ 4500 രൂപ വരെയാണ് മാവേലിയായി വേഷം കെട്ടുന്ന കുടവറന്മാർക്ക് പ്രതിദിന പ്രതിഫലം. മാവേലി വേഷം കെട്ടി എല്ലാവരെയും അനുഗ്രഹിക്കൽ മാത്രമാണ് ജോലി. ഓണക്കാലത്ത് ഇതിനേക്കാൾ വരുമാനം കിട്ടുന്ന മറ്റൊരു തൊഴിലില്ലെന്നതാണ് വാസ്തവം.

ഉപഭോക്താക്കളെ ആകർഷിക്കാൻ വേഷം കെട്ടി നിന്നാൽ മാത്രം മതി. വേഷമൊക്കെ കമ്പനി തന്നെ നൽകും. കാതിൽ നീളത്തിലുള്ള കമ്മലും കിരീടവും ഓലക്കുടയും കുടവയർ കുലുക്കിയും നിന്നാൽ ഉപഭോക്താക്കൾ കടയിലേക്ക് വരുമെന്നും കച്ചവടക്കാർ പറയുന്നു. സ്ഥാപനങ്ങളിലേക്ക് വരുന്നവർക്ക് അനുഗ്രഹം ചൊരിയുകയും സെൽഫികൾക്ക് പോസ് ചെയ്യുകയും ചെയ്യേണ്ടിവരും.

പല സ്ഥാപനങ്ങളും പത്ത് ദിവസം മുതൽ 20 ദിവസം വരേക്കാണ് കരാർ ഉറപ്പിക്കുന്നത്. അതു വരെ വേഷമിട്ട് നിൽക്കണം എന്ന് മാത്രം. സ്ഥിരമായി വേഷം കെട്ടുന്നവർ പല സ്ഥാപനങ്ങൾക്കും വേണ്ടി മാവേലിയായതോടെ പല ക്ലബുകളും സംഘടനകളും മാവേലിക്കായി നെട്ടോട്ടമോടേണ്ടി വരും.

> രണ്ട് വർഷം മുമ്പ് മാവേലി വേഷം കെട്ടാൻ ആളെ അന്വേഷിച്ച് പത്ര പരസ്യം വരെ കൊടുത്ത കമ്പനികളുണ്ട്. ഒരു പ്രമുഖ പത്രത്തിൽ “മാവേലിയെ ആവശ്യമുണ്ട്” എന്ന പേരിൽ വന്ന പരസ്യം വലിയ ചർച്ചയായിരുന്നു. നല്ല വണ്ണവും, വയറും ഉള്ള മാവേലിയെ തേടി ശമ്പളമടക്കം വാഗ്ദാനം ചെയ്തുള്ള പരസ്യം സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140891/huge-demand-for-mavelis-remuneration-up-to-rs4500-per-day)