---
title: "#kalpetta | സുഭാഷ് ചന്ദ്രന് പത്മപ്രഭാ പുരസ്കാരം സമ്മാനിച്ചു "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146756/kalpetta"
published_at: "2023-09-16T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650557340084b_IMG-20230916-WA0014.jpg"
keywords: []
---

# #kalpetta | സുഭാഷ് ചന്ദ്രന് പത്മപ്രഭാ പുരസ്കാരം സമ്മാനിച്ചു 

> **Lead Summary:** **കൽപ്പറ്റ**: പ്രതിഭയുടെ തിളക്കം കൊണ്ട് മലയാള സാഹിത്യത്തിൽ സമാനതകളില്ലാത്ത ഇടംനേടിയ യുവ എഴുത്തുകാരന് സുഭാഷ് ചന്ദ്രൻ മലയാളത്തിലെ എഴുത്തുകാരുടെ സംഗമവേദിയെ സാക്ഷിനിർത്തി പത്മപ്രഭാ പുരസ്കാരം ഏറ്റുവാങ്ങി. എഴുത്തുകാരൻ സക്കറിയയില് നിന്നാണ് അദ്ദേഹം പുരസ്കാരം സ്വീകരിച്ചത്. 75,000രൂപയും പത്മരാഗ കല്ലുപതിച്ച ഫലകവും അടങ്ങുന്നതാണ് ആധുനിക വയനാടിന്റെ ശില്പികളിലൊരാളായ എം.കെ.പത്മപ്രഭാ ഗൗഡരുടെ പേരിലുള്ള പുരസ്കാരം.

## Article Content

**കൽപ്പറ്റ**: പ്രതിഭയുടെ തിളക്കം കൊണ്ട് മലയാള സാഹിത്യത്തിൽ സമാനതകളില്ലാത്ത ഇടംനേടിയ യുവ എഴുത്തുകാരന് സുഭാഷ് ചന്ദ്രൻ മലയാളത്തിലെ എഴുത്തുകാരുടെ സംഗമവേദിയെ സാക്ഷിനിർത്തി പത്മപ്രഭാ പുരസ്കാരം ഏറ്റുവാങ്ങി. എഴുത്തുകാരൻ സക്കറിയയില് നിന്നാണ് അദ്ദേഹം പുരസ്കാരം സ്വീകരിച്ചത്. 75,000രൂപയും പത്മരാഗ കല്ലുപതിച്ച ഫലകവും അടങ്ങുന്നതാണ് ആധുനിക വയനാടിന്റെ ശില്പികളിലൊരാളായ എം.കെ.പത്മപ്രഭാ ഗൗഡരുടെ പേരിലുള്ള പുരസ്കാരം.

ആധുനിക വയനാടിന് രൂപം കൊടുത്ത പ്രമുഖരിൽ ഒരാളാണ് പത്മപ്രഭാ ഗൗഡറെന്ന് പുരസ്കാരം സമ്മാനിച്ചുകൊണ്ട് എഴുത്തുകാരൻ സക്കറിയ പറഞ്ഞു.  നവോത്ഥാനത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും  പാതയിലൂടെ പ്രത്യേക ജീവിത പശ്ചാത്തലത്തെ മറികടന്ന്  ജനങ്ങൾക്കിടയിലേക്കിറങ്ങിച്ചെന്ന വ്യക്തിയാണ് പത്മപ്രഭാ ഗൗഡരെന്നും സക്കറിയ പറഞ്ഞു. മുന്നിലും പിന്നിലും സമാനതകളില്ലാത്തതാണ് സുഭാഷ് ചന്ദ്രന്റെ കൃതികൾ. മലയാള സാഹിത്യത്തിന് സംഭവിച്ച  അഭിരുചിയുടെ തളർച്ചയുടെ കാലഘത്തിൽ നിന്ന് എഴുത്തിനെ മോചിപ്പിച്ചവരാണ് സുഭാഷ് ചന്ദ്രനും യുവ തലമുറയുമെന്നും അദ്ദേഹം പറഞ്ഞു. സർഗാത്മക ശക്തിയെക്കുറിച്ചുള്ള ഉറച്ച ബോധ്യമാണ് എഴുത്തുകാരനെ നില നിർത്തുന്നതെന്ന് പുരസ്കാരം സ്വീകരിച്ച സുഭാഷ് ചന്ദ്രൻ പറഞ്ഞു.  സാഹിത്യം വായിച്ചും സംസ്കാരം വായിച്ചും തന്റെ മകനെ ഉത്തമനായ ഒരു  മനുഷ്യനാക്കി  മാറ്റിയെടുക്കണമെന്നാഗ്രഹിച്ചയാളാണ്  പത്മപ്രഭാ ഗൗഡർ. അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം സ്വകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. അച്ഛന്റെ  വായനശാലയിലെ ഗ്രന്ഥങ്ങളിൽ ഉന്മത്തനായ മകനായ എം.പി. വീരേന്ദ്രകുമാർ പുറത്ത് പോയി പഠിക്കുകയും കേരളീയ സമൂഹത്തിലും ഇന്ത്യൻ സമൂഹത്തിലും തന്നെ ശാശ്വതമായി അടയാളപ്പെടുത്തുയും ചെയ്തു.

പുസ്തകങ്ങളെയും വാക്കുകളെയും സ്നേഹിച്ച, സർഗാത്മകതയെ ബഹുമാനിച്ച, ഏതു രാഷ്ട്രീയ നേതാവിനും  ഏതൊരു സാമൂഹ്യ പ്രവർത്തകനും ലഭിക്കാത്ത ഇരിപ്പിടം  സാധ്യമാണെന്ന് അദ്ദഹം അന്തരാ മനസ്സിലാക്കിയതായി അദ്ദേഹവുമായുള്ള ഇടപെടലുകളിൽ നിന്ന് പലപ്പോഴും ഞാൻ മനസ്സിലാക്കിയിട്ടുണ്ടെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. പത്മപ്രഭാ പുരസ്കാരമെന്നത് വയനാടിന്റെ  സവിശേഷമായ ജീവിതമൂല്യങ്ങളുടെയും പാരമ്പര്യത്തിന്റെയും ആവിഷ്കാരമാണെന്ന് പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തിയ സുനിൽ പി. ഇളയിടം പറഞ്ഞു. ഒരു സംഘാടകൻ എന്ന നിലയ്ക്കും സമരസേനാനി, സംരംഭകൻ എന്ന നിലകളിലും വയനാടിന്റെ ആധുനികമായ ജീവിതഗതിയെ രൂപപ്പെടുത്തുന്നതിൽ വലിയ സംഭാവന നൽകി വ്യക്തിയാണ് പത്മപ്രഭ. അക്കാലത്ത് ഈ രാജ്യത്തെയാകെ ചലിപ്പിച്ച ദേശീയ പ്രസ്ഥാനത്തിന്റെയും ദേശീയഭാവനയുടെയും പ്രതിനിധിയായും നാടിന്റെ സാമൂഹിക സാംസ്കാരിക പരിണാമങ്ങൾക്ക്, സാമ്പത്തിക ജീവിതത്തിന് വലിയ കൈതാങ്ങായും പത്മപ്രഭ നിലകൊണ്ടുവെന്നും സുനിൽ പി. ഇളയിളം അനുസ്മരിച്ചു. ഇന്ത്യ എന്ന ആശയത്തിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.  ഇന്ത്യ എന്നത് ഒരു ഭൂപ്രദേശത്തിന്റെ പേരാണെന്ന് തെറ്റിദ്ധരിച്ചുകൂടായെന്ന് അദ്ദേഹം പറഞ്ഞു.  ഇന്ത്യ ഒരു സാമൂഹിക ജീവിതാദർശത്തിന്റെ പേരാണ്. ഈ സാമൂഹികാദർശം വലിയതോതിൽ വെല്ലുവിളിക്കപ്പെടുന്ന, മതനിരപേക്ഷതയും സമത്വവും തിരിച്ചടി നേരിടുന്ന സന്ദർഭത്തിലാണ് രാജ്യമിന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.  വയനാടിന്റെ പുരസ്കാരമായി പത്മ പ്രഭാപുരസ്കാരമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന  പത്മപ്രഭാ ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി.ശ്രേയാംസ്കുമാർ  പ റഞ്ഞു. എല്ലാവർക്കും മനസ്സിലാവുന്ന ലാളിത്യമുള്ള ഭാഷയാണെന്നും അദ്ദേഹം പറഞ്ഞു.  മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ അനുഗ്രഹ പ്രഭാഷണം നടത്തി. എഴുത്തും വായനയും പ്രസംഗവും കൊണ്ട് മലയാള സാഹിത്യരംഗത്ത് തിളങ്ങിനിന്നിരുന്ന എം.പി. വീരേന്ദ്രകുമാർ തന്റെ പിതാവ് പത്മപ്രഭാ ഗൗഡരുടെ സ്മരണയ്ക്കു മുന്നിൽ പടുത്തുയർത്തിയ അനശ്വര സ്മാരകമാണ് ഈ പുരസ്കാരമെന്ന് അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146756/kalpetta)