---
title: "ആഡംബര ബൈക്ക് ഷോറൂമില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ യുവാവ്  പിടിയില്‍."
english_title: "A young man who stole a bike from a luxury bike showroom has been arrested. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142355/a-young-man-who-stole-a-bike-from-a-luxury-bike-showroom-has-been-arrested"
published_at: "2023-08-28T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ecdbf7006f9_jklhbjkl.jpg"
keywords: []
---

# ആഡംബര ബൈക്ക് ഷോറൂമില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ യുവാവ്  പിടിയില്‍.

> **Lead Summary:** **വടകര: **കോഴിക്കോട് നടക്കാവിലെ ആഡംബര ബൈക്ക് ഷോറൂമില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ യുവാവ് വടകരയില്‍ പിടിയില്‍. കുരുവട്ടൂര്‍ പറമ്പില്‍ പാറയില്‍ വീട്ടില്‍ കിരണ്‍ചന്ദാണ് അറസ്റ്റിലായത്.

## Article Content

**വടകര: **കോഴിക്കോട് നടക്കാവിലെ ആഡംബര ബൈക്ക് ഷോറൂമില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ യുവാവ് വടകരയില്‍ പിടിയില്‍. കുരുവട്ടൂര്‍ പറമ്പില്‍ പാറയില്‍ വീട്ടില്‍ കിരണ്‍ചന്ദാണ് അറസ്റ്റിലായത്.

മൂരാടിലെ പെട്രോള്‍പമ്പില്‍നിന്ന് എണ്ണയടിച്ച് പണമടയ്ക്കാതെ ജീവനക്കാരനെ മര്‍ദിച്ച് കടന്നുകളഞ്ഞ ഇയാളെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് മോഷ്ടിച്ച ബൈക്കാണെന്ന് മനസ്സിലായത്.

നടക്കാവ് വണ്ടിപ്പേട്ടയിലെ കെ.വി.ആര്‍. ഷോറൂമില്‍ പ്രദര്‍ശനത്തിനുവെച്ച 2,43,000 രൂപയുടെ ബൈക്കാണ് ഇയാള്‍ ചില്ലുതകര്‍ത്ത് മോഷ്ടിച്ചത്. ഈ ബൈക്കുമായി വടകര ഭാഗത്തേക്ക് വരുന്നതിനിടെ ഞായറാഴ്ച രാവിലെ 6.30-ന് മൂരാട് ബ്രദേഴ്സിലെ മാധവം ഫ്യുവല്‍സില്‍ എണ്ണയടിക്കാന്‍ കയറി. എണ്ണയടിച്ചശേഷം പണം ഗൂഗിള്‍പേ വഴി അടയ്ക്കാമെന്നു പറഞ്ഞു.

പണം കിട്ടാതായതോടെ ജീവനക്കാരന്‍ ഇത് ചോദ്യംചെയ്തു. ഇതിനിടെ ഇയാള്‍ ജീവനക്കാരന്റെ മൂക്കിനിടിച്ചു വീഴ്ത്തി. തുടര്‍ന്ന് ബൈക്കുപേക്ഷിച്ച് പുറത്തേക്ക് ഓടുകയും റോഡിലൂടെ പോവുകയായിരുന്ന ലോറിക്കുപിറകില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍, നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബൈക്ക് മോഷണത്തിനും പെട്രോള്‍പമ്പ് ജീവനക്കാരനെ മര്‍ദിച്ചതിനും വടകര പോലീസ് കേസെടുത്തിട്ടുണ്ട്. ബൈക്ക് ഷോറൂമിന്റെ 60,000 രൂപയുടെ വിലവരുന്ന ചില്ലാണ് തകര്‍ത്തത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142355/a-young-man-who-stole-a-bike-from-a-luxury-bike-showroom-has-been-arrested)