---
title: "തേക്കടിയില്‍ സഞ്ചാരികളുടെ വന്‍ തിരക്ക്"
english_title: "Huge rush of tourists in Thekkady "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143343/huge-rush-of-tourists-in-thekkady"
published_at: "2023-09-02T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f349a94a539_gvnhjbknl.jpg"
keywords: []
---

# തേക്കടിയില്‍ സഞ്ചാരികളുടെ വന്‍ തിരക്ക്

> **Lead Summary:** ഓണാഘോഷങ്ങളുടെ ഭാഗമായി തേക്കടിയില്‍ സഞ്ചാരികളുടെ വന്‍ തിരക്ക്. കഴിഞ്ഞ ആറുദിവസവും ബോട്ട് സര്‍വീസുകളിലും ഇക്കോ ടൂറിസം പരിപാടികളിലും നല്ല തിരക്കായിരുന്നു.

## Article Content

ഓണാഘോഷങ്ങളുടെ ഭാഗമായി തേക്കടിയില്‍ സഞ്ചാരികളുടെ വന്‍ തിരക്ക്. കഴിഞ്ഞ ആറുദിവസവും ബോട്ട് സര്‍വീസുകളിലും ഇക്കോ ടൂറിസം പരിപാടികളിലും നല്ല തിരക്കായിരുന്നു.

മൂന്ന് ദിവസങ്ങളിലായി ആറായിരത്തിലധികം സഞ്ചാരികളാണ് തേക്കടിയിലെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ വലിയ വര്‍ധനവാണ് ഇത്തവണ സഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം നാലായിരത്തിലധികം പേരാണ് തിരുവോണത്തിനോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ തേക്കടിയില്‍ എത്തിയത്.

ജനുവരി മുതല്‍ ഏപ്രില്‍ വരെ നീണ്ടുനില്‍ക്കുന്ന സീസണില്‍ ഇതര സംസ്ഥാനത്ത് നിന്നുള്ള സഞ്ചാരികളാണ് കൂടുതലായി എത്തുന്നത്. പ്രതിദിനം ആറായിരത്തോളം പേര്‍ എത്താറുണ്ട്. ഓണത്തിന് കൂടുതലും എത്തുന്നത് കേരളത്തില്‍ നിന്നുള്ളവരാണ്. ഓണഘോഷത്തിന്റെ ഭാഗമായി ഒരാഴ്ചക്കിടയില്‍ എത്തിയവരില്‍ 80 ശതമാനത്തിലധികവും മലയാളികളാണ്. 20 ശതമാനത്തോളം പേര്‍ തമിഴ്‌നാട്ടില്‍നിന്നും മറ്റ് സംസ്ഥാനത്ത് നിന്നും ഉള്ളവരാണ്.

വനംവകുപ്പിന്റെയും ടി.ഡി.പി.സി.യുടെതുമായി അഞ്ച് സര്‍വീസുകളിലായി രണ്ടായിരത്തോളം പേരാണ് പ്രതിദിനം ബോട്ടിങ് നടത്തുന്നത്. എല്ലാ ബോട്ട് സര്‍വീസുകളും നിറഞ്ഞായിരുന്നു യാത്ര. ബോട്ടിങ്ങിന് ടിക്കറ്റ് കിട്ടാതെ മടങ്ങുന്നവരും നിരവധിയാണ്. സെപ്തംബര്‍ മൂന്നുവരെ ഇതേ രീതിയിലുള്ള തിരക്ക് ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. ബോട്ടിങ്ങിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ ഇതിനോടകം ഭൂരിഭാഗവും പൂര്‍ത്തിയായി.

പെരിയാര്‍ കടുവ സങ്കേതത്തിലെ ഇക്കോ ടൂറിസം പരിപാടികള്‍ക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കാണ്. നേച്ചര്‍ വാക്ക്, ഗ്രീന്‍ വാക്ക്, പെരിയാര്‍ ടൈഗര്‍ ട്രയല്‍ തുടങ്ങിയ ട്രക്കിങ്ങ് തുടങ്ങിയവയ്ക്ക് കഴിഞ്ഞ നാലുദിവസമായി നിരവധിപേരാണ് എത്തിയത്. കൂടാതെ ബാബു ഗ്രോവ്, ഇടപ്പാളയം വാച്ച് ടവര്‍ എന്നിവിടങ്ങളില്‍ താമസത്തിനടക്കം സഞ്ചാരികള്‍ എത്തുന്നുണ്ട്.

വിനോദ സഞ്ചാരികളുടെ വരവ് ക്രമേണ വര്‍ധിച്ചു വന്നതോടെ തേക്കടിയിലെ റിസോര്‍ട്ടുകളും ഹോം സ്റ്റേയും ആകര്‍ഷകമായ നിരക്കുകള്‍ തയ്യാറാക്കി കഴിഞ്ഞു. ഉത്സവ കാലത്തില്‍ നിരക്ക് കുറച്ചാണ് സഞ്ചാരികള്‍ക്ക് താമസ സൗകര്യമുള്‍പ്പടെ ഒരുക്കുന്നത്. എന്നാല്‍, കേരളത്തില്‍ നിന്നുള്ളവരാണ് കൂടുതലായും ഈ സമയത്ത് ഇവിടേക്ക് എത്തുന്നത് അതിനാല്‍ മിക്കവരും താമസിക്കാന്‍ നില്‍ക്കാതെ തേക്കടിയില്‍ വന്ന് പോകുകയാണ് ചെയ്യുന്നതെന്ന് ഹോട്ടലുടമകള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143343/huge-rush-of-tourists-in-thekkady)