---
title: "ഇന്ന് ഇന്ത്യന്‍ നാവികസേന ദിനം"
english_title: "Today is Indian Navy Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14317/today-is-indian-navy-day"
published_at: "2021-12-04T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aae673c62f1_images - 2021-12-04T092416.268.jpeg"
keywords: []
---

# ഇന്ന് ഇന്ത്യന്‍ നാവികസേന ദിനം

> **Lead Summary:** ന്യൂഡൽഹി : ഇന്ന് ഇന്ത്യന്‍ നാവികസേന ദിനം. 1971-ല്‍ പാകിസ്ഥാന് മേല്‍ ഇന്ത്യ നേടിയ ഉജ്ജ്വല വിജയത്തിന്റെ വാര്‍ഷികദിനമാണ് നാവികസേന ദിനമായി ആചരിക്കുന്നത്.50-ാം വാര്‍ഷികദിനത്തില്‍ വിവിധ നാവികസേന ആസ്ഥാനങ്ങളില്‍ ചടങ്ങുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

## Article Content

ന്യൂഡൽഹി : ഇന്ന് ഇന്ത്യന്‍ നാവികസേന ദിനം. 1971-ല്‍ പാകിസ്ഥാന് മേല്‍ ഇന്ത്യ നേടിയ ഉജ്ജ്വല വിജയത്തിന്റെ വാര്‍ഷികദിനമാണ് നാവികസേന ദിനമായി ആചരിക്കുന്നത്.50-ാം വാര്‍ഷികദിനത്തില്‍ വിവിധ നാവികസേന ആസ്ഥാനങ്ങളില്‍ ചടങ്ങുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

നാവിക സേന ദിനത്തിന്റെ 50 വാര്‍ഷിക നിറവിലാണ് രാജ്യം. വാര്‍ഷിക ദിനം സ്വര്‍ണിം വിജയ് വര്‍ഷ് ആയാണ് ആഘോഷിക്കുന്നത്. 1971-ല്‍ പാകിസ്ഥാന് മേല്‍ ഇന്ത്യ നേടിയ വിജയത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ദിനമാണ് നാവികസേനാ ദിനമായി കൊണ്ടാടുന്നത്.

നാവികസേനയുടെ പ്രാധാന്യത്തെക്കുറിച്ചും വിജയത്തെക്കുറിച്ചും കുട്ടികളെയും രാജ്യത്തെ പൗരന്മാരെയും ബോധവത്കരിക്കുന്നതിനാണ് ഈ ദിനാചരണം നടത്തുന്നത്. 1971 ഡിസംബര്‍ മൂന്നിന് 11 ഇന്ത്യന്‍ വ്യോമകേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ യുദ്ധം ആരംഭിച്ചു.

തൊട്ടടുത്ത ദിവസം ഇന്ത്യന്‍ നാവിക സേന നല്‍കിയ മറുപടി ആയിരുന്നു ഓപ്പറേഷന്‍ ട്രിഡന്റ്. INS നിപഥ്, INS നിര്‍ഗഢ്, INS വീര്‍ തുടങ്ങി മൂന്ന് മിസൈല്‍ ബോട്ടുകള്‍ ഇന്ത്യന്‍ തിരിച്ചടിക്ക് നേതൃത്വം നല്‍കി. ഐ.എന്‍.എസ്. നിര്‍ഗട്ടില്‍ നിന്നുള്ള ആദ്യ മിസൈല്‍ പാക് നാവിക സേനയുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പല്‍ പി.എന്‍.എസ്. ഖൈബറിനെ ചരിത്രമാക്കി.

പാകിസ്ഥാന്റെ ഒരു യുദ്ധക്കപ്പലും വെടിക്കോപ്പുകള്‍ നിറച്ചിരുന്ന ഒരു ചരക്കു കപ്പലും പൂര്‍ണമായും തകര്‍ന്നു. പി.എന്‍.എസ്. ഷാജഹാന്‍ എന്ന യുദ്ധക്കപ്പലിന് വന്‍നാശനഷ്ടം സംഭവിച്ചു. കറാച്ചി തുറമുഖത്തെ ഇന്ധന ടാങ്കറുകള്‍ പൂര്‍ണമായും കത്തിനശിച്ചു. അപ്രതീക്ഷിത ആക്രമണത്തില്‍ 700-ല്‍ അധികം പാക് സൈനികര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയം പൂര്‍ത്തിയാക്കിയ ശേഷമാണ് സേനവിഭാഗങ്ങള്‍ തിരികെ എത്തിയത്. അന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മ്മകള്‍ പുതുക്കുക കൂടിയാണ് നാവിക സേന ദിനം. കമാന്‍ഡര്‍-ഇന്‍-ചീഫ് എന്ന നിലയില്‍ ഇന്ത്യന്‍ രാഷ്ട്രപതി നയിക്കുന്ന ഇന്ത്യന്‍ സായുധ സേനയുടെ ശാഖ കൂടിയാണ് ഇന്ത്യന്‍ നേവി.

അഡ്മിറല്‍ പദവി വഹിക്കുന്നനാവിക സേനാ മേധാവി ആണ് നാവിക സേനയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്. മലയാളി ആയ അഡ്മിറല്‍ R ഹരികുമാര്‍ ആണ് ഇപ്പൊ സേനയുടെ അധിപന്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14317/today-is-indian-navy-day)