---
title: "‘റൺവേ വികസിപ്പിക്കാതെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകില്ല’: ഇനിയും 2 വർഷത്തോളം കാത്തിരിക്കേണ്ടിവരും"
english_title: "Karippor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144657/karippor"
published_at: "2023-09-08T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fa749b1184c_images_(22).jpeg"
keywords: []
---

# ‘റൺവേ വികസിപ്പിക്കാതെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകില്ല’: ഇനിയും 2 വർഷത്തോളം കാത്തിരിക്കേണ്ടിവരും

> **Lead Summary:** **കരിപ്പൂർ**: റൺവേ വികസിപ്പിക്കാതെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകില്ലെന്ന തീരുമാനത്തിൽനിന്നു കേന്ദ്രസർക്കാർ പിൻമാറിയില്ലെങ്കിൽ, കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാന സർവീസുകൾക്ക് ഇനിയും 2 വർഷത്തോളം കാത്തിരിക്കേണ്ടിവരും.

## Article Content

**കരിപ്പൂർ**: റൺവേ വികസിപ്പിക്കാതെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകില്ലെന്ന തീരുമാനത്തിൽനിന്നു കേന്ദ്രസർക്കാർ പിൻമാറിയില്ലെങ്കിൽ, കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാന സർവീസുകൾക്ക് ഇനിയും 2 വർഷത്തോളം കാത്തിരിക്കേണ്ടിവരും.

റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വികസിപ്പിക്കാതെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകാനാകില്ലെന്ന മറുപടിയാണു പലപ്പോഴായി വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുള്ളത്. റെസ വികസനത്തിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ജോലി പൂർത്തിയാകാൻ 2 വർഷത്തോളം വേണ്ടിവരുമെന്നാണു നിഗമനം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് ആണ് റെസ ദീർഘിപ്പിക്കുന്ന ജോലിക്ക് 402.18 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചത്.

അടുത്ത മാസം 11ന് ആണ് ടെൻഡർ നടപടികൾ പൂർത്തിയാകുക. 19 മാസമാണ് ജോലിക്ക് അനുവദിച്ച കാലാവധി. മഴ കണക്കിലെടുത്ത് മൺസൂൺ സീസണിലെ 3 മാസത്തെ ഇളവ് ഉൾപ്പെടെയാണ് ഈ കാലാവധി. ഒരു മാസത്തെ ടെൻഡർ നടപടിക്രമങ്ങളുടെ കാലാവധിയും നിർമാണജോലിക്കുള്ള 19 മാസവും ഉൾപ്പെടെ 20 മാസം വേണം. റെസ വികസിപ്പിക്കാനുള്ള 14.5 ഏക്കർ സ്ഥലം ഏറ്റെടുത്ത് ഈ മാസം 15ന് അകം കൈമാറാമെന്നാണു സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടുള്ളത്.

നടപടി അവസാന ഘട്ടത്തിലാണെങ്കിലും കൈമാറ്റ തീയതിയിൽ മാറ്റം വന്നേക്കും. റൺവേ റീ കാർപറ്റിങ്ങിന്റെ പേരിൽ 2015 ഏപ്രിൽ മുതലാണു കരിപ്പൂരിൽ വലിയ വിമാനങ്ങൾ സർവീസ് നിർത്തിയത്._ _2018ൽ റീ കാർപറ്റിങ് പൂർത്തിയാക്കിയെങ്കിലും വലിയ വിമാനം പൂർണമായും തിരിച്ചെത്തിയില്ല. ‘ഇ’ ശ്രേണിയിൽപെട്ട ഇടത്തരം വലിയ വിമാനങ്ങൾക്കു മാത്രമാണ് അനുമതി നൽകിയത്. 2020 ഓഗസ്റ്റ് ഏഴിനു വിമാനാപകടത്തെ തുടർന്ന്, നിലവിലുള്ള ഇടത്തരം വലിയ വിമാനങ്ങളുടെ സർവീസ് അനുമതിയും നിർത്തി. ഇപ്പോൾ ചെറുവിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്.

റെസ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകില്ലെന്ന നിലപാടിൽനിന്നു കേന്ദ്രസർക്കാർ മാറണമെങ്കിൽ, രാഷ്ട്രീയ–ഉദ്യോഗസ്ഥ തലത്തിലുള്ള ഇടപെടൽ വേണ്ടിവരും. കരിപ്പൂരിന്റെ പ്രത്യേക സാഹചര്യങ്ങൾ മന്ത്രാലയത്തിനു ബോധ്യപ്പെടണം. എല്ലാതരം വലിയ വിമാനങ്ങളും നേരത്തേ ഇവിടെനിന്ന് സർവീസ് നടത്തിയിരുന്നു. ഇപ്പോൾ റൺവേ കൂടുതൽ ബലപ്പെടുത്തുകയും സുരക്ഷയ്ക്കായി പ്രകാശസംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ ഒരുക്കുകയും ചെയ്തു.

റീ കാർപറ്റിങ് ജോലിയും അനുബന്ധ പ്രവൃത്തിയും പൂർത്തിയാക്കി 15 മുതൽ റൺവേ 24 മണിക്കൂർ സർവീസിനായി തുറക്കാനാകുമെന്നാണു കരുതുന്നത്. തുടർന്ന് വലിയ വിമാനങ്ങൾക്ക് 2018ൽ നൽകിയതുപോലെ വ്യവസ്ഥകളോടെയെങ്കിലും അനുമതി നൽകാനായാൽ കോഴിക്കോട് വിമാനത്താവളത്തിനും യാത്രക്കാർക്കും വലിയ ആശ്വാസമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144657/karippor)