---
title: "#Aralam |കുളിരൂറുന്ന കാഴ്ചകളുമായി ആറളം വന്യജീവി സങ്കേതം"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145639/aralam"
published_at: "2023-09-12T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fff244062cc_IMG-20230912-WA0075.jpg"
keywords: []
---

# #Aralam |കുളിരൂറുന്ന കാഴ്ചകളുമായി ആറളം വന്യജീവി സങ്കേതം

> **Lead Summary:** **ആറളം**:കുളിരൂറുന്ന കാഴ്ചകളുമായി ആറളം വന്യജീവി സങ്കേതം. പാറകളിൽ തല്ലിച്ചിതറിയൊഴുകുന്ന ചീങ്കണ്ണിപ്പുഴയും മലമുകളിൽനിന്ന് ആർത്തലച്ചുവീഴുന്ന രാമച്ചി (ചാവച്ചി), മീൻമുട്ടി വെള്ളച്ചാട്ടങ്ങളും പച്ചപുതച്ച വനഗാംഭീര്യവും വൈവിധ്യമാർന്ന സസ്യലതാദികളും പക്ഷി-മൃഗസഞ്ചയവും ഇവിടേക്ക് പഠനസംഘങ്ങളെയും സഞ്ചാരികളെയും ആകർഷിക്കുന്നു.

## Article Content

**ആറളം**:കുളിരൂറുന്ന കാഴ്ചകളുമായി ആറളം വന്യജീവി സങ്കേതം. പാറകളിൽ തല്ലിച്ചിതറിയൊഴുകുന്ന ചീങ്കണ്ണിപ്പുഴയും മലമുകളിൽനിന്ന് ആർത്തലച്ചുവീഴുന്ന രാമച്ചി (ചാവച്ചി), മീൻമുട്ടി വെള്ളച്ചാട്ടങ്ങളും പച്ചപുതച്ച വനഗാംഭീര്യവും വൈവിധ്യമാർന്ന സസ്യലതാദികളും പക്ഷി-മൃഗസഞ്ചയവും ഇവിടേക്ക് പഠനസംഘങ്ങളെയും സഞ്ചാരികളെയും ആകർഷിക്കുന്നു.

കണ്ണൂരിന്റെ ജീവരേഖയാണ് ആറളം വന്യജീവിസങ്കേതം. പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന അപൂർവ സസ്യയിനങ്ങളാലും ജീവിവർഗങ്ങളാലും സമ്പന്നമാണ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട ആറളം. വൈവിധ്യങ്ങളുടെ കലവറയാണ് പശ്ചിമഘട്ടം ഇവിടെയൊരുക്കിയത്. നിത്യഹരിതവനം, ഇലപൊഴിയും കാട് എന്നിങ്ങനെ വൈവിധ്യമാർന്ന വനമേഖല ഉൾക്കൊള്ളുന്നതാണ് ആറളം വന്യജീവിസങ്കേതം.

1984-ൽ ആണ്ആറളത്തെ വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചത്. അതുവരെ ആറളം ഫാമിന്റെ ഭാഗമായിരുന്ന ഈ വനപ്രദേശം. 55 ചതുരശ്ര കിലോമീറ്ററിൽ (5500 ഹെക്ടറിൽ) വ്യാപിച്ചുകിടക്കുകയാണിത്. സൈലന്റ് വാലി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട വനമേഖലയാണിത്.ആറളത്തിന്റെ വൈവിധ്യങ്ങൾ ഇവിടേക്ക് സഞ്ചാരികളെയും ഗവേഷകരെയും പക്ഷി, ശലഭ നിരീക്ഷകരെയും ആകർഷിക്കുന്നു.

കേരളത്തിലെ ശ്രദ്ധേയമായ പക്ഷിസങ്കേതവും ശലഭസങ്കേതവും കൂടിയാണ് ഇന്ന് ആറളം. മിക്കയിനം മൃഗങ്ങളും ആറളത്തുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടിത്തേവാങ്കുകളെ കാണുന്നതും ഇവിടെത്തന്നെ.19വർഷമായി എല്ലാവർഷവും ജനവരിയിൽ ശലഭസർവെയും മാർച്ചിൽ പക്ഷിസർവെയും നടത്തുന്ന രാജ്യത്തെ അപൂർവം വന്യജീവിസങ്കേതങ്ങളിലൊന്നുകൂടിയാണിവിടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145639/aralam)