---
title: " കൊട്ടിയൂരിലെ പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണം മാസങ്ങൾക്ക് മുൻപ് പൂർത്തിയായെങ്കിലും പ്രവർത്തനം ആരംഭിക്കാനായില്ല. "
english_title: "The construction of the new village office building at Kotiyur was completed months ago but the work could not be started. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148585/the-construction-of-the-new-village-office-building-at-kotiyur-was-completed-months-ago-but-the-work-could-not-be-started"
published_at: "2023-09-24T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650fb451a9d53_ms_kerala_(7).jpg"
keywords: []
---

#  കൊട്ടിയൂരിലെ പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണം മാസങ്ങൾക്ക് മുൻപ് പൂർത്തിയായെങ്കിലും പ്രവർത്തനം ആരംഭിക്കാനായില്ല. 

> **Lead Summary:** **കൊട്ടിയൂർ : **കൊട്ടിയൂരിലെ പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണം മാസങ്ങൾക്ക് മുൻപ് പൂർത്തിയായെങ്കിലും പ്രവർത്തനം ആരംഭിക്കാനായില്ല. വൈദ്യുതി കണക്ഷനും വെള്ളവും ഇല്ലാത്തതാണ് പുതിയ വില്ലേജ് ഓഫീസിന്റെ പ്രവർത്തനത്തെയും ഉദ്ഘാടനത്തെയും പ്രതിസന്ധിയിലാക്കിയത്.

## Article Content

**കൊട്ടിയൂർ : **കൊട്ടിയൂരിലെ പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണം മാസങ്ങൾക്ക് മുൻപ് പൂർത്തിയായെങ്കിലും പ്രവർത്തനം ആരംഭിക്കാനായില്ല. വൈദ്യുതി കണക്ഷനും വെള്ളവും ഇല്ലാത്തതാണ് പുതിയ വില്ലേജ് ഓഫീസിന്റെ പ്രവർത്തനത്തെയും ഉദ്ഘാടനത്തെയും പ്രതിസന്ധിയിലാക്കിയത്.

വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് 45 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. എന്നാൽ വൈദ്യുതിയും വെള്ളവും എത്തിക്കുന്നതിന് തുക അനുവദിച്ചിരുന്നില്ല.

ഇതാണ് പ്രതിസന്ധിക്ക് കാരണം. എട്ടുമാസം മുൻപാണ് കെട്ടിടത്തിന്റെ പണി പൂർത്തിയായത്. പുതിയ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിന് അഞ്ച് തൂണുകൾ സ്ഥാപിക്കണം. 1.22 ലക്ഷത്തോളം രൂപയാണ് അടങ്കൽത്തുക. ഈ തുക പൊതുജനങ്ങളിൽനിന്ന് പിരിച്ചെടുക്കാനാണ് ഉന്നത ഉദ്യോഗസ്ഥർ ജനകീയസമിതിയുടെ യോഗത്തിൽവെച്ച നിർദേശം.

എന്നാൽ ഇത് അപ്രയോഗികമാണെന്നും സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന നാട്ടുകാരിൽനിന്ന് തുക പിരിച്ചെടുക്കാൻ സാധിക്കില്ലെന്നും സർക്കാർ തന്നെ തുക അനുവദിക്കണെന്നും ജനപ്രതിനിധികളുൾപ്പെടെയുള്ളവർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതുവരെയും സർക്കാർ തുക അനുവദിച്ചില്ല. ഈ വില്ലേജ് ഓഫീസ് കെട്ടിടത്തിന് ഒപ്പം പണി പൂർത്തിയായ മറ്റു വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു.

കെട്ടിടത്തിലേക്ക് വൈദ്യതിയും വെള്ളവും എത്തിച്ച് എന്ന് ഉദ്ഘാടനം നടത്താനാകുമെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് പോലും കൃത്യമായി പറയാൻ കഴിയുന്നില്ല. ഉടൻ നടത്തുമെന്ന മറുപടിയാണ് ഇവർക്കുള്ളത്. കെട്ടിടത്തിന് സമീപം കാടും കയറി. ഇനി ഉദ്ഘാടനം നടത്തണമെങ്കിൽ കാട് ഉൾപ്പെടെ വെട്ടിത്തെളിക്കുകയും കെട്ടിടത്തിന് വീണ്ടും പെയിന്റ് അടിക്കേണ്ട സ്ഥിതിയായി. ഇതിന് വേറെ തുക കണ്ടെത്തണം.

നിലവിലെ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ല. ആഴ്ചയിൽ രണ്ട് യോഗങ്ങളെങ്കിലും നടക്കുന്ന വില്ലേജ് ഓഫീസിൽ സ്ഥലമില്ലാത്തത് ഉദ്യോഗസ്ഥർക്കടക്കം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം കാലപ്പഴക്കം മൂലം ദ്രവിച്ച് തുടങ്ങി.

കെട്ടിടത്തിന്റെ മുൻവശത്തെ കോൺക്രീറ്റ് പാളികൾ ഇളകി കമ്പികൾ പുറത്തുകാണുന്ന സ്ഥിതിയായി. നാലുവരിപ്പാത വരുമ്പോൾ ഈ കെട്ടിടത്തിന്റെ പകുതി പൊളിച്ചുമാറ്റേണ്ടിവരും. എത്രയും വേഗം പുതിയ കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം മാറ്റാൻ വേണ്ട നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148585/the-construction-of-the-new-village-office-building-at-kotiyur-was-completed-months-ago-but-the-work-could-not-be-started)