---
title: "പട്ടണങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല."
english_title: "The traffic jams in the cities do not go away. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142060/the-traffic-jams-in-the-cities-do-not-go-away"
published_at: "2023-08-27T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eae3dd75921_nhgmbklm.jpg"
keywords: []
---

# പട്ടണങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല.

> **Lead Summary:** **പഴയങ്ങാടി : **പിലാത്തറ പീരക്കാംതടം-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് വികസിപ്പിച്ചിട്ടും പഴയങ്ങാടി ഉൾപ്പെടെയുള്ള പട്ടണങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. എരിപുരം മുതൽ പഴയങ്ങാടി പാലംവരെയുള്ള ഭാഗത്താണ് പതിവായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.

## Article Content

**പഴയങ്ങാടി : **പിലാത്തറ പീരക്കാംതടം-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് വികസിപ്പിച്ചിട്ടും പഴയങ്ങാടി ഉൾപ്പെടെയുള്ള പട്ടണങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. എരിപുരം മുതൽ പഴയങ്ങാടി പാലംവരെയുള്ള ഭാഗത്താണ് പതിവായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.

വലിയ ചരക്കുവാഹനങ്ങളും ഗ്യാസ് ടാങ്കറുകളും ഇടതടവില്ലാതെ പോകുന്നതും ഇതുവഴിയാണ്. ഇതുവഴി കടന്നുപോകുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളും ഇതിന്റെ ദുരിതം പേറേണ്ടിവരുന്നു. ദേശീയ പാതയിലെ വലിയ വളവുകളും ദൂരക്കൂടുതലും മാത്രമല്ല പുതിയ റോഡ് നവീകരണത്തിന്റെ ഭാഗമായി മിക്ക വാഹനങ്ങളും കെ.എസ്.ടി.പി. റോഡുവഴിയാണ് പോകുന്നത്.

എരിപുരം മുതൽ പഴയങ്ങാടി ഇറക്കംവരെയുള്ള ഭാഗത്ത് മണിക്കൂറുകളോളം വാഹനങ്ങൾ നിർത്തിയിടുന്നതും പ്രശ്നമാകുന്നു. പേ പാർക്കിങ് സൗകര്യമല്ലാതെ പഴയങ്ങാടിയിൽ വാഹനങ്ങൾ നിർത്തിയിടാൻ മറ്റ് സൗകര്യങ്ങളില്ല. ഇത് സ്വകാര്യ വാഹന ഉടമകൾക്ക് ബുദ്ധിമുട്ടാകുന്നു. ചിലരാകട്ടെ ദൂരെ മാറി പഴയങ്ങാടി-മുട്ടുകണ്ടി തീരദേശ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നു. നിയമം ലംഘിച്ച് വാഹനം നിർത്തിയിട്ടാൽ പോലീസ് പിഴ ഈടാക്കുന്നുണ്ട്. എന്നാൽ അടുത്തകാലത്തായി പോലീസിന്റെ ശ്രദ്ധ ഈ ഭാഗത്ത് കുറഞ്ഞുവരുന്നുണ്ട്.

രേഖയിൽ പഴയങ്ങാടിയിൽ പോലീസ് സ്റ്റേഷനിൽ വനിതകൾ ഉൾപ്പെടെ 42 പേർ ഉണ്ടെങ്കിലും മൂന്നുപേർ മറ്റു പല വിഭാഗങ്ങളിലായി ജോലിചെയ്യുന്നതും രണ്ട് ഒഴിവുകൾ നികത്താത്തതും അവരുടെ സേവനം ഇവിടെ ലഭ്യമാകാത്തതും വലിയ പ്രശ്നമായി നിലനിൽക്കുന്നുണ്ട്. ഹോം ഗാർഡിനെ വെച്ചാണ് കാര്യങ്ങൾ നീക്കുന്നത്. പോലീസ് സ്റ്റേഷനിൽ മതിയായ സേനാംഗങ്ങളുടെ സേവനം ലഭ്യമാക്കാത്തത് ഓണം പോലുള്ള ഉത്സവകാലത്ത് ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് തടസ്സമാകുന്നുണ്ട്.

ആഘോഷവേളകളിലും മറ്റും റിസർവ് വിഭാഗം പോലീസുകാരെ ഇത്തരം ഗതാഗതക്കുരുക്കനുഭവപ്പെടുന്ന മേഖലകളിൽ നിയമിച്ച് പൊതുജനത്തിന് ഗതാഗതക്കുരുക്കിൽപ്പെട്ട് അനുഭവിക്കേണ്ടിവരുന്ന ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നതാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142060/the-traffic-jams-in-the-cities-do-not-go-away)