---
title: "സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഓർമകൾക്ക്‌ നിത്യസ്‌മാരകമൊരുങ്ങുന്നു"
english_title: "Kodiyeri Balakrishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149395/kodiyeri-balakrishnan"
published_at: "2023-09-27T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65140e95e2346_Screenshot_2023-09-27-16-41-14-61_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഓർമകൾക്ക്‌ നിത്യസ്‌മാരകമൊരുങ്ങുന്നു

> **Lead Summary:** **കണ്ണൂർ**: സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഓർമകൾക്ക്‌ നിത്യസ്‌മാരകമൊരുങ്ങുന്നു. ചരിത്രത്തിന്റെ തിരയേറ്റം നിലയ്‌ക്കാത്ത പയ്യാമ്പലത്താണ്‌ സ്‌മൃതിമണ്ഡപമൊരുങ്ങുന്നത്‌.

## Article Content

**കണ്ണൂർ**: സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഓർമകൾക്ക്‌ നിത്യസ്‌മാരകമൊരുങ്ങുന്നു. ചരിത്രത്തിന്റെ തിരയേറ്റം നിലയ്‌ക്കാത്ത പയ്യാമ്പലത്താണ്‌ സ്‌മൃതിമണ്ഡപമൊരുങ്ങുന്നത്‌.

ഒന്നാം ചരമവാർഷികദിനമായ ഒക്ടോബർ ഒന്നിന്‌ സ്‌മൃതിമണ്ഡപം അനാച്ഛാദനംചെയ്യും. പ്രിയനേതാവിന്റെ ഓർമകൾ തിരയടിക്കുകയാണ്‌ പയ്യാമ്പലത്ത്‌. വിടപറഞ്ഞ്‌ ഒരു വർഷമാകുമ്പോഴും സംസ്കാരം നടന്ന ഈ കടൽത്തീരത്ത്‌ എത്തുന്നവരേറെയാണ്‌.

കോടിയേരി എത്രമേൽ പ്രിയങ്കരനായിരുന്നുവെന്ന്‌ ഇവിടെയെത്തുന്നവർ ഓർത്തെടുക്കുന്നു. ചിരിച്ചുമാത്രം കാണുന്ന കോടിയേരിയെന്ന മനുഷ്യസ്‌നേഹിയെ അടയാളപ്പെടുത്തുന്ന സ്‌തൂപം ശിൽപ്പി ഉണ്ണി കാനായിയാണ്‌ ഒരുക്കുന്നത്‌. പോരാട്ടവും ചരിത്രവും ഇഴചേരുന്ന സ്‌തൂപത്തിന്റെ മിനുക്കുപണി മാത്രമാണ്‌ ഇനി ബാക്കിയുള്ളത്‌.

ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്‌മൃതിമണ്ഡപങ്ങൾക്കിടയിലാണ്‌ കോടിയേരിയുടെ സ്മാരകം. പാറിപ്പറക്കുന്ന ചെമ്പതാക സ്മാരകത്തെ കടൽ കാറ്റിൻ്റെ പശ്ചാത്തലത്തിൽ തലോടുന്നതും കാണാം കൂടാതെ വാനിലുയർന്നുനിൽക്കുന്ന നക്ഷത്രവും കോടിയേരിയുടെ ചിരിക്കുന്ന മുഖവും തന്നെയാണ് സ്മാരകത്തിലെ മുഖ്യ ആകർഷണം സ്‌തൂപം.

11 അടി ഉയരമുള്ള സ്‌തൂപം എട്ടടി വീതിയും നീളവുമുള്ള തറയിലാണ്‌ ഒരുക്കിയത്‌. മൂന്നടി വലുപ്പത്തിലുള്ള ഗ്രാനൈറ്റിൽ കൊത്തിയെടുത്ത കോടിയേരിയുടെ മുഖം. ഒരു വെല്ലുവിളി തന്നെയാണ് എന്ന് ശില്പി ഓർമ്മപ്പെടുത്തുന്നു.  എല്ലാവരുടെ മനസ്സിൽ പതിഞ്ഞ ചിരിക്കുന്ന കൊടിയേരിയെ തന്നെയാണ് ഗ്രാനൈറ്റിൽ ഉളി കൊണ്ട് ശില്പി കാർവ് ചെയ്ത്എ ടുത്തത്.

ചരിത്രത്തെ ഓർമിപ്പിക്കുന്ന സ്‌തൂപത്തിൽ മൺമറഞ്ഞ് പോയ ധീര സഖാക്കളെ ഇടനെഞ്ചിൽ ചേർത്ത് പിടിക്കുന്ന പ്രതീതിയിലാണ് ശില്പി രൂപകല്പന ചെയ്തത്. കോടിയേരി സ്മാര സ്തൂപം വിലയിരുത്താൻ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും  സി പി ഐ എം ജില്ലാ സെക്രട്ടറിയും പയ്യാമ്പലത്ത് എത്തി ശില്പിക്ക് നിർദ്ദേശങ്ങൾ നൽകി.

സെറാമിക്‌ ടൈലുകൾ ഉപയോഗിച്ചാണ്‌ സ്‌തൂപത്തിന്‌ നിറം നൽകിയത്‌. ടൈലുകൾ ചെറുകഷണങ്ങളാക്കി പതാകയ്‌ക്കും നക്ഷത്രത്തിനും ചുവപ്പ് നിറം നൽകി ഉപ്പുകാറ്റും വെയിലുമേറ്റ്‌ നിറംമങ്ങുകയോ കേടാവുകയോ ചെയ്യില്ലെന്നതാണ്‌ സെറാമിക് ടൈൽ ഉപയോഗിക്കാൻ കാരണം.

ഇതിന് മുൻപ് ഇടുക്കി വട്ടവടയിലെ ധീര രക്തസാക്ഷി അഭിമന്യൂവിൻ്റെ യും തളിപ്പറമ്പിലെ ധീര രക്തസാക്ഷി ധീരജിൻ്റെയും രക്തസാക്ഷി സ്തൂപം രൂപകല്പന ചെയ്തതും ഉണ്ണികാനായിയാണ്. കൂടാതെ മുനയം കുന്ന് രക്തസാക്ഷി സ്തൂപം രാമന്തളിയിലെ ഒ.കെ കുഞ്ഞിക്കണ്ണൻ സ്തുപം ഗോവിന്ദൻ സ്മാരക സ്തൂപം കൂടാതെ കേരളത്തിനകത്ത് നിരവധി ചരിത്ര പുരുഷന്മാരുടെ ശില്പങ്ങൾ ഒരുക്കിയ ഉണ്ണികാനായി കേരളാ ലളിതകലാ അക്കാദമി അംഗം കൂടിയാണ്.

ഒന്നര മാസമെടുത്താണ്‌ സ്‌തൂപം തയ്യാറാക്കിയത്‌. ഉണ്ണി കാനായിക്കൊപ്പം സുരേഷ്‌ അമ്മാനപ്പാറ, വിനേഷ്‌ കൊയക്കീൽ, ബാലൻ പാച്ചേനി, സതീഷ്‌ പുളക്കൂൽ, ഗോപി മാടക്കാൽ, ബിജു കൊയക്കീൽ എന്നിവരും സഹായത്തിനുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149395/kodiyeri-balakrishnan)