---
title: "കടന്നു പോയത് കാലാവസ്ഥാ ചരിത്രത്തിലെ ഏറ്റവും മോശമായ ഓ​ഗസ്റ്റ്; 100 വർഷത്തിനിടെ ഏറ്റവും മഴ കുറഞ്ഞ ഓ​ഗസ്റ്റ്"
english_title: "The worst August in weather history has passed;  August was the least rainy in 100 years"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142895/the-worst-august-in-weather-history-has-passed-august-was-the-least-rainy-in-100-years"
published_at: "2023-09-01T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f148ae4bc46_download_(76).jpeg"
keywords: []
---

# കടന്നു പോയത് കാലാവസ്ഥാ ചരിത്രത്തിലെ ഏറ്റവും മോശമായ ഓ​ഗസ്റ്റ്; 100 വർഷത്തിനിടെ ഏറ്റവും മഴ കുറഞ്ഞ ഓ​ഗസ്റ്റ്

> **Lead Summary:** **ദില്ലി**: ഇത്തവണ കഴിഞ്ഞുപോകുന്നത് 100 വർഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ഓ​ഗസ്റ്റ് മാസം. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റാണ് കടന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാ​ഗം അറിയിച്ചു. സാധാരണ ലഭിക്കുന്നതിനെനേക്കാൾ 30 മുതൽ 33 ശതമാനം കുറഞ്ഞ മഴയാണ് ഓ​ഗസ്റ്റിൽ രാജ്യത്താകമാനം ലഭിച്ചത്. എൽനിനോ പ്രതിഭാസമാണ് ഇത്രയും മഴക്കുറവിന് കാരണം. സെപ്റ്റംബറിൽ ലഭിക്കുന്ന മഴയിലാണ് ഇനി പ്രതീക്ഷ. സെപ്‌തംബർ മൂന്നാംവാരം വരെയാണ്‌ തെക്കുപടിഞ്ഞാറൻ മൺസൂൺ സമയം.

## Article Content

**ദില്ലി**: ഇത്തവണ കഴിഞ്ഞുപോകുന്നത് 100 വർഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ഓ​ഗസ്റ്റ് മാസം. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റാണ് കടന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാ​ഗം അറിയിച്ചു. സാധാരണ ലഭിക്കുന്നതിനെനേക്കാൾ 30 മുതൽ 33 ശതമാനം കുറഞ്ഞ മഴയാണ് ഓ​ഗസ്റ്റിൽ രാജ്യത്താകമാനം ലഭിച്ചത്. എൽനിനോ പ്രതിഭാസമാണ് ഇത്രയും മഴക്കുറവിന് കാരണം. സെപ്റ്റംബറിൽ ലഭിക്കുന്ന മഴയിലാണ് ഇനി പ്രതീക്ഷ. സെപ്‌തംബർ മൂന്നാംവാരം വരെയാണ്‌ തെക്കുപടിഞ്ഞാറൻ മൺസൂൺ സമയം.

സെപ്റ്റംബറിൽ പ്രതീക്ഷിത മഴ ലഭിച്ചാൽ തന്നെ നിലവിലെ കുറവ്‌ പരിഹരിക്കാൻ കഴിയില്ലെന്നാണ് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നത്. സെപ്റ്റംബറിൽ  94-96 ശതമാനം മഴയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌ തലവൻ മൃത്യുഞ്‌ജയ്‌ മൊഹാപാത്ര അറിയിച്ചു.

2005 വർഷത്തിലാണ് സമീപകാലത്ത് ഇത്രയും കുറഞ്ഞ മഴ ലഭിച്ച ഓ​ഗസ്റ്റ് കടന്നുപോയത്. അന്ന് 25 ശതമാനമായിരുന്നു മഴക്കുറവ്. 1965ൽ 24.6, 1920ൽ 24.4, 2009ൽ 24.1, 1913ൽ 24 ശതമാനം എന്നിങ്ങനെയാണ്‌ ഇതിനു മുമ്പ് ഓ​ഗസ്റ്റിലുണ്ടായ മഴക്കുറവ്‌. കേരളത്തിലും വലിയ രീതിയിലുള്ള മഴക്കുറവ് രേഖപ്പെടുത്തി.

സംസ്ഥാനത്തെ 14 ജില്ലകളിലും വലിയ അളവിലാണ് ഓ​ഗസ്റ്റിൽ മഴക്കുറവ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ സാധാരണ നിലയിലുള്ള മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വരൾച്ചയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, ഇന്ത്യൻ മഹാസമുദ്രത്തിൽ മഴക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ടാകാമെന്നാണ് നി​ഗമനം. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ ( IOD-ഐഒഡി ) പ്രതിഭാസം അനുകൂലമാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായിലേറെയായി ഐഒഡി സൂചികയിൽ അനുകൂലമായ മാറ്റമുണ്ടാകുന്നു.

ഐഒഡി സൂചിക +0.34 ഡിഗ്രി സെൽഷ്യസിൽ നിന്ന് +0.79 ഡിഗ്രി സെൽഷ്യസായി ഉയരുകയും പോസിറ്റീവ് ഐഒഡി പരിധിയായ +0.4 ഡിഗ്രി സെൽഷ്യസിനേക്കാൾ കൂടുതലാകുകയും ചെയ്തു. ഇതേ രീതിയിൽ തുടർച്ചയായി നാല് ആഴ്ചക്ക് മുകളിൽ നിന്നാൽ പോസിറ്റീവ് ഐഒഡി സ്ഥിരീകരിക്കും. ഐഒഡി പോസിറ്റീവിനനുസരിച്ച് അന്തരീക്ഷവും പ്രതികരിച്ചാൽ കേരളത്തിലും ചെറിയ തോതിൽ മഴക്ക് അനുകൂലമാകാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142895/the-worst-august-in-weather-history-has-passed-august-was-the-least-rainy-in-100-years)