---
title: "#mdma | അപകടത്തിൽ പെട്ട ആഡംബര കാറിൽ എം.ഡി.എം.എ"
english_title: "M D M A"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144955/m-d-m-a"
published_at: "2023-09-09T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc176750c16_Screenshot_2023-09-09-12-22-03-70_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# #mdma | അപകടത്തിൽ പെട്ട ആഡംബര കാറിൽ എം.ഡി.എം.എ

> **Lead Summary:** **കോഴിക്കോട്**: കൊടുവള്ളി ആവിലോറയിൽ മയക്കുമരുന്ന് വിൽപ്പന സംഘം സഞ്ചരിച്ച ആഡംബര കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരിൽ ഒരാൾ പോലീസിന്റെ പിടിയിലാണ്. താമരശ്ശേരി വെഴുപ്പൂർ ചുണ്ട കുന്നുമ്മൽ അനുവിന്ദ് പോലീസ് പിടിയിലായി.

## Article Content

**കോഴിക്കോട്**: കൊടുവള്ളി ആവിലോറയിൽ മയക്കുമരുന്ന് വിൽപ്പന സംഘം സഞ്ചരിച്ച ആഡംബര കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരിൽ ഒരാൾ പോലീസിന്റെ പിടിയിലാണ്. താമരശ്ശേരി വെഴുപ്പൂർ ചുണ്ട കുന്നുമ്മൽ അനുവിന്ദ് പോലീസ് പിടിയിലായി.

കാറിലുണ്ടായിരുന്ന കത്തറമ്മൽ പുത്തൻ പീടികയിൽ ഹബീബ് റഹ്മാൻ പോലീസ് വാഹനം പരിശോധിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടു. ആവിലോറ പാറക്കണ്ടി മുക്കിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. കെ. എൽ. 57 എൻ 6067 നമ്പർ ബെൻസ് കാറാണ് നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്.

ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്ന രണ്ടു പേരെ കാറിൽ കണ്ടു.പിന്നീട് ഇവർ ഉണർന്ന് കാറിൽ പരിശോധിക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാർ നോക്കിയപ്പോഴാണ് മയക്കുമരുന്ന്, ഇലക്ട്രിക് തുലാസ് എന്നിവ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ഇവരെ പിടികൂടി കൊടുവള്ളി പോലീസിന് കൈമാറുകയായിരുന്നു.

ഇതിനിടെ കാറിൽ നിന്ന് ഒരു പൊതി ഇവർ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. കൊടുവള്ളി എസ്.ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിൽ പുറത്തും കാറിലും നടത്തിയ പരിശോധനയിൽ കവറിലാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞതും പേഴ്സിൽ ഒളിപ്പിച്ചതുമായ 3.5 ഗ്രാം എം.ഡി.എംഎ കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144955/m-d-m-a)