---
title: "21-ാം വർഷവും പോലീസിന് മുമ്പിലെത്തി രാമകൃഷ്ണൻ"
english_title: "Ramakrishnan appeared before the police for the 21st year "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143422/ramakrishnan-appeared-before-the-police-for-the-21st-year"
published_at: "2023-09-03T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4071f989c6_sdfsgsff.jpg"
keywords: []
---

# 21-ാം വർഷവും പോലീസിന് മുമ്പിലെത്തി രാമകൃഷ്ണൻ

> **Lead Summary:** **തളിപ്പറമ്പ്: **2002-ൽ വീട് കുത്തിത്തുറന്ന്‌ 45 പവൻ ആഭരണങ്ങളുമായി മോഷ്ടാവ് കടന്നുകളഞ്ഞ കേസിൽ തുമ്പുണ്ടായോ എന്നറിയാൻ കൂവോട്ടെ വള്ളിയോട്ട് രാമകൃഷ്ണൻ 21-ാം വർഷവും പോലീസിനു മുന്നിലെത്തി. 2002 സെപ്റ്റംബർ ഒന്നിന് രാത്രിയായിരുന്നു വീട്ടിൽ കള്ളനെത്തിയത്.

## Article Content

**തളിപ്പറമ്പ്: **2002-ൽ വീട് കുത്തിത്തുറന്ന്‌ 45 പവൻ ആഭരണങ്ങളുമായി മോഷ്ടാവ് കടന്നുകളഞ്ഞ കേസിൽ തുമ്പുണ്ടായോ എന്നറിയാൻ കൂവോട്ടെ വള്ളിയോട്ട് രാമകൃഷ്ണൻ 21-ാം വർഷവും പോലീസിനു മുന്നിലെത്തി. 2002 സെപ്റ്റംബർ ഒന്നിന് രാത്രിയായിരുന്നു വീട്ടിൽ കള്ളനെത്തിയത്.

നാവികസേനയിൽ 17 വർഷവും പിന്നീട് വിദേശത്തും ജോലിചെയ്തുണ്ടാക്കിയ സമ്പാദ്യമല്ലാം മോഷണം പോയി. രാമകൃഷ്ണനും കുടുംബവും ബെംഗളൂരുവിൽ യാത്രപോയ ദിവസമായിരുന്നു മോഷ്ടാവെത്തിയത്. സാമ്പത്തികനഷ്ടത്തിൽ തളർന്നുപോയ രാമകൃഷ്ണനെ പലരും ചേർന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

പോലീസെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. സ്വരുക്കൂട്ടിയതെല്ലാം തകർന്ന ദുഃഖത്തിനിടെ മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകി. എന്നിട്ടും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. മോഷണമുതലിനായി രാമകൃഷ്ണൻ ഇപ്പോഴും കാത്തിരിക്കുകയാണ്. എല്ലാവർഷവും സെപ്റ്റംബർ രണ്ടിന് പോലീസിനു മുന്നിലെത്തും.

കേസ് സംബന്ധിച്ച പരാതികൾ നൽകും. ഇത്തവണയും അതാവർത്തിച്ചു. ശനിയാഴ്ച രാവിലെ തളിപ്പറമ്പ് ഡിവൈ.എസ്.പി. എം.പി.വിനോദിനാണ് പരാതി നൽകിയത്.

തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ ക്രൈംനമ്പർ 592/2002 കേസിൽ ഇതുവരെ ഒരുതുമ്പും ഉണ്ടായില്ലെന്നും വേണ്ടത് ചെയ്തുതരാൻ അപേക്ഷിക്കുന്നുവെന്നും പറഞ്ഞ് പതിവ് മടക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143422/ramakrishnan-appeared-before-the-police-for-the-21st-year)