---
title: "മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കെ.എസ്.ആര്‍.ടി.സി.യുടെ തകര്‍പ്പന്‍ സൈറ്റ്‌സീയിങ് ട്രിപ്പുകള്‍ ആസ്വദിച്ച് മടങ്ങാം."
english_title: "Tourists arriving in Munnar can enjoy the breathtaking sightseeing trips of KSRTC and return. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143430/tourists-arriving-in-munnar-can-enjoy-the-breathtaking-sightseeing-trips-of-ksrtc-and-return"
published_at: "2023-09-03T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f40e867dd93_hgbjkjkjkmmkm.jpg"
keywords: []
---

# മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കെ.എസ്.ആര്‍.ടി.സി.യുടെ തകര്‍പ്പന്‍ സൈറ്റ്‌സീയിങ് ട്രിപ്പുകള്‍ ആസ്വദിച്ച് മടങ്ങാം.

> **Lead Summary:** മഞ്ഞുപെയ്യുന്ന മലയിടുക്കുകളുടെയും തേയിലക്കാടുകളുടെയും ദൃശ്യഭംഗി ആസ്വദിക്കാന്‍ മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കെ.എസ്.ആര്‍.ടി.സി.യുടെ തകര്‍പ്പന്‍ സൈറ്റ്‌സീയിങ് ട്രിപ്പുകള്‍ ആസ്വദിച്ച് മടങ്ങാം. 300 രൂപ മുടക്കിയാല്‍ മൂന്നാറുള്‍പ്പെടുന്ന പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മനംനിറയ്ക്കുന്ന യാത്രയ്ക്കാണ് കെ.എസ്.ആര്‍.ടി.സി. അവസരം ഒരുക്കുന്നത്.

## Article Content

മഞ്ഞുപെയ്യുന്ന മലയിടുക്കുകളുടെയും തേയിലക്കാടുകളുടെയും ദൃശ്യഭംഗി ആസ്വദിക്കാന്‍ മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കെ.എസ്.ആര്‍.ടി.സി.യുടെ തകര്‍പ്പന്‍ സൈറ്റ്‌സീയിങ് ട്രിപ്പുകള്‍ ആസ്വദിച്ച് മടങ്ങാം. 300 രൂപ മുടക്കിയാല്‍ മൂന്നാറുള്‍പ്പെടുന്ന പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മനംനിറയ്ക്കുന്ന യാത്രയ്ക്കാണ് കെ.എസ്.ആര്‍.ടി.സി. അവസരം ഒരുക്കുന്നത്.

മൂന്നാര്‍ മുതല്‍ മാട്ടുപ്പട്ടിയും കുണ്ടളയും പിന്നിട്ട് ടോപ്പ് സ്റ്റേഷന്‍ വരെയാണ് ഒരു യാത്രയെങ്കില്‍ തേയിലക്കാടുകളുടെ അതി മനോഹരക്കാഴ്ചകളും മലയിടക്കുകളുടെ സൗന്ദര്യവും മഞ്ഞും വിശാലമായ റോഡുകളുമുള്‍പ്പെടുന്ന താഴ്വാരങ്ങളിലൂടെ സഞ്ചരിച്ച് ആനയിറങ്കലും പൂപ്പാറയും ചതുരംഗപ്പാറയുമൊക്കെ കണ്ടുമടങ്ങുന്നതാണ് രണ്ടാമത്തെ യാത്ര. വിനോദസഞ്ചാരത്തിനായി എത്തുന്നവരുടെ താത്പര്യങ്ങള്‍കൂടി കണക്കിലെടുത്താണ് കെ.എസ്.ആര്‍.ടി.സി. ഓരോ റൂട്ടുകളും ഒരുക്കുന്നത്.

ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ സൈറ്റ് സീയിങ് ട്രിപ്പിനായി ഇവിടെ എത്തുന്നുണ്ട്. പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങളെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് ഈ ട്രിപ്പുകള്‍ക്ക്. രാവിലെ ഒന്‍പത് മുതല്‍ മൂന്നാര്‍ ഡിപ്പോയില്‍നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് അഞ്ചോടെ തിരികെ മൂന്നാറില്‍ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍മാരായ കെ.പി.മുഹമ്മദ്, കെ.ആര്‍. ഷിജു, എ.ഇ. ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് സഞ്ചാരികള്‍ക്ക് ആസ്വാദ്യകരമായ സൈറ്റ് സീയിങ് ട്രിപ്പുകള്‍ ഒരുക്കുന്നത്. ഒരു വണ്ടിയില്‍ 50-പേര്‍ക്കാണ് യാത്രാസൗകര്യം. ഒന്‍പത് സ്ഥലങ്ങള്‍ ഒറ്റദിവസംകൊണ്ട് കാണാനും ഫോട്ടോ എടുക്കാനും ഓരോ ഇടങ്ങളിലും അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍വരെ സമയം ചെലവഴിക്കാനും സാധിക്കും.

ആനയിറങ്കല്‍, മലയിക്കള്ളന്‍ ഗുഹ, ഓറഞ്ച് തോട്ടം, സ്‌പൈസസ് ഫാം വിസിറ്റ്, ചതുരംഗപ്പാറ, ടീമ്യൂസിയം, കുണ്ടള, എക്കോപോയിന്റ്, മാട്ടുപ്പട്ടി തുടങ്ങിയ പ്രകൃതിമനോഹര സ്ഥലങ്ങളുടെ ഭംഗി ആസ്വദിക്കാം. വിദേശികളും തദ്ദേശീയരും സൈറ്റ് സീയിങ് ട്രിപ്പിന്റെ ഭാഗമായി മൂന്നാറില്‍ എത്തുന്നുണ്ട്.

മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായും നിരവധി ആളുകള്‍ മൂന്നാറിലേക്ക് എത്തുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി.യില്‍ മുന്‍കൂട്ടി ബുക്കുചെയ്താല്‍ വിനോദസഞ്ചാരികള്‍ക്ക് സൈറ്റ് സീയിങ് ട്രിപ്പുകള്‍ ആസ്വദിക്കാം.

വിശദവിവരങ്ങള്‍ക്കും യാത്ര ബുക്കുചെയ്യാനും ഫോണ്‍: [9447331036](http://9447331036), [9446929036](http://9446929036), [9895086324](http://9895086324).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143430/tourists-arriving-in-munnar-can-enjoy-the-breathtaking-sightseeing-trips-of-ksrtc-and-return)