---
title: "സംസ്ഥാനത്ത് മലയോര മേഖലയില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത"
english_title: "Rain update December 3"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14220/rain-update-december-3"
published_at: "2021-12-03T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9efc5ed0c6_images - 2021-12-03T155148.999.jpeg"
keywords: []
---

# സംസ്ഥാനത്ത് മലയോര മേഖലയില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലയില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലയില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം.

തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. വിശാഖപട്ടണത്തു നിന്ന് 580 km അകലെയും പാരദ്വീപില്‍ നിന്ന് 760 കിലോമീറ്റര്‍ അകലെയും ഗോപാല്‍പൂരില്‍ നിന്ന് 670 km അകലെയുമായി സ്ഥിതി ചെയ്യുന്ന അതി തീവ്ര ന്യുനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്.

ശനിയാഴ്ച രാവിലെയോടെ വടക്കന്‍ ആന്ധ്രാപ്രദേശ്, തെക്കന്‍ ഒഡിഷ തീരത്തെത്തുന്ന ചുഴലിക്കാറ്റ് തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്ക്, വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ആന്ധ്രാപ്രദേശ് ഒഡിഷ തീരത്തിന് സമാന്തരമായി മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വരെ ശക്തിയാര്‍ജിച്ചു സഞ്ചരിച്ചേക്കും. സൗദി അറേബ്യ നിര്‍ദ്ദേശിച്ച 'ജവാദ് ' എന്ന പേരിലാണ് പുതിയ ചുഴലിക്കാറ്റ് അറിയപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14220/rain-update-december-3)