---
title: " സാമൂഹിക വനവത്കരണവിഭാഗം നട്ടുവളർത്തിയ മാഞ്ചിയംതോട്ടത്തിൽനിന്ന്‌ 20 ഓളം മരങ്ങളാണ് മുറിച്ചുകടത്തി"
english_title: "About 20 trees were cut from the Manchiyam garden planted by the Social Forestry Department. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148587/about-20-trees-were-cut-from-the-manchiyam-garden-planted-by-the-social-forestry-department"
published_at: "2023-09-24T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650fb9d16fe53_ms_kerala_(8).jpg"
keywords: []
---

#  സാമൂഹിക വനവത്കരണവിഭാഗം നട്ടുവളർത്തിയ മാഞ്ചിയംതോട്ടത്തിൽനിന്ന്‌ 20 ഓളം മരങ്ങളാണ് മുറിച്ചുകടത്തി

> **Lead Summary:** **ഇരിട്ടി : **പഴശ്ശിപദ്ധതിപ്രദേശത്ത്‌ വീണ്ടും മരംകൊള്ള. പടിയൂർ പഞ്ചായത്തിലെ നിടിയോടിയിൽ സാമൂഹിക വനവത്കരണവിഭാഗം നട്ടുവളർത്തിയ മാഞ്ചിയംതോട്ടത്തിൽനിന്ന്‌ 20 ഓളം മരങ്ങളാണ് മുറിച്ചുകടത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് മരം മുറിച്ചത്. ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. ഒരുവർഷം മുൻപ് പെരുമ്പറമ്പിൽ പദ്ധതിപ്രദേശത്ത് വളർത്തിയ അക്കേഷ്യമരങ്ങളും മുറിച്ചുകടത്തിയിരുന്നു.

## Article Content

**ഇരിട്ടി : **പഴശ്ശിപദ്ധതിപ്രദേശത്ത്‌ വീണ്ടും മരംകൊള്ള. പടിയൂർ പഞ്ചായത്തിലെ നിടിയോടിയിൽ സാമൂഹിക വനവത്കരണവിഭാഗം നട്ടുവളർത്തിയ മാഞ്ചിയംതോട്ടത്തിൽനിന്ന്‌ 20 ഓളം മരങ്ങളാണ് മുറിച്ചുകടത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് മരം മുറിച്ചത്. ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. ഒരുവർഷം മുൻപ് പെരുമ്പറമ്പിൽ പദ്ധതിപ്രദേശത്ത് വളർത്തിയ അക്കേഷ്യമരങ്ങളും മുറിച്ചുകടത്തിയിരുന്നു.

പ്രദേശവാസികൾ വിവരം അറിയിച്ചാൽ വനംവകുപ്പ് അധികൃതർ സ്ഥലപരിശോധന നടത്തി പോലീസിന് കേസെടുക്കാൻ നിർദേശം നൽകും. പോലീസ് കേസ് രജിസ്റ്റർ ചെയ്യുമെങ്കിലും മരം മുറിച്ചവരെ കണ്ടെത്താനുള്ള നടപടികൾ ഉണ്ടാകുന്നില്ല. ഇതാണ് വ്യാപകമായി മരം മുറിച്ചുകടത്താൻ ഇടയാക്കുന്നത്. പദ്ധതി പ്രദേശത്തുകൂടിയുള്ള റോഡുകളാണ് കടത്തിനായി പ്രയോജനപ്പെടുത്തുന്നത്.

നിടിയോടിയിൽനിന്ന്‌ മുറിച്ച മരത്തിന്റെ അവശിഷ്ടങ്ങൾ എല്ലാം മാറ്റിയിരുന്നു. മുറിച്ച മരത്തടികളിൽ ചിലത് കൊണ്ടുപോകാൻ സാധിക്കാഞ്ഞതിനാൽ വെള്ളത്തിലും തടിയുടെ ചില ഭാഗങ്ങൾ വ്യക്തികളുടെ ആളൊഴിഞ്ഞ പറമ്പുകളിലും ഉപേക്ഷിച്ച നിലയിലാണ്. കഴിഞ്ഞദിവസം വൈകിട്ട് പുഴപുറമ്പോക്കിൽ ആടുകളെ തീറ്റാൻ എത്തിയ പ്രദേശത്തെ കോളനിവാസി മരം മുറിക്കുന്നത് ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു. വലിയ മാഞ്ചിയം മരത്തിനിടയിൽ വണ്ണംകുറഞ്ഞ പൊക്കത്തിൽ ഇരു ശാഖകളായി വളരുന്ന മരങ്ങളാണ് മുറിച്ചിരിക്കുന്നത്. മരംമുറി പെട്ടെന്ന് ശ്രദ്ധയിൽപ്പെടാതിരിക്കാനുള്ള തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്.

മരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ സാമൂഹികവനവത്കരണവിഭാഗം നിശ്ചിത തുക നൽകി കാവൽക്കാരനേയും നിർത്തിയിരുന്നു. എന്നിട്ടും മരം മുറിച്ചത് ആരൊക്കെയോ സംരക്ഷണം ഉറപ്പാക്കിയതുകൊണ്ടാണെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. പ്രദേശവാസികൾക്ക് തോട്ടത്തിൽനിന്ന്‌ ചെറു വിറകുകൾ ശേഖരിക്കാൻ മാത്രമാണ് അനുവാദം. കാറ്റത്ത് നിലംപൊത്തിയതും ഉണങ്ങിയതുമായ ചെറു തടകൾപോലും മുറിക്കുന്നതിന് നിയന്ത്രണമുള്ള പ്രദേശത്തുനിന്നാണ് പകൽ മരംമുറി നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148587/about-20-trees-were-cut-from-the-manchiyam-garden-planted-by-the-social-forestry-department)