---
title: "ഒമിക്രോൺ; ക‍ർശന നടപടികളുമായി കർണാടക;പൊതുസ്ഥലങ്ങളിലും രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമായിരിക്കും ഇനി പ്രവേശനം "
english_title: "Karnataka with drastic measures"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14241/karnataka-with-drastic-measures"
published_at: "2021-12-03T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aa011d69e06_images (7).jpeg"
keywords: []
---

# ഒമിക്രോൺ; ക‍ർശന നടപടികളുമായി കർണാടക;പൊതുസ്ഥലങ്ങളിലും രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമായിരിക്കും ഇനി പ്രവേശനം 

> **Lead Summary:** ബെംഗളൂരു: ഒമിക്രോൺ ഭീഷണിയെ നേരിടാൻ ക‍ർശന നടപടികളുമായി കർണാടക സർക്കാർ. കർണാടകയിലെ എല്ലാ പൊതുസ്ഥലങ്ങളിലും രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമായിരിക്കും ഇനി പ്രവേശനം. ആളുകൾ കൂടിചേരാൻ സാധ്യതയുള്ള എല്ലാ പൊതുയോ​ഗങ്ങളും തത്കാലത്തേക്ക് സർക്കാർ വിലക്കിയിട്ടുണ്ട്. ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികൾക്കും നിയന്ത്രണമേ‍ർപ്പെടുത്തി. 

## Article Content

ബെംഗളൂരു: ഒമിക്രോൺ ഭീഷണിയെ നേരിടാൻ ക‍ർശന നടപടികളുമായി കർണാടക സർക്കാർ. കർണാടകയിലെ എല്ലാ പൊതുസ്ഥലങ്ങളിലും രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമായിരിക്കും ഇനി പ്രവേശനം. ആളുകൾ കൂടിചേരാൻ സാധ്യതയുള്ള എല്ലാ പൊതുയോ​ഗങ്ങളും തത്കാലത്തേക്ക് സർക്കാർ വിലക്കിയിട്ടുണ്ട്. ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികൾക്കും നിയന്ത്രണമേ‍ർപ്പെടുത്തി. 

മാളുകൾ, തീയേറ്ററുകൾ എന്നിവടങ്ങളിലും കർശ നിയന്ത്രണം ഏർപ്പെടുത്തി. കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് വ്യാപക പരിശോധന നടത്താനും ഉദ്യോ​ഗസ്ഥർക്ക് നിർദേശം ലഭിച്ചു. മുൻകരുതൽ നടപടികളുടെ ഭാ​ഗമായി സംസ്ഥാന വ്യാപകമായി പ്രത്യേക കൊവിഡ് സെന്ററുകൾ തുറന്നിട്ടുണ്ട്. കൊവിഡ് പോസീറ്റീവാകുന്ന എല്ലാ സാംപിളുകളും ജനിതക ശ്രേണീകരണത്തിന് അയക്കാനും നിർദേശമുണ്ട്.

ബംഗ്ലൂരു നഗരത്തിലും കർശന നിയന്ത്രണമേർപ്പെടുത്തി. കൊവിഡില്ലാ സർട്ടിഫിക്കറ്റില്ലാത്തവർക്ക് നഗരത്തിലേക്ക് പ്രവേശനമുണ്ടാവില്ല. അതേസമയം ഒമിക്രോൺ സ്ഥിരീകരിക്കും മുൻപ് ദക്ഷിണാഫ്രിക്കയിൽ നിന്നും ബെം​ഗളൂവിൽ എത്തിയ 10 പേരെ കാണാതായെന്ന് ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. നവംബർ 20 ന് ശേഷം എത്തിയ ഇവർക്കായി വ്യാപക അന്വേഷണം തുടരുകയാണെന്നും. ബിസിനസ് ആവശ്യങ്ങളായി ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയവരെയാണ് കാണാതായെന്നാണ് കർ‌ണാടക സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. 

ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടേതടക്കം   പരിശോധന ഫലം വൈകാതെ  പുറത്ത് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. കർണാടകയ്ക്ക് പുറത്ത് ദില്ലിയിലും മുംബൈയിലുമായി ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നും എത്തിയ പതിനഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് രണ്ടാം തരംഗത്തിൽ കേന്ദ്രസർക്കാരിന്  വീഴ്ചയുണ്ടായെന്ന ആരോപണം ആരോഗ്യമന്ത്രി ഇന്ന് ലോക്സഭയിൽ നിഷേധിച്ചു. 

ഒമിക്രോൺ ബാധിതനായി പിന്നീട് നെഗറ്റീവായ ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത് 24 പേർ. അവരുമായി സമ്പർക്കത്തിലേർപ്പെട്ടത് 204 പേർ. നാൽപത്തിയാറുകാരനായ ഡോക്ടറുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത് 13 പേർ. ഇവരുമായി 205 പേർ സമ്പർക്കത്തിലേർപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയത്തിന് കിട്ടിയിരിക്കുന്ന വിവരം.  

ദില്ലി വിമാനത്താവളത്തിലെത്തിയ 6 പേർക്കും മുംബൈയിലത്തിയ 9 പേർക്കും ഇന്ന്  കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രണ്ടിടങ്ങളിലും കൊവിഡ് സ്ഥിരീകരിച്ച സാമ്പിളുകളുടെ ജനിതക  ശ്രേണീകരണ ഫലം കൂടി പുറത്ത് വരാനുണ്ട്.  ഇത്രയും സാമ്പിളുകളുടെ ജനിതക ശ്രേണീകരണം നടക്കുമ്പോൾ നാൽപതോളം സാമ്പിളുകളുടെ ഫലം അടുത്ത ഘട്ടം പുറത്ത് വന്നേക്കുമെന്നാണ് അറിയുന്നത്. മുൻകരുതലുകൾ ശക്തമാക്കിയെന്ന് സർക്കാർ ഇന്ന് ലോക് സഭയിൽ ആവർത്തിച്ചു. സമാന അവകാശവാദം മുൻപ് ഉന്നയിച്ചെങ്കിലും രണ്ടാം തരംഗത്തിൽ  നേരിട്ട ഓക്സിജൻ പ്രതിസന്ധിയടക്കം ചൂണ്ടിക്കാട്ടി വീഴ്ച ആവർത്തിക്കാൻ പാടില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. 

എന്നാൽ ഓക്സിജൻ പ്രതിസന്ധിയെന്ന ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമായിരുന്നുവെന്ന് ആരോഗ്യമന്ത്രി തിരിച്ചടിച്ചു. 19 സംസ്ഥാനങ്ങളോട് വിശദാംശങ്ങൽ തേടിയതിൽ പഞ്ചാബ് മാത്രമാണ് നാല് മരണത്തിൽ സംശയം പ്രകടിപ്പിച്ചതെന്നും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ലോക് സഭയെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14241/karnataka-with-drastic-measures)