---
title: "#veenajeorge | സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന് സൂചന: ഷംസീറിന് പകരം സ്പീക്കറായി വീണ ജോര്‍ജ് പരിഗണനയില്‍"
english_title: "Veenajeorge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146476/veenajeorge"
published_at: "2023-09-15T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6503f4b66fd57_download_(3).jpeg"
keywords: []
---

# #veenajeorge | സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന് സൂചന: ഷംസീറിന് പകരം സ്പീക്കറായി വീണ ജോര്‍ജ് പരിഗണനയില്‍

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന് സൂചന. നവംബറിൽ പുനഃസംഘടന നടന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിൽ എത്തിയേക്കും. ആരോഗ്യമന്ത്രി വീണ ജോർജിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കും. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽതന്നെ ഒറ്റ എംഎൽഎമാരുള്ള പാർട്ടികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനായിരുന്നു ധാരണ. അതനുസരിച്ചാണ് ആദ്യ ടേമിൽ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിമാരായത്. അവർക്ക് പകരം ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. ഇതനുസരിച്ചാണ് പുനഃസംഘടനയ്ക്കുള്ള നീക്കം. മന്ത്രിസഭാ പുന:സംഘടനയ്ക്കൊപ്പം ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. എ.എൻ.ഷംസീർ സ്പീക്കർ സ്ഥാനം ഒഴിയുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന് സൂചന. നവംബറിൽ പുനഃസംഘടന നടന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിൽ എത്തിയേക്കും. ആരോഗ്യമന്ത്രി വീണ ജോർജിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കും. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽതന്നെ ഒറ്റ എംഎൽഎമാരുള്ള പാർട്ടികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനായിരുന്നു ധാരണ. അതനുസരിച്ചാണ് ആദ്യ ടേമിൽ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിമാരായത്. അവർക്ക് പകരം ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. ഇതനുസരിച്ചാണ് പുനഃസംഘടനയ്ക്കുള്ള നീക്കം. മന്ത്രിസഭാ പുന:സംഘടനയ്ക്കൊപ്പം ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. എ.എൻ.ഷംസീർ സ്പീക്കർ സ്ഥാനം ഒഴിയുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

വീണ ജോർജിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചാൽ അവർ സ്പീക്കർ പദവിയിലേക്ക് എത്തിയേക്കും. അങ്ങനെയെങ്കിൽ ഷംസീറും മന്ത്രിസഭയിലേക്ക് എത്തിയേക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് മുഖംമിനുക്കൽകൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനയ്ക്ക് രണ്ടാം പിണറായി സർക്കാർ ഒരുങ്ങുന്നത്. എൽജെഡിക്ക് മന്ത്രിസ്ഥാനം നൽകാൻ എൽഡിഎഫ് തീരുമാനിച്ചാൽ ഷംസീറിന്റെ സാധ്യതകൾ അടയുകയും കെ.പി മോഹനന് ചിലപ്പോൾ വഴിയൊരുങ്ങാനും സാധ്യതയുണ്ട്.

ഈ മാസം 20 ന് ചേരുന്ന എൽഡിഎഫ് യോഗത്തിലും അതിനോടനുബന്ധിച്ച് നടത്തുന്ന സിപിഎം നേതൃയോഗങ്ങളിലാകും പുന:സംഘടന എങ്ങനെ വേണമെന്ന് അന്തിമ ധാരണയാകുക. എ.കെ ശശീന്ദ്രനിൽ നിന്ന് വനംവകുപ്പ് ഗണേഷിന് നൽകി പകരം ഗതാഗതം എൻസിപിക്ക് നൽകുന്നതും ആലോചനയിലുള്ളതായാണ് സൂചന. സിപിഎം മന്ത്രിമാരിൽ ചിലരുടെ വകുപ്പുകളിലും മാറ്റമുണ്ടാകാനുള്ള സാധ്യതയും തള്ളാനാവില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146476/veenajeorge)