---
title: "വെട്ടിക്കളയുന്ന തലമുടിക്ക് പൊന്നിൻ വില"
english_title: "Viratt startup company "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14653/viratt-startup-company"
published_at: "2021-12-06T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ada4618ae54_images (24).jpeg"
keywords: []
---

# വെട്ടിക്കളയുന്ന തലമുടിക്ക് പൊന്നിൻ വില

> **Lead Summary:** വെട്ടിക്കളയുന്ന തലമുടിക്കും പൊന്നിൻ വിലയുണ്ടാവുന്ന കാലം വരുന്നു. ജൈവവളമായി ഉപയോഗിക്കാവുന്ന അമിനോ ആസിഡ്, മുടിയിൽ നിന്ന് ഉണ്ടാക്കുന്ന പ്ലാന്റ് അടുത്ത വർഷം പ്രവർത്തനം തുടങ്ങും. കണ്ണൂർ നാടുകാണിയിലെ 'വിരാട്' എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് എട്ട് കോടി ചെലവിൽ പ്ലാന്റ് നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിന്റെ മെഷീൻ വാങ്ങാൻ 37 ലക്ഷം രൂപ ഓസ്ട്രേലിയൻ കമ്പനിക്ക് കൈമാറി.

## Article Content

വെട്ടിക്കളയുന്ന തലമുടിക്കും പൊന്നിൻ വിലയുണ്ടാവുന്ന കാലം വരുന്നു. ജൈവവളമായി ഉപയോഗിക്കാവുന്ന അമിനോ ആസിഡ്, മുടിയിൽ നിന്ന് ഉണ്ടാക്കുന്ന പ്ലാന്റ് അടുത്ത വർഷം പ്രവർത്തനം തുടങ്ങും. കണ്ണൂർ നാടുകാണിയിലെ 'വിരാട്' എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് എട്ട് കോടി ചെലവിൽ പ്ലാന്റ് നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിന്റെ മെഷീൻ വാങ്ങാൻ 37 ലക്ഷം രൂപ ഓസ്ട്രേലിയൻ കമ്പനിക്ക് കൈമാറി.

സംസ്ഥാനത്ത് ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തെയും സംരംഭമാണിത്. പൂനെയിലെ പ്ലാന്റിൽ വർഷം 200 കോടിയുടെ അമിനോ ആസിഡ് വില്പനയാണ് നടക്കുന്നത്. ഹരിത കേരള മിഷനും ശുചിത്വ മിഷനും ചേർന്നാണ് പദ്ധതിയുടെ ഏകോപനം. ബാ‌ബർ ഷോപ്പുകളിലെയും ബ്യൂട്ടി പാർലറുകളിലെയും മുടി ജില്ലാടിസ്ഥാനത്തിൽ ശേഖരിച്ച് ഇവിടെ എത്തിച്ച് സംസ്‌കരിക്കും.

മുടിയുടെ പ്രധാന ഘടകമായ 'കെരാട്ടിൻ' എന്ന പ്രോട്ടീൻ വേർതിരിച്ചാണ് നിർമ്മാണം. കെരാട്ടിനിൽ 18 അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. 400 ഡിഗ്രിയിൽ മുടി ചൂടാക്കും. ഇത് വെള്ളവുമായി ചേർക്കും. അപ്പോൾ പെപ്റ്റൈഡ് ദ്രാവകം ഉണ്ടാകും. അത് മൂന്ന് തരത്തിലുള്ള രാസപ്രവർത്തനത്തിലൂടെ അമിനോ ആസിഡ് ആക്കി മാറ്റും. ഒരു കിലോ മുടിയിൽ നിന്ന് ഒരു ലിറ്റർ വരെ അമിനോ ആസിഡ് നിർമ്മിക്കാം. ലിറ്ററിന് 300 - 400 രൂപയാണ് വില.

 അമിനോ ആസിഡ് കാർഷിക വളമാണ്. വെള്ളം ചേർത്ത് പച്ചക്കറികൾക്കും ചെടികൾക്കും തളിക്കാം. മണ്ണില്ലാതെ വെള്ളത്തിൽ ജൈവകൃഷി നടത്തുമ്പോൾ വളമായും അമിനോ ആസിഡ് ഉപയോഗിക്കാം. മുടി സംസ്‌കരിച്ചുണ്ടാകുന്ന കരിയും വളമാണ്. ഗൾഫിലും യൂറോപ്പിലും പദ്ധതി വിജയമാണ്.

ബാർബർഷോപ്പുകൾക്കും ബ്യൂട്ടീഷൻ കേന്ദ്രങ്ങൾക്കും ലൈസൻസ് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി നിർബന്ധമാക്കും. കണ്ണൂരിലെ പ്ലാന്റിലേക്ക് മുടി നൽകുന്നുവെന്ന സാക്ഷ്യപത്രം ഹാജരാക്കണം. മുടി ശേഖരിക്കാൻ ജി. പി. എസ് നിരീക്ഷണമുള്ള വണ്ടി സജ്ജീകരിക്കും. മുടി നൽകാൻ യൂസർ ഫീസും നിശ്ചയിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14653/viratt-startup-company)