---
title: "#Kannuruniversity| കണ്ണൂർ സർവകലാശാലയിൽ പഠിക്കാൻ മണിപ്പുരിൽനിന്ന് ആദ്യസംഘമെത്തി"
english_title: "Kannur University"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147697/kannur-university"
published_at: "2023-09-20T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650a9c6ee052f_IMG-20230920-WA0141.jpg"
keywords: []
---

# #Kannuruniversity| കണ്ണൂർ സർവകലാശാലയിൽ പഠിക്കാൻ മണിപ്പുരിൽനിന്ന് ആദ്യസംഘമെത്തി

> **Lead Summary:** **കണ്ണൂർ**: മണിപ്പുരിലെ കലാപത്തിന്റെ സാഹചര്യത്തിൽ, ഉപരിപഠനത്തിനായി കണ്ണൂർ സർവകലാശാലയ്ക്കുകീഴിൽ അപേക്ഷിച്ച മണിപ്പുർ വിദ്യാർഥികളുടെ ആദ്യസംഘം കണ്ണൂരിലെത്തി. കിംഷി ലെയിനെകിം, മൊമോയ് കോങ്സായി, ലാംകോഹാത് കിപ്ഗെൻ, നേയ്കോഹാത് ഹാഓകിപ്, ഗോലുങ്ങ്മൻ ഹാഓകിപ്, വിൻസൻ ഹാഓകിപ്, ലുൻഖോലം കിപ്ഗെൻ, ലാമിൻലെൻ, ജാമിൻലാൽ കോങ്സായി എന്നീ ഒൻപതുപേരാണ് സർവകലാശാല ആസ്ഥാനമായ താവക്കരയിലെത്തിയത്.

## Article Content

**കണ്ണൂർ**: മണിപ്പുരിലെ കലാപത്തിന്റെ സാഹചര്യത്തിൽ, ഉപരിപഠനത്തിനായി കണ്ണൂർ സർവകലാശാലയ്ക്കുകീഴിൽ അപേക്ഷിച്ച മണിപ്പുർ വിദ്യാർഥികളുടെ ആദ്യസംഘം കണ്ണൂരിലെത്തി. കിംഷി ലെയിനെകിം, മൊമോയ് കോങ്സായി, ലാംകോഹാത് കിപ്ഗെൻ, നേയ്കോഹാത് ഹാഓകിപ്, ഗോലുങ്ങ്മൻ ഹാഓകിപ്, വിൻസൻ ഹാഓകിപ്, ലുൻഖോലം കിപ്ഗെൻ, ലാമിൻലെൻ, ജാമിൻലാൽ കോങ്സായി എന്നീ ഒൻപതുപേരാണ് സർവകലാശാല ആസ്ഥാനമായ താവക്കരയിലെത്തിയത്.

കലാപസാഹചര്യത്തിൽ മണിപ്പുർ വിദ്യാർഥികൾക്ക് ഉപരിപഠനം സാധ്യമാക്കാനായി പ്രത്യേകം സീറ്റുകൾ അനുവദിക്കാൻ ജൂലായ് ഏഴിന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. മണിപ്പുരിലെ വിദ്യാർഥിസംഘടനകളുടെ അപേക്ഷ പരിഗണിച്ചായിരുന്നു ഇത്. ഗവേഷണവിദ്യാർഥികളുൾപ്പെടെ സംഘത്തിലുണ്ട്.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ പഠനം പൂർത്തിയാകുംവരെ ഇവർക്ക്‌ സമയം അനുവദിക്കും. തുടർവിദ്യാഭ്യാസത്തിന് അർഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത വിദ്യാർഥികൾക്കാണ് സീറ്റുകൾ അനുവദിച്ചത്. വരുംദിവസങ്ങളിൽ 70-ഓളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും തുടർപഠനസൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. താമസസൗകര്യവും സാമ്പത്തികസഹായവും ഉൾപ്പെടെ കാര്യങ്ങൾ സജ്ജമാക്കുമെന്നും ഇതിനായി സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും കണ്ണൂർ സർവ്വകലാശാല അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147697/kannur-university)