---
title: "പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ പൂരക്കളി വെളളിയാഴ്ച അരങ്ങേറ്റം കുറിക്കും"
english_title: "Karivellur Kookanam Govt. UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141471/karivellur-kookanam-govt-up-school"
published_at: "2023-08-24T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e7241cb61cf_Screenshot_2023-08-24-14-56-48-53_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ പൂരക്കളി വെളളിയാഴ്ച അരങ്ങേറ്റം കുറിക്കും

> **Lead Summary:** **കരിവെള്ളൂർ**: വായനയെ ചേർത്തു വെച്ച് ഒരുക്കിയ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ പൂരക്കളി വെളളിയാഴ്ച അരങ്ങേറ്റം കുറിക്കും. കരിവെള്ളൂർ കൂക്കാനം ഗവ. യു പി സ്കൂൾ പ്രധാനാധ്യാപകൻ വി.വി.രവീന്ദ്രൻ എഴുതിയ പൂരക്കളി പാട്ടിനാണ് കൂക്കാനം സ്കൂളിലെ കുരുന്നുകൾ ചുവട് വെക്കുന്നത്.

## Article Content

**കരിവെള്ളൂർ**: വായനയെ ചേർത്തു വെച്ച് ഒരുക്കിയ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ പൂരക്കളി വെളളിയാഴ്ച അരങ്ങേറ്റം കുറിക്കും. കരിവെള്ളൂർ കൂക്കാനം ഗവ. യു പി സ്കൂൾ പ്രധാനാധ്യാപകൻ വി.വി.രവീന്ദ്രൻ എഴുതിയ പൂരക്കളി പാട്ടിനാണ് കൂക്കാനം സ്കൂളിലെ കുരുന്നുകൾ ചുവട് വെക്കുന്നത്.

വായനയുടെ കരുത്തും ഗ്രന്ഥാലയങ്ങളുടെ പ്രാധാന്യവും വിളിച്ചോതുന്ന പാട്ടുകളുമായി പൂരക്കളി ചുവട് വെക്കാൻ ഒരുങ്ങി കൂക്കാനം ഗവൺമെൻ്റ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ.

കേരളത്തിലെ ഗ്രന്ഥാലയങ്ങളുടെ വളർച്ചയും മലയാളികളെ സ്വാധീനിച്ച സാഹിത്യകാരന്മരുടെ എഴുത്തുകളും പൂരക്കളിയുടെ ചടുലതയിൽ പാടി ആടുകയാണ് കുട്ടികൾ.

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അറുത്തു കളഞ്ഞ മലയാളത്തിന്റെ എഴുത്തുകാരേക്കുറിച്ചും ഒപ്പം കുട്ടികൾ പഠിക്കുന്ന ആധുനിക കവിത്രയങ്ങളേയും ചേർത്തു വെച്ചാണ് പാട്ട് ചിട്ടപ്പെടുത്തിയത്.

സ്കൂളിലെ 5, 6, 7 ക്ലാസ്സുകളിൽ പഠിക്കുന്ന 25 കുട്ടികളാണ് പൂരക്കളിയിലൂടെ അരങ്ങിലെത്തുന്നത്. വായനാ പക്ഷാചരണത്തോടനുബന്ധിച്ചു തുടങ്ങിയ പൂരക്കളി മൂന്നു മാസം പിന്നിടുമ്പോഴാണ് പരിശീലനം പൂർത്തിയാക്കിയത്. അഗസ്ത് 25 ന് വെളളിയാഴ്ച വൈകുന്നേരം മൂന്നിന് വിദ്യാലയാങ്കണത്തിൽ ആദ്യ അവതരണം നടക്കും.

പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്യും. മലയാള സാഹിത്യത്തെ ചേർത്തുവെച്ച പൂരക്കളി പാട്ടുകൾ സ്കൂളിലെ പ്രധാനധ്യാപകനും എഴുത്തുകാരനുമായ വി.വി.രവീന്ദ്രനാണ് എഴുതിയത്. പൂരക്കളി പരിശീലകരായ ഒ.വി.ബിജു, പ്രശാന്ത് കരിവെള്ളൂർ എന്നിവരാണ് കുട്ടികളെ പൂരക്കളി പഠിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141471/karivellur-kookanam-govt-up-school)