---
title: "നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ"
english_title: "A youth accused in several cases has been arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145042/a-youth-accused-in-several-cases-has-been-arrested"
published_at: "2023-09-09T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc565b76345_Screenshot_2023-09-09-16-52-33-90_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

> **Lead Summary:** **വെള്ളരിക്കുണ്ട്** : പരപ്പ ടൗണിൽ കഴിഞ്ഞ നാലിന് രാത്രി രണ്ട് സൂപ്പർമാർക്കറ്റുകളിലുണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് കണ്ണൂർ നടുവിൽ ബേക്കുന്ന്‌ കവലയിലെ സന്തോഷിനെ പോലീസ് അറസ്റ്റുെചയ്തു.

## Article Content

**വെള്ളരിക്കുണ്ട്** : പരപ്പ ടൗണിൽ കഴിഞ്ഞ നാലിന് രാത്രി രണ്ട് സൂപ്പർമാർക്കറ്റുകളിലുണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് കണ്ണൂർ നടുവിൽ ബേക്കുന്ന്‌ കവലയിലെ സന്തോഷിനെ പോലീസ് അറസ്റ്റുെചയ്തു.

സി.സി.ടി.വി. ദൃശ്യങ്ങളിലെ സൂചനവെച്ച് വെള്ളരിക്കുണ്ട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സന്തോഷിനെ പിടിച്ചത്. കുടിയാൻമല പോലീസ് കസ്റ്റഡിയിലെടുത്ത് വെള്ളരിക്കുണ്ട് പോലീസിന് കൈമാറുകയായിരുന്നു.

സന്തോഷിനെ ഫാമിലി ഹൈപ്പർമാർക്കറ്റിലും അഞ്ചരക്കണ്ടി ട്രേഡേഴ്‌സിലും എത്തിച്ച് തെളിവെടുത്തു. വെള്ളരിക്കുണ്ട് സ്റ്റേഷൻപരിധിയിൽ സന്തോഷിന്റെ പേരിലുള്ള രണ്ടാമത്തെ കേസാണിത്. 2020-ൽ ബളാലിൽ മലഞ്ചരക്ക് കട കുത്തിത്തുറന്ന് മൂന്ന്‌ ക്വിന്റൽ അടയ്ക്കയും റബ്ബർഷീറ്റും കുരുമുളകും കവർന്നിരുന്നു.

സംസ്ഥാനത്തിന്റെ പലഭാഗത്തും ഇയാൾക്കെതിരേ കേസുകളുള്ളതായി പോലീസ് പറയുന്നു. പരപ്പയിലെ കോട്ടക്കൽ ആര്യവൈദ്യശാല ഏജൻസിയിലും ബിരിക്കുളത്ത് കടയിലും കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നിരുന്നു. സിവിൽസപ്ലൈസ് ചില്ലറ വിൽപ്പന കേന്ദ്രത്തിലും കവർച്ചശ്രമമുണ്ടായി.

കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ വിശദമായ തെളിവെടുപ്പിനായി വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇൻസ്പെക്ടർ ടി.കെ.ഷീജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ.മാരായ കെ.പി.രമേശൻ, എം.സതീശൻ, എ.എസ്.ഐ.മാരായ സജി ജോസഫ്, എം.ടി.പി.നൗഷാദ്, സീനിയർ സിവിൽപോലീസ് ഓഫീസർമാരായ കെ.പ്രേമരാജൻ, ടി.പ്രിയേഷ്‌കുമാർ എന്നിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145042/a-youth-accused-in-several-cases-has-been-arrested)