---
title: "തൃശ്ശൂർ അയ്യന്തോൾ സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ തട്ടിപ്പ്"
english_title: "Thrissur Ayanthol Cooperative Bank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148372/thrissur-ayanthol-cooperative-bank"
published_at: "2023-09-23T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e7ba149583_Screenshot_2023-09-23-11-11-59-93_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# തൃശ്ശൂർ അയ്യന്തോൾ സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

> **Lead Summary:** **തൃശൂര്‍**: കരുവന്നൂ‍ർ സഹകരണ ബാങ്കിന് പിന്നാലെ തൃശ്ശൂർ അയ്യന്തോൾ സഹകരണ ബാങ്കിലും ലക്ഷങ്ങളുടെ തട്ടിപ്പ്. റിട്ടയേഡ് സ്കൂൾ അധ്യാപിക ശാരദയെയാണ് മലപ്പുറം സ്വദേശിയായ അബൂബക്കർ പറ്റിച്ചത്. ശാരദയുടെ സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി അബൂബക്കർ അയ്യന്തോൾ ബാങ്കിൽ നിന്ന് ലോൺ എടുത്തു.

## Article Content

**തൃശൂര്‍**: കരുവന്നൂ‍ർ സഹകരണ ബാങ്കിന് പിന്നാലെ തൃശ്ശൂർ അയ്യന്തോൾ സഹകരണ ബാങ്കിലും ലക്ഷങ്ങളുടെ തട്ടിപ്പ്. റിട്ടയേഡ് സ്കൂൾ അധ്യാപിക ശാരദയെയാണ് മലപ്പുറം സ്വദേശിയായ അബൂബക്കർ പറ്റിച്ചത്. ശാരദയുടെ സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി അബൂബക്കർ അയ്യന്തോൾ ബാങ്കിൽ നിന്ന് ലോൺ എടുത്തു.

ശാരദയോ അബൂബക്കറോ അയ്യന്തോൾ ബാങ്ക് പരിധിയിൽ വരുന്നവരല്ല. ലോൺ പാസ്സാക്കാൻ അബൂബക്കറും ബാങ്കുകാരും ഒത്തുകളിച്ചു എന്നാണ് ശാരദയുടെ ആരോപണം. ഒരു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാം എന്ന് അബൂബക്കർ പറഞ്ഞിരുന്നുവെന്നും ശാരദ ആരോപിക്കുന്നു.

നേരത്തെ ഇത് സംബന്ധിച്ച് ശാരദയുടെ പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ച് ശാരദ ഇഡിക്ക് പരാതി നല്‍കിയിട്ടുണ്ട്. തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനെക്കുറിച്ചും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം തൃശ്ശൂർ കാട്ടാകാമ്പൽ മൾട്ടിപർപ്പസ് ബാങ്കിലും വായ്പ തട്ടിപ്പ് നട‌ന്നെന്നാണ് പുറത്തുവരുന്ന വിവരം. ഭരണ സമിതി സെക്രട്ടറി വി ആർ സജിത് ഇടപാടുകാരെ കബളിപ്പിച്ച് പണം തട്ടി. പണയപ്പെടുത്തിയ ആഭരണങ്ങൾ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റി എന്നിങ്ങനെയാണ് ആരോപണം.

സജിത്തിനെതിരെ കുന്നംകുളം പോലീസ് കേസെടുത്തിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘത്തിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഇതിനിടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിക്കെതിരെ ലഭിച്ച പരാതിയിൽ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ്.

എഫ്ഐആർ രജിസ്റ്റർ ചെയ്താൽ തിരിച്ചടിയുണ്ടാകുമോ എന്നറിയാനാണ് നിയമോപദേശം. ചോദ്യം ചെയ്യലിനിടെ സിപിഐഎം നേതാവ് പി ആർ അരവിന്ദാക്ഷനെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. എന്നാൽ മ‍ർദ്ദിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148372/thrissur-ayanthol-cooperative-bank)