---
title: "കാനഡയിലെ ഓൺലൈൻ ഓഹരിവ്യാപാര കമ്പനിയുടെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാതെ പൊലീസ്. "
english_title: "Police do not investigate Canada's online stock trading company's fraud. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143450/police-do-not-investigate-canadas-online-stock-trading-companys-fraud"
published_at: "2023-09-03T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f41af38fa8e_cvxbcghgfnvb.jpg"
keywords: []
---

# കാനഡയിലെ ഓൺലൈൻ ഓഹരിവ്യാപാര കമ്പനിയുടെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാതെ പൊലീസ്. 

> **Lead Summary:** **കണ്ണൂർ : ** കാനഡയിലെ ഓൺലൈൻ ഓഹരിവ്യാപാര കമ്പനിയുടെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാതെ പൊലീസ്. മണിചെയിൻ മാതൃകയിലുള്ള നിക്ഷേപപദ്ധതിയിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസുകാരടക്കം ആയിരക്കണക്കിനാളുകളുടെ കോടിക്കണക്കിനു രൂപ നഷ്ടപ്പെട്ടിരുന്നു.

## Article Content

**കണ്ണൂർ : ** കാനഡയിലെ ഓൺലൈൻ ഓഹരിവ്യാപാര കമ്പനിയുടെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാതെ പൊലീസ്. മണിചെയിൻ മാതൃകയിലുള്ള നിക്ഷേപപദ്ധതിയിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസുകാരടക്കം ആയിരക്കണക്കിനാളുകളുടെ കോടിക്കണക്കിനു രൂപ നഷ്ടപ്പെട്ടിരുന്നു.

കണ്ണൂർ ജില്ലയിലെ പൊലീസുകാരുടെ മാത്രം 3 കോടിയോളം രൂപ നഷ്ടപ്പെട്ടതായാണു വിവരം. പരാതിയോ കേസോ ഇല്ലാത്തതിനാൽ അന്വേഷണം നടത്തേണ്ടെന്ന നിലപാടിലാണ് ജില്ലാ പൊലീസ് ആസ്ഥാനം.

മാത്രമല്ല, കാനഡ ആസ്ഥാനമാക്കിയുള്ള കമ്പനിക്കെതിരെ അന്വേഷണം നടത്തിയിട്ടു കാര്യമില്ലെന്നും പൊലീസ് കരുതുന്നു. എന്നാൽ, പൊലീസുകാരടക്കം തട്ടിപ്പിനിരയായ സംഭവത്തിൽ അന്വേഷണം നടത്താതിരിക്കുന്നതിനെ പൊലീസുകാർ തന്നെ ചോദ്യംചെയ്യുന്നു.

പരാതിയില്ലെന്ന സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറരുതെന്നും സിറ്റി പൊലീസ് കമ്മിഷണറുടെ ക്വിക് റെസ്പോൺസ് ടീമിലുള്ളവരടക്കം തട്ടിപ്പിൽപെട്ടതു ഗൗരവത്തോടെ കാണണമെന്നും ചില പൊലീസുകാർ പറയുന്നു.

ഇത്തരം തട്ടിപ്പുകളെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ചുമതലപ്പെട്ടവർതന്നെ തട്ടിപ്പിൽപെട്ടതു തള്ളിക്കളയാനാകില്ലെന്നാണ് അവരുടെ വാദം. കണ്ണൂർ സായുധസേനാ ക്യാംപിലുള്ളവരും തട്ടിപ്പിനിരയായിട്ടുണ്ട്. പൊലീസുകാരെ ഇത്ര വ്യാപകമായി തട്ടിപ്പിലേക്കു നയിച്ചവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143450/police-do-not-investigate-canadas-online-stock-trading-companys-fraud)