---
title: "പെരിങ്ങോം വയക്കര കൂവക്കര മലയിൽ ക്വാറിയും ക്രഷറും ആരംഭിക്കാൻ ശ്രമം: പ്രദേശവാസികകൾ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു"
english_title: "Attempt to start quarry and crusher"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145676/attempt-to-start-quarry-and-crusher"
published_at: "2023-09-12T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65000ab6d337b_Screenshot_2023-09-12-12-05-52-05_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പെരിങ്ങോം വയക്കര കൂവക്കര മലയിൽ ക്വാറിയും ക്രഷറും ആരംഭിക്കാൻ ശ്രമം: പ്രദേശവാസികകൾ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു

> **Lead Summary:** **പെരിങ്ങോം**: വയക്കര പഞ്ചായത്തിലെ തട്ടുമ്മൽ നെടുംതട്ട് കൂവക്കര മലയിൽ ക്വാറിയും ക്രഷറും ആരംഭിക്കാൻ ശ്രമം തുടരുന്നതിനെതിരെ പ്രദേശവാസികകൾ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി നാട്ടുകാര്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപവല്‍കരിച്ചു.

## Article Content

**പെരിങ്ങോം**: വയക്കര പഞ്ചായത്തിലെ തട്ടുമ്മൽ നെടുംതട്ട് കൂവക്കര മലയിൽ ക്വാറിയും ക്രഷറും ആരംഭിക്കാൻ ശ്രമം തുടരുന്നതിനെതിരെ പ്രദേശവാസികകൾ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി നാട്ടുകാര്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപവല്‍കരിച്ചു.

പെരിങ്ങോം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പെട്ടതാണ് പ്രസ്തുത സ്ഥലം. ക്വാറി തുടങ്ങുന്നതിനായി നിർദ്ദിഷ്ട കരിന്തളം - വയനാട് 400 കെവി വൈദ്യുതി ലൈനും ടവറും മാറ്റുവാനും നീക്കം നടക്കുന്നതായി നാട്ടുകാർ പറഞ്ഞു. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച ക്വാറിയോട് ചേർന്നാണ് 400 കെവി വൈദ്യുത ലൈനും ടവറും വരുന്നത്.

ക്വാറിയ്ക്കായി ടവറിൻ്റെ നിർമ്മാണം താമസിപ്പിക്കുകയാണെന്നും ആരോപണമുയർന്നു. ക്വാറിയിലേയ്ക്ക് റോഡിൻ്റെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. 1948 ൽ വലിയ ഉരുൾപൊട്ടലും വെള്ളപ്പാച്ചിലുമുണ്ടായ സ്ഥലമാണിത്. അതിൻ്റെ തുടർച്ചയെന്നോണം എല്ലാവർഷവും ചെറിയ രീതിയിൽ ഇവിടെ ഉരുൾപൊട്ടലുണ്ടാകുന്നുണ്ടെന്നും ഇവിടം പരിസ്ഥിതിലോല പ്രദേശമാണെന്നും നാട്ടുകാർ പറയുന്നു.

വയക്കര, പെരിങ്ങോം വില്ലേജുകളിൽപ്പെട്ടതാണ് നിർദ്ദിഷ്ട ക്വാറി പ്രദേശം. എല്ലോറ എന്നപേരിൽ ക്വാറിയും ക്രഷറും നടത്തുന്നതിന് എക്സ്പ്ലോസീവ് മാഗസിൻ സ്ഥാപിക്കുന്നതിന് കണ്ണൂർ അഡീഷ്ണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് മുമ്പാകെ ക്വാറി പാർട്നർമാരിലൊരാൾ അപേക്ഷ സമർപ്പിച്ചതായും വിവരാവകാശ നിയമ പ്രകാരം പ്രദേശവാസികൾക്ക് അറിവ് ലഭിച്ചിട്ടുണ്ട്.

ക്വാറിയ്ക്കും ക്രഷറിമെതിരേ ജനകീയ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ പ്രവർത്തനം ആരംഭിച്ചു. 400 കെവി ലൈനിൻ്റേയും ടവറിൻ്റേയും പണികൾ ഉടൻ ആരംഭിക്കണമെന്നും കരിങ്കൽ ക്വാറിയ്ക്ക് വേണ്ടി നിർമ്മാണം താമസിപ്പിച്ചാൽ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും ജനകീയ കമ്മിറ്റി അറിയിച്ചു. പ്രക്ഷോഭത്തിൻ്റെ ഭാഗമായി പ്രദേശവാസികൾ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

ചെയർമാൻ ടി.പി. ചന്ദ്രൻ, കൺവീനർ വി.വി. കണ്ണൻ, ട്രഷറർ ടി. അഷ്റഫ്, കെ.പി. ഷിബിൻ, വി.വി. രാമകൃഷ്ണൻ, ജോസ് പൂച്ചാലിൽ, ജോസ് അമ്പിളികുന്നേൽ, സ്മിത സതീഷ്, വി.വി. സതീഷ്, ഇസ്മായീൽ നെടുംതട്ട്, എ. ജിതിൻ, സുരേഷ് മാണില്ലത്ത്, ബൈജു കുന്നുമ്പുറത്ത്, പി. രാഹുൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145676/attempt-to-start-quarry-and-crusher)