---
title: "വന്യമൃഗ ശല്യത്തിനെതിരെ കാഞ്ഞിരക്കൊല്ലിയിൽ കിഫയുടെ നേതൃത്വത്തിൽ പൊതുയോഗം"
english_title: "Kifa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143314/kifa"
published_at: "2023-09-02T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f32aa704d47_IMG-20230902-WA0035.jpg"
keywords: []
---

# വന്യമൃഗ ശല്യത്തിനെതിരെ കാഞ്ഞിരക്കൊല്ലിയിൽ കിഫയുടെ നേതൃത്വത്തിൽ പൊതുയോഗം

> **Lead Summary:** **കാഞ്ഞിരകൊല്ലി** : പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലിയിലെ രൂക്ഷമായ വന്യമൃഗശല്യത്തെ മുൻനിർത്തി സ്വതന്ത്ര കർഷക സംഘടനയായ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ഇന്ന് ഉച്ചകഴിഞ്ഞ് കാഞ്ഞിരക്കൊല്ലി യു പി സ്കൂളിൽ വച്ച് പൊതുയോഗവും കിഫയുടെ പയ്യാവൂർ പഞ്ചായത്ത് കമ്മിറ്റി രൂപീകരണവും നടത്തി.

## Article Content

**കാഞ്ഞിരകൊല്ലി** : പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലിയിലെ രൂക്ഷമായ വന്യമൃഗശല്യത്തെ മുൻനിർത്തി സ്വതന്ത്ര കർഷക സംഘടനയായ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ഇന്ന് ഉച്ചകഴിഞ്ഞ് കാഞ്ഞിരക്കൊല്ലി യു പി സ്കൂളിൽ വച്ച് പൊതുയോഗവും കിഫയുടെ പയ്യാവൂർ പഞ്ചായത്ത് കമ്മിറ്റി രൂപീകരണവും നടത്തി.

കിഫയുടെ ചെയർമാൻ അലക്സ് ഒഴുകയിൽ, കണ്ണൂർ ജില്ലയിലെ കിഫയുടെ പ്രതിനിധികൾ, കാഞ്ഞിരക്കൊല്ലി പാടാൻകവല ഇടവക വികാരിമാർ തുടങ്ങിയവർ നേതൃത്വം വഹിച്ചു. രാഷ്ട്രീയ, മത ഭേദമന്യേ പയ്യാവൂരിലെ പ്രത്യേകിച്ച് കാഞ്ഞിരക്കൊല്ലിയിലെ എല്ലാ വിഭാഗം ആളുകളുടെയും സാന്നിധ്യം യോഗത്തിൽ ഉണ്ടായിരുന്നു. ജനങ്ങളുടെ സഹകരണവും അതുവഴി ഒരു കൂട്ടായ്മയും രൂപപ്പെടുത്തി എടുക്കാൻ സാധിച്ചെങ്കിൽ മാത്രമേ അവഗണനകൾ പരിഗണനയിലേക്ക് വഴിമാറൂ എന്ന് കിഫയുടെ ചെയർമാൻ ശ്രീ അലക്സ് ഒഴുകയിൽ പറഞ്ഞു. കർഷകരുടെ വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഒരു സ്വതന്ത്ര കർഷക സംഘടനയാണ് കിഫ എന്ന് യോഗത്തിൽ പങ്കെടുത്ത ഇടവക വികാരിമാർ പറഞ്ഞു. പെറ്റു പെരുകുന്ന വന്യമൃഗങ്ങൾക്ക് മുമ്പിൽ ജീവനും സ്വത്തും ബലി കൊടുക്കപ്പെടേണ്ടവരല്ല പയ്യാവൂരിലെ ജനങ്ങൾ എന്ന് മനസ്സിലാക്കി ഇതിനെതിരെ സംയുക്തമായി ശബ്ദമുയർത്തണമെന്ന് പൊതുവായ അഭിപ്രായമുയർന്നു.

യോഗത്തിൽ കാട്ടാന ശല്യം പരിഹരിക്കാൻ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരങ്ങൾ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ ജില്ലാ കലക്ടർക്ക് എല്ലാവരും വ്യക്തിപരമായി പരാതികൾ കൊടുക്കാൻ തീരുമാനിച്ച് അപേക്ഷകൾ തയ്യാറാക്കി. കിഫയുടെ പയ്യാവൂർ പഞ്ചായത്ത് കമ്മിറ്റിയെ യോഗത്തിൽ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143314/kifa)