---
title: "പിറന്നാൾ ദിനത്തിൽ മഹാനടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു."
english_title: "On his birthday, the trailer of Mahanathan Mammootty's latest film was released. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144587/on-his-birthday-the-trailer-of-mahanathan-mammoottys-latest-film-was-released"
published_at: "2023-09-07T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9d191ad83e_mamooty.jpg"
keywords: []
---

# പിറന്നാൾ ദിനത്തിൽ മഹാനടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.

> **Lead Summary:** പിറന്നാൾ ദിനത്തിൽ മഹാനടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ‘കണ്ണൂര്‍ സ്ക്വാഡി’ന്‍റെ ട്രെയിലറാണ് ഇന്ന് ആറ് മണിക്ക് റിലീസായത്. മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമിക്കുന്ന ചിത്രത്തിൽ അദ്ദേഹം ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്.

## Article Content

പിറന്നാൾ ദിനത്തിൽ മഹാനടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ‘കണ്ണൂര്‍ സ്ക്വാഡി’ന്‍റെ ട്രെയിലറാണ് ഇന്ന് ആറ് മണിക്ക് റിലീസായത്. മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമിക്കുന്ന ചിത്രത്തിൽ അദ്ദേഹം ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്.

ഷാഫിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഷാഫിയോടോപ്പം നടൻ റോണി ഡേവിഡും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയുടെ ട്രെയിലറിന് രണ്ട് മിനിറ്റ് ദൈർഘ്യമാണുള്ളത്. സിനിമ കാണാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഉദ്വേഗം നിറഞ്ഞ രംഗങ്ങളാണ് ട്രെയിലറിലുള്ളത്.

ഖാലിദ് റഹ്മാന്റെ ‘ഉണ്ട’ എന്ന ഗംഭീര ചിത്രത്തിന് ശേഷം പൊലീസുകാരനായി മമ്മൂട്ടി വീണ്ടുമെത്തുമ്പോൾ ആരാധകർക്കും സിനിമാപ്രേമികൾക്കും ഏറെ പ്രതീക്ഷയാണുള്ളത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

മമ്മൂട്ടിയെ കൂടാതെ, കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി വമ്പൻ താരനിരയാണുള്ളത്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ സംഗീത സംവിധായകൻ സുഷിൻ ശ്യാമാണ്. എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽ​ഗാം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144587/on-his-birthday-the-trailer-of-mahanathan-mammoottys-latest-film-was-released)