---
title: "ബസുകളുടെയും ഡ്രൈവര്‍മാരുടെയും കുറവുമൂലം ഓണാവധിക്കാല ഉല്ലാസയാത്രകള്‍ റദ്ദാക്കി. "
english_title: "Onam holiday excursions canceled due to shortage of buses and drivers. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142084/onam-holiday-excursions-canceled-due-to-shortage-of-buses-and-drivers"
published_at: "2023-08-27T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eafb491f90d_jnlhgbjn.jpg"
keywords: []
---

# ബസുകളുടെയും ഡ്രൈവര്‍മാരുടെയും കുറവുമൂലം ഓണാവധിക്കാല ഉല്ലാസയാത്രകള്‍ റദ്ദാക്കി. 

> **Lead Summary:** **ഇരിങ്ങാലക്കുട : **ബസുകളുടെയും ഡ്രൈവര്‍മാരുടെയും കുറവുമൂലം ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിങ് സെന്ററില്‍നിന്ന് നേരത്തേ നിശ്ചയിച്ചിരുന്ന ഓണാവധിക്കാല ഉല്ലാസയാത്രകള്‍ റദ്ദാക്കി. കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി നടത്താന്‍ നിശ്ചയിച്ചിരുന്ന പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശനം, വയനാട്, വാഗമണ്‍, മൂന്നാര്‍ ജംഗിള്‍ സഫാരി എന്നീ യാത്രയും തിരുവോണനാള്‍ മുതല്‍ സൈലന്റ് വാലിയിലേക്ക് നടത്താനിരുന്ന പുതിയ സര്‍വീസുമാണ് റദ്ദാക്കിയത്.

## Article Content

**ഇരിങ്ങാലക്കുട : **ബസുകളുടെയും ഡ്രൈവര്‍മാരുടെയും കുറവുമൂലം ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിങ് സെന്ററില്‍നിന്ന് നേരത്തേ നിശ്ചയിച്ചിരുന്ന ഓണാവധിക്കാല ഉല്ലാസയാത്രകള്‍ റദ്ദാക്കി. കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി നടത്താന്‍ നിശ്ചയിച്ചിരുന്ന പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശനം, വയനാട്, വാഗമണ്‍, മൂന്നാര്‍ ജംഗിള്‍ സഫാരി എന്നീ യാത്രയും തിരുവോണനാള്‍ മുതല്‍ സൈലന്റ് വാലിയിലേക്ക് നടത്താനിരുന്ന പുതിയ സര്‍വീസുമാണ് റദ്ദാക്കിയത്.

മലക്കപ്പാറ, നെല്ലിയാമ്പതി യാത്രകളാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമേ 30-ന് ഗവിയിലേക്കും ഉല്ലാസയാത്ര തീരുമാനിച്ചിട്ടുണ്ട്. സാധാരണ സര്‍വീസുകള്‍ക്കു പുറമേ അധികബാധ്യതയില്ലാതെ ലക്ഷക്കണക്കിന് രൂപയുടെ അധികലാഭമാണ് ഉല്ലാസയാത്രകളിലൂടെ കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിച്ചിരുന്നത്.

വലിയ തോതില്‍ ജനശ്രദ്ധ ആകര്‍ഷിച്ച ഉല്ലാസയാത്ര പദ്ധതിയിലൂടെ കഴിഞ്ഞ ഏപ്രില്‍- മെയ് മാസങ്ങളില്‍ 37 സര്‍വീസുകളില്‍നിന്നായി 12.13 ലക്ഷം രൂപയുടെ അധികവരുമാനം നേടിയിരുന്നു. എന്നാല്‍, വണ്ടികളും ജീവനക്കാരും ഇല്ലാത്തതിനാല്‍ ജൂണ്‍ മാസം പൂര്‍ണമായും സര്‍വീസുണ്ടായില്ല. ജൂലായില്‍ പകുതി സ്ഥലങ്ങളിലേക്കുമാത്രമാണ് സര്‍വീസുകള്‍ നടത്തിയത്. ഒരു വണ്ടിയാണ് ഇത്തവണ നാലമ്പലതീര്‍ഥാടനത്തിന് 30 ദിവസം ഓടിയത്. കഴിഞ്ഞ വര്‍ഷം അവധിദിവസങ്ങളില്‍ ആറ് സര്‍വീസ് വരെ നടത്തിയിരുന്ന സ്ഥാനത്താണിത്. നേരത്തേ 21 സര്‍വീസുകള്‍ വരെ നടത്തിയിരുന്ന ഇരിങ്ങാലക്കുടയില്‍നിന്ന് ഇപ്പോള്‍ ഷിഫ്റ്റ് അടക്കം 15 സര്‍വീസുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. 21 സര്‍വീസിന് 40 ഡ്രൈവര്‍മാരെയാണ് വേണ്ടത്. എന്നാല്‍, 22 പേര്‍ മാത്രമാണുള്ളത്. നിലവില്‍ അഞ്ച് ഡ്രൈവര്‍മാരുടെ കുറവുണ്ട്. ഇതിനുപുറമേ എട്ടുപേര്‍ ജനറല്‍ ട്രാന്‍സ്ഫറിന് പോയതോടെയാണ് ലിസ്റ്റ് 13 ആയി മാറിയത്. 21 സര്‍വീസ് നടത്താന്‍ ഈ 13 പേര്‍ക്കു പുറമേ കൂടുതലായി അഞ്ചുപേരെക്കൂടി ഡ്രൈവര്‍മാരായി വേണം. അഞ്ച് കണ്ടക്ടര്‍മാരുടെ കുറവും ഇവിടെയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142084/onam-holiday-excursions-canceled-due-to-shortage-of-buses-and-drivers)