---
title: "കേരളത്തില്‍ ദുരന്ത നിവാരണ സാക്ഷരത നടപ്പാക്കും: മന്ത്രി കെ രാജന്‍"
english_title: "Disaster management literacy to be implemented in Kerala: Minister K Rajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14113/disaster-management-literacy-to-be-implemented-in-kerala-minister-k-rajan"
published_at: "2021-12-03T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a97435777c6_images - 2021-12-03T070437.299.jpeg"
keywords: []
---

# കേരളത്തില്‍ ദുരന്ത നിവാരണ സാക്ഷരത നടപ്പാക്കും: മന്ത്രി കെ രാജന്‍

> **Lead Summary:** കണ്ണൂര്‍ : റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, അഗ്‌നിശമന സേന, പൊലീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ വകുപ്പുകളെയും ചേര്‍ത്ത് കൊണ്ട് കേരളത്തില്‍ ദുരന്ത നിവാരണ സാക്ഷരതക്ക് തുടക്കം കുറിക്കുമെന്ന് റവന്യു-ഭവന നിര്‍മ്മാണം വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. കൂടാളി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

കണ്ണൂര്‍ : റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, അഗ്‌നിശമന സേന, പൊലീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ വകുപ്പുകളെയും ചേര്‍ത്ത് കൊണ്ട് കേരളത്തില്‍ ദുരന്ത നിവാരണ സാക്ഷരതക്ക് തുടക്കം കുറിക്കുമെന്ന് റവന്യു-ഭവന നിര്‍മ്മാണം വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. കൂടാളി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ ദുരന്ത നിവാരണത്തിനായി അടിസ്ഥാനപരമായ സാക്ഷരത ഉണ്ടാക്കണം. ഓരോ പ്രദേശത്തും അതിന്റെ ചുറ്റും ഉണ്ടാകാന്‍ പോകുന്ന പ്രകൃതിദുരന്തങ്ങളെക്കുറിച്ച് നേരത്തെ തന്നെ വിവരങ്ങള്‍ ലഭിക്കത്തക്ക വിധത്തില്‍ ജനങ്ങളുടെ ഉത്തരവാദിത്തത്തിലേക്ക് അതിനെ കൊണ്ട് വന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണിത്. കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ തരണം ചെയ്യാന്‍ ഇത് സഹായകമാകും-മന്ത്രി പറഞ്ഞു.

കൂടാളി ഉള്‍പ്പെടെയുള്ള വില്ലേജ് ഓഫീസുകള്‍ ജനോപകാരപ്രദമായിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പൊതുകേന്ദ്രമായി മാറ്റണം.കാഴ്ചയില്‍ സ്മാര്‍ട്ട് ആയത് പോലെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സ്മാര്‍ട്ട് ആയിത്തീരണം. ജോലി ചെയ്യുന്നവരുടെയും അവരെ സമീപിക്കുന്നവരുടെയും മനസ്സ് വിശാലമാകുന്നതിനുള്ള ഇടപെടലായിരിക്കണം റവന്യൂവിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യം വരുംകാലങ്ങളില്‍ റവന്യു വകുപ്പ് ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഭൂപരിഷ്‌കരണ നിയമം 50 വര്‍ഷം പിന്നിടുമ്പോള്‍ സമഗ്രമായ വായനക്ക് വിധേയമാക്കേണ്ട നിരവധി പ്രശ്‌നങ്ങളുണ്ട്. കൈവശഭൂമിക്ക് പട്ടയം നല്‍കുക മാത്രമല്ല ഒരു തുണ്ടു ഭൂമി പോലും ഇല്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടിയാണ് എല്ലാവര്‍ക്കും ഭൂമി എന്നതിലൂടെ പ്രവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ലാന്‍ഡ് ട്രിബ്യൂണലുകള്‍, താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ ശക്തീകരിച്ച് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും അതിവേഗം രേഖകള്‍ ലഭ്യമാക്കുക എന്നതിന് പുറമെ അനര്‍ഹമായി ഭൂമി കൈവശം വെച്ചവരില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് വിതരണം ചെയ്യേണ്ടത് സര്‍ക്കാരിന്റെ കടമ കൂടിയാണ്. കേരളത്തിലെ ജനങ്ങളുടെ ഭൂമി പ്രശ്‌നങ്ങള്‍ ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടു വരാനുള്ള ഡാഷ്‌ബോര്‍ഡ് ജനുവരിയില്‍ പുറത്തിറക്കും. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ് മന്ത്രി കെ രാജന്‍ പറഞ്ഞു.

44 ലക്ഷം രൂപ ചെലവിലാണ് കൂടാളി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിച്ചത്. ഒറ്റ നില കെട്ടിടത്തില്‍ വില്ലേജ് ഓഫീസര്‍, ഓഫീസ് മുറി, പൊതുജനങ്ങള്‍ക്കുള്ള കാത്തിരിപ്പ് മുറി എന്നിങ്ങനെ അഞ്ചു മുറികളും മൂന്ന് ടോയ്‌ലറ്റ്, വരാന്ത എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്.

കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എ ഡി എം കെ കെ ദിവാകരന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം രതീഷ്, കൂടാളി പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഷൈമ, അംഗം പി പി ലക്ഷ്മണന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ ) തലശ്ശേരി ആര്‍ ഡി ഒ ഇന്‍ ചാര്‍ജ് പി വി രഞ്ജിത്ത്, മുന്‍ മന്ത്രി ഇ പി ജയരാജന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം തലശ്ശേരി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജിഷ കുമാരി, വിവിധ സാമൂഹിക-രാഷ്ട്രീയ പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14113/disaster-management-literacy-to-be-implemented-in-kerala-minister-k-rajan)