---
title: "സപ്ലൈകോ; സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി"
english_title: "Supplyco; The mobile Maveli store has started operations in the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14120/supplyco-the-mobile-maveli-store-has-started-operations-in-the-district"
published_at: "2021-12-03T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a97d037e66b_images - 2021-12-03T074210.740.jpeg"
keywords: []
---

# സപ്ലൈകോ; സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി

> **Lead Summary:**  കണ്ണൂര്‍ :വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സപ്ലൈകോ സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ ന്യായ വിലക്ക് സാധനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറിന്റെ ലക്ഷ്യം. ജില്ലയില്‍ നാല് സഞ്ചരിക്കുന്ന സ്‌റ്റോറുകളാണ് ഡിസംബര്‍ രണ്ട് മുതല്‍ ആരംഭിച്ചത്. താലൂക്ക് അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം.

## Article Content

 കണ്ണൂര്‍ :വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സപ്ലൈകോ സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ ന്യായ വിലക്ക് സാധനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറിന്റെ ലക്ഷ്യം. ജില്ലയില്‍ നാല് സഞ്ചരിക്കുന്ന സ്‌റ്റോറുകളാണ് ഡിസംബര്‍ രണ്ട് മുതല്‍ ആരംഭിച്ചത്. താലൂക്ക് അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം.

കണ്ണൂര്‍ താലൂക്കിലെ വണ്ടിയുടെ ഉദ്ഘാടനം കലക്ടറേറ്റ് പരിസരത്ത് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്ത് നിര്‍വഹിച്ചു. പ്രതിസന്ധി നിറഞ്ഞ കാലഘട്ടങ്ങളിലും അല്ലാത്തപ്പോഴും പൊതു വിതരണ സംവിധാനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടെന്നും വിലക്കയറ്റം മൂലം വീര്‍പ്പുമുട്ടുന്ന സമയത്ത് ജനങ്ങള്‍ക്ക് ആശ്വാസമാണ് ഈ സംവിധാനമെന്നും എംഎല്‍എ പറഞ്ഞു.

ജില്ലാ സപ്ലൈ ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) കെ രാജീവന്‍, സപ്ലൈകോ ഡിപ്പോ മാനേജര്‍ മാധവന്‍ പോറ്റി, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പയ്യന്നൂര്‍ താലൂക്കില്‍ ടി ഐ മധുസൂദനന്‍ എം എല്‍ എ വില്‍പനശാല ഫ്‌ളാഗ് ഓഫ് ചെയ്തു. ഡിപ്പോ മാനേജര്‍ പ്രവീണ്‍ ലാല്‍ പങ്കെടുത്തു.

തലശ്ശേരി താലൂക്കില്‍ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരന്‍ മാസ്റ്ററും, ഇരിട്ടിയില്‍ നഗരസഭാ ഉപാധ്യക്ഷന്‍ പി പി ഉസ്മാനും, തളിപ്പറമ്പില്‍ പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബയും ഫ്‌ളാഗ് ഓഫ് ചെയ്തു. സപ്ലൈകോ ജീവനക്കാരായ ടി നന്ദീഷ്, സീന തുടങ്ങിയവര്‍ പങ്കെടുത്തു.

 പ്രത്യേകം അനുവദിച്ച സമയങ്ങളില്‍ ഓരോ പ്രദേശത്തും വണ്ടി എത്തിച്ചേരും. രണ്ടു മണിക്കൂറാണ് ഒരു പ്രദേശത്ത് തങ്ങുക. മാവേലി സ്‌റ്റോറുകളില്‍ സാധാരണ ലഭിക്കുന്ന എല്ലാ സാധനങ്ങളും ലഭ്യമാണ്. സാധനങ്ങള്‍ എടുത്തു നല്‍കുന്നതിനും ബില്ലടിക്കുന്നതിനുമായി രണ്ടു ജീവനക്കാരാണ് ഒരു വണ്ടിയില്‍ ഉണ്ടാവുക. വിലക്കയറ്റ പ്രതിസന്ധി നിലനില്‍ക്കുന്ന കാലം വരെ സ്‌റ്റോര്‍ പ്രവര്‍ത്തിക്കും. ആദ്യ ദിനം കണ്ണൂര്‍ താലൂക്കിലെ ചാലാട്, പള്ളിയാന്മൂല, അലവില്‍, നീര്‍ക്കടവ്, അഴീക്കല്‍ എന്നിവിടങ്ങളിലും തലശ്ശേരി താലൂക്കില്‍ കൈതേരി, കണ്ണവം കോളനി, കാര്യാട്ട്പുറം, പൂക്കോം, ചൊക്ലി എന്നിവിടങ്ങളിലും ഇരിട്ടി താലൂക്കില്‍ ഉളിയില്‍, മാടത്തി, വെളിമാനം, ആറളം, എടത്തൊട്ടി, പയ്യന്നൂര്‍ താലൂക്ക് രാമന്തളി, പാലക്കോട്, ആലക്കാട്, കുഞ്ഞിമംഗലം, ഏഴോം പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലും തളിപ്പറമ്പ് താലൂക്കില്‍ അരിപ്പാമ്പ്ര, ഒടുവള്ളി, കരുവഞ്ചാല്‍, വെള്ളാട് കവല, ചീക്കാട് എന്നിവിടങ്ങളിലും സഞ്ചരിക്കുന്ന മാവേലി സ്‌റ്റോര്‍ എത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14120/supplyco-the-mobile-maveli-store-has-started-operations-in-the-district)