---
title: "ചന്ദ്രയാൻ 3 ന്‍റെ ചരിത്ര നേട്ടത്തിലെ സന്തോഷത്തിൽ പങ്കുചേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ"
english_title: "Pinarayivijayan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141384/pinarayivijayan"
published_at: "2023-08-24T02:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e676d934169_download_(5).jpeg"
keywords: []
---

# ചന്ദ്രയാൻ 3 ന്‍റെ ചരിത്ര നേട്ടത്തിലെ സന്തോഷത്തിൽ പങ്കുചേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം**: ചന്ദ്രയാൻ 3 ന്‍റെ ചരിത്ര നേട്ടത്തിലെ സന്തോഷത്തിൽ പങ്കുചേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചന്ദ്രയാൻ- 3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ, പര്യവേക്ഷണങ്ങൾക്ക് വലിയ ഊർജ്ജം പകരുന്നതാണ് ചന്ദ്രയാൻ- 3 ന്റെ നേട്ടമെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

**തിരുവനന്തപുരം**: ചന്ദ്രയാൻ 3 ന്‍റെ ചരിത്ര നേട്ടത്തിലെ സന്തോഷത്തിൽ പങ്കുചേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചന്ദ്രയാൻ- 3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ, പര്യവേക്ഷണങ്ങൾക്ക് വലിയ ഊർജ്ജം പകരുന്നതാണ് ചന്ദ്രയാൻ- 3 ന്റെ നേട്ടമെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

ഐ എസ് ആർ ഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌ ഉൾപ്പെടെ ഒരുകൂട്ടം മലയാളികളും ഇതിന് പിന്നിലുണ്ടെന്നത് ലോകത്തുള്ള എല്ലാ കേരളീയർക്കും ഏറെ അഭിമാനകരമായ കാര്യമാണെന്നും പിണറായി ഓർമ്മിപ്പിച്ചു. ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഐ എസ് ആർ ഒയ്ക്ക് കഴിയട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. *മുഖ്യമന്ത്രിയുടെ കുറിപ്പ്* ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചന്ദ്രയാൻ - 3 ന്റെ  വിജയകരമായ സോഫ്റ്റ് ലാൻഡിംഗ്. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട ഭ്രമണത്തിന് ശേഷമാണ് ഇന്ന് ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡ് ചെയ്തത്.

ഇതോടെ രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യം അതിന്റെ പ്രധാനപ്പെട്ട ആദ്യ കടമ്പ കടന്നിരിക്കുകയാണ്. 2019 ൽ ചന്ദ്രയാൻ - 2 ദൗത്യത്തിനുണ്ടായ അവസാന ഘട്ട തിരിച്ചടിയിൽ നിന്നുള്ള തിരിച്ചറിവുകൾ ഉപയോഗപ്പെടുത്തിയാണ് ഇന്ന് ചന്ദ്രയാൻ - 3 സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കിയത്. നിശ്ചയിച്ച സ്ഥലത്തേക്ക് ലാൻഡർ മൊഡ്യൂൾ കൃത്യമായ കണക്കുകൂട്ടലുകളിലൂടെ ലാൻഡ് ചെയ്യിപ്പിച്ചു. മുൻ പരീക്ഷണങ്ങളിൽ നിന്നുള്ള അനുഭവങ്ങളും തിരിച്ചറിവുകളും ഉപയോഗപ്പെടുത്തിയാണ് ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ മുന്നേറ്റങ്ങൾ സാധ്യമാവുന്നത്. ചന്ദ്രയാൻ - 3 അതിനൊരു വലിയ ദൃഷ്ടാന്തമാണ്. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ, പര്യവേക്ഷണങ്ങൾക്ക് വലിയ ഊർജ്ജം പകരുന്നതാണ് ചന്ദ്രയാൻ - 3 ന്റെ ഈ നേട്ടം. ഉന്നതമായ ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിന് മാത്രമേ സർവ്വതല സ്പർശിയായ പുരോഗതി സാധ്യമാവുകയുള്ളു.

ഈ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാകട്ടെ ചന്ദ്രയാൻ-3. ഈ നേട്ടത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഐ എസ് ആർ ഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌ ഉൾപ്പെടെ ഒരുകൂട്ടം മലയാളികളും ഇതിന് പിന്നിലുണ്ടെന്നത് ലോകത്തുള്ള എല്ലാ കേരളീയർക്കും ഏറെ അഭിമാനകരമായ കാര്യമാണ്. ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഐ എസ് ആർ ഒയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141384/pinarayivijayan)