---
title: "#wayanad | 'കിലുകിലുക്കം' സൗജന്യ കളിപ്പാട്ട വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145459/wayanad"
published_at: "2023-09-11T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fed52109ca8_IMG-20230911-WA0051.jpg"
keywords: []
---

# #wayanad | 'കിലുകിലുക്കം' സൗജന്യ കളിപ്പാട്ട വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു 

> **Lead Summary:**  **വെള്ളമുണ്ട**:വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും കൽപ്പറ്റ ഡി.എം.സി ലാബും ചേർന്ന് നടപ്പാക്കുന്ന സൗജന്യ കളിപ്പാട്ട വിതരണ പദ്ധതിയായ 'കിലുകിലുക്കം' വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

 **വെള്ളമുണ്ട**:വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും കൽപ്പറ്റ ഡി.എം.സി ലാബും ചേർന്ന് നടപ്പാക്കുന്ന സൗജന്യ കളിപ്പാട്ട വിതരണ പദ്ധതിയായ 'കിലുകിലുക്കം' വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പഴഞ്ചന അംഗൻവാടിയിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ജില്ലാ ഡിവിഷൻ പരിധിയിലെ 41 അംഗൻവാടികളിലെ ആയിരത്തോളം വരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും കളിപ്പാട്ടം സമ്മാനിക്കുന്ന ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ തനത് പരിപാടിയാണ് 'കിലുകിലുക്കം' കുട്ടികളുടെ ഭാവന വികസിക്കുവാനും അതോടൊപ്പം അവരുടെ പ്രശ്നപരിഹാര ശേഷികളും ചിന്തയും ബലപ്പെടുത്തുവാനും ഉതകുന്ന കളിപ്പാട്ടങ്ങളാണ് പ്രധാനമായും വിതരണം ചെയ്യുന്നത്.

കുട്ടിയുടെ കൈയുംകണ്ണുമായി യോജിച്ചുള്ള പ്രവർത്തനം മെച്ചപ്പെടുത്തുവാനും ഫൈൻ മോട്ടോർ സ്കില്ലുകൾ പുരോഗമിക്കാനും സഹായിക്കുന്ന വിവിധ തരം കളിപ്പാട്ടങ്ങളും നൽകുന്നുണ്ട്. ശരീരവും മനസ്സും ബുദ്ധിയും കളിയിലൂടെ പ്രയോഗിക്കുവാൻ അംഗൻവാടി കുട്ടികൾക്ക് സാഹചര്യം ഒരുക്കുക എന്നതാണ് കിലുകിലുക്കം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. ഡി.എം.സി ലാബ് ഡയറക്ടർ ജെസിയ ഫാസിൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. കെ സൽമത്ത്, സന്തോഷ്‌ കാര്യാട്, ജിത്തു തമ്പുരാൻ, ബിന്ദു കെ, കെ. പി സാജിറ, ആലി കുനിങ്ങാരത്ത്, നിസാർ കെ.പി, എ. കെ ഇബ്രാഹിം, തോമസ് പി, ജിഷ പ്രേമൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145459/wayanad)