---
title: "രാപ്പകല്‍ ഭേദമന്യേ കടുവ വിലസുന്ന പനവല്ലിയില്‍ വനപാലകര്‍ കൂട് സ്ഥാപിച്ചു. "
english_title: "The forest guards have set up a nest at Panavalli, where tigers visit day and night. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143136/the-forest-guards-have-set-up-a-nest-at-panavalli-where-tigers-visit-day-and-night"
published_at: "2023-09-02T06:30:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f289510567f_dsfghfjgkjlk.jpg"
keywords: []
---

# രാപ്പകല്‍ ഭേദമന്യേ കടുവ വിലസുന്ന പനവല്ലിയില്‍ വനപാലകര്‍ കൂട് സ്ഥാപിച്ചു. 

> **Lead Summary:** **കാട്ടിക്കുളം:** രാപ്പകല്‍ ഭേദമന്യേ കടുവ വിലസുന്ന പനവല്ലിയില്‍ വനപാലകര്‍ കൂട് സ്ഥാപിച്ചു. മൂന്നാഴ്ചയോളമായി നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന കടുവയെപ്പിടിക്കാന്‍ കൂട് സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമായതോടെയാണ് കൂട് സ്ഥാപിച്ചത്. കൂടുവെക്കണമെന്ന ആവശ്യവുമായി ഇന്നലെ രാത്രി വനപാലകരെ പ്രദേശവാസികള്‍ തടഞ്ഞുവെച്ചിരുന്നു. പനവല്ലി- സര്‍വാണി റോഡരികിലെ കാപ്പിത്തോട്ടത്തിലാണ് ഇന്ന് വൈകീട്ട് മൂന്നോടെ കൂട് സ്ഥാപിച്ചത്. ആടിനെയാണ് ഇരയായി കൂട്ടിലിട്ടിട്ടുള്ളത്. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ കെ.ജെ. മാര്‍ട്ടിന്‍ ലോവല്‍, ബേഗൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. രാകേഷ്, മാനന്തവാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രമ്യ രാഘവന്‍, പേര്യ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ആഷിഫ്, പേര്യ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ട്രെയ്നി) ആര്‍. സനൂപ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്. മൂന്ന് മാസം മുമ്പ് സമാന രീതിയില്‍ ഭീഷണി പരത്തിയ കടുവയെ ജൂണ്‍ 23 ന് ഇവിടെ കൂട് സ്ഥാപിച്ച് പിടികൂടിയിരുന്നു.

## Article Content

**കാട്ടിക്കുളം:** രാപ്പകല്‍ ഭേദമന്യേ കടുവ വിലസുന്ന പനവല്ലിയില്‍ വനപാലകര്‍ കൂട് സ്ഥാപിച്ചു. മൂന്നാഴ്ചയോളമായി നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന കടുവയെപ്പിടിക്കാന്‍ കൂട് സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമായതോടെയാണ് കൂട് സ്ഥാപിച്ചത്. കൂടുവെക്കണമെന്ന ആവശ്യവുമായി ഇന്നലെ രാത്രി വനപാലകരെ പ്രദേശവാസികള്‍ തടഞ്ഞുവെച്ചിരുന്നു. പനവല്ലി- സര്‍വാണി റോഡരികിലെ കാപ്പിത്തോട്ടത്തിലാണ് ഇന്ന് വൈകീട്ട് മൂന്നോടെ കൂട് സ്ഥാപിച്ചത്. ആടിനെയാണ് ഇരയായി കൂട്ടിലിട്ടിട്ടുള്ളത്. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ കെ.ജെ. മാര്‍ട്ടിന്‍ ലോവല്‍, ബേഗൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. രാകേഷ്, മാനന്തവാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രമ്യ രാഘവന്‍, പേര്യ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ആഷിഫ്, പേര്യ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ട്രെയ്നി) ആര്‍. സനൂപ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്. മൂന്ന് മാസം മുമ്പ് സമാന രീതിയില്‍ ഭീഷണി പരത്തിയ കടുവയെ ജൂണ്‍ 23 ന് ഇവിടെ കൂട് സ്ഥാപിച്ച് പിടികൂടിയിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് കടുവ പനവല്ലിയിലെ ആള്‍ക്കാരുടെ ഉറക്കം കെടുത്തിയിരുന്നു. പ്രദേശത്തെ മൂന്നു വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ കഴിഞ്ഞ ജൂണ്‍ 23-ന് കൂടുവെച്ച് പിടിച്ചിരുന്നു. രാത്രി ഒന്‍പതോടെ കൂട്ടിലകപ്പെട്ട കടുവയെ പുലര്‍ച്ചെയോടെ ഉള്‍വനത്തില്‍ തുറന്നു വിട്ടതായാണ് വനപാലകര്‍ അറിയിച്ചത്. ആദണ്ടയിലെ കാപ്പിത്തോട്ടത്തില് സ്ഥാപിച്ച കൂട്ടിലാണ് അന്ന് കടുവ വീണത്. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ മുന്നേ സാന്നിധ്യമുണ്ടായിരുന്ന എന്‍.ഡബ്‌ള്യു അഞ്ച് എന്ന് പേരിട്ട കടുവയാണ് കൂട്ടിലകപ്പെട്ടതെന്ന് വനപാലകര്‍ സ്ഥിരീകരിച്ചിരുന്നു. പിടികൂടിയ കടുവയെ സമീപത്ത് തന്നെയാണ് തുറന്നു വിട്ടതെന്ന ആരോപണവുമുണ്ടായിരുന്നു. അടുത്തിടെ വീണ്ടും പനവല്ലിയിലും സമീപ പ്രദേശങ്ങളിലും കടുവയെ കണ്ടതാണ് പ്രദേശവാസികളെ ആശങ്കയിലാക്കിയത്. എന്നാല്‍ അന്ന് പിടികൂടി വനത്തില്‍ വിട്ട കടുവയാണ് വീണ്ടും എത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ബുധനാഴ്ചയും വ്യാഴാഴ്ചയും പ്രദേശവാസികള്‍ വിവിധയിടങ്ങളില്‍ കടുവയെക്കണ്ടു. തിരുവോണ ദിനത്തില്‍ കോമത്ത് വീട്ടില്‍ ഹരിദാസന്റെ വീട്ടുപരിസരത്താണ് കടുവയുടെ സാന്നിധ്യമുണ്ടായത്. ബുധനാഴ്ച വൈകീട്ട് രണ്ടിടത്താണ് കടുവയെക്കണ്ടത്.  വൈകീട്ട് ഏഴിന് പി.എന്‍.വി. സ്മാരക വായനശാലയിലേക്ക് പോകുന്ന വഴിയിലാണ് കടുവയെക്കണ്ടത്. 7.20-ന് കോളിച്ചുവട് കുന്നിന്‍മുകളിലും കടുവവയെത്തി. കോളിച്ചുവടിലെ സജിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മറിച്ചിട്ടാണ് കടുവ പോയത്. ഇവിടെ കടുവയുടെ കണ്ടപ്പോള്‍ വനപാലകരും ഒപ്പമുണ്ടായിരുന്നു.

വ്യാഴാഴ്ച രാത്രി 8.30-ന് സര്‍വാണി കവലയിലും കടുവയെത്തി. രാത്രി 12.30-ന് സര്‍വാണി റോഡരികിലും പ്രദേശവാസികള്‍ കടുവയെക്കണ്ടു. നിരന്തരം കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും കൂടുവെക്കാത്ത വനപലാകരുടെ നടപടിയില്‍ പ്രതിഷേധവുമായി പ്രദേശവാസികളെത്തി. പ്രദേശത്ത് നിരീക്ഷണത്തിനെത്തിയ വാച്ചര്‍മാരെ പ്രദേശവാസികള്‍ തടഞ്ഞുവെച്ചു. ഇതറിഞ്ഞ് ബേഗൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. രാകേഷിന്റെ നേതൃത്വത്തില്‍ വനപാലകര്‍ എത്തി പ്രദേശവാസികളോട് സംസാരിച്ചിരുന്നു. കൂട്വെക്കും എന്ന വനപാലകരുടെ ഉറപ്പിനൊടുവിലാണ് പ്രതിഷേധവുമായെത്തിയവര്‍ പിരിഞ്ഞു പോയത്. വ്യാഴാഴ്ച കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലത്തിനു സമീപത്താണ് കൂട് സ്ഥാപിച്ചിട്ടുള്ളത്.

ആദണ്ടയില്‍ നിന്ന് കടുവയെപ്പിടിച്ച ശേഷം ഓഗസ്റ്റ് 11-നാണ് പനവല്ലിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പനവല്ലി സ്‌കൂളിനു സമീപത്തെ തെങ്ങുംമൂട്ടില്‍ സന്തോഷിന്റെ എട്ടുമാസം പ്രായമായ പശുക്കിടാവിനെയാണ് കടുവ കൊന്നത്. പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. സന്തോഷ് ആലയില്‍ മറ്റു പശുക്കള്‍ക്കൊപ്പമുണ്ടായിരുന്നു. ഇദ്ദേഹം ബഹളം വെച്ചതിനെ തുടര്‍ന്നാണ് കടുവ ഓടി മറഞ്ഞത്. ഇവിടെ സ്ഥാപിച്ച ക്യാമറയിലും കടുവയുടെ ചിത്രം വ്യക്തമായി പതിഞ്ഞിരുന്നു.

 

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143136/the-forest-guards-have-set-up-a-nest-at-panavalli-where-tigers-visit-day-and-night)