---
title: " പാപ്പിനിശ്ശേരി ഖാദി ഉപകേന്ദ്രം പൂട്ടലിന്റെ വക്കിൽ. "
english_title: "Papinissery Khadi sub-centre on the brink of closure. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150216/papinissery-khadi-sub-centre-on-the-brink-of-closure"
published_at: "2023-10-01T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651912281c44e_1.jpg"
keywords: []
---

#  പാപ്പിനിശ്ശേരി ഖാദി ഉപകേന്ദ്രം പൂട്ടലിന്റെ വക്കിൽ. 

> **Lead Summary:** **പാപ്പിനിശ്ശേരി : **ഉത്തരമലബാറിലെ നൂറുകണക്കിന് സർക്കാർ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും പേപ്പർ ഫയൽ ബോർഡുകൾ വിതരണം ചെയ്തിരുന്ന പാപ്പിനിശ്ശേരി ഖാദി ഉപകേന്ദ്രം പൂട്ടലിന്റെ വക്കിൽ. മാസങ്ങളായി തൊഴിലില്ലാതെ തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്. പേപ്പർ ബോർഡ് നിർമാണത്തിനുള്ള പൾപ്പ് നിർമിക്കാനാവശ്യമായ ലക്ഷങ്ങളുടെ യന്ത്രസംവിധാനങ്ങൾ നശിക്കുകയാണ്.

## Article Content

**പാപ്പിനിശ്ശേരി : **ഉത്തരമലബാറിലെ നൂറുകണക്കിന് സർക്കാർ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും പേപ്പർ ഫയൽ ബോർഡുകൾ വിതരണം ചെയ്തിരുന്ന പാപ്പിനിശ്ശേരി ഖാദി ഉപകേന്ദ്രം പൂട്ടലിന്റെ വക്കിൽ. മാസങ്ങളായി തൊഴിലില്ലാതെ തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്. പേപ്പർ ബോർഡ് നിർമാണത്തിനുള്ള പൾപ്പ് നിർമിക്കാനാവശ്യമായ ലക്ഷങ്ങളുടെ യന്ത്രസംവിധാനങ്ങൾ നശിക്കുകയാണ്.

അത്യാധുനിക സംവിധാനമുള്ള യന്ത്രങ്ങൾ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചെങ്കിലും പ്രവർത്തനക്ഷമമാക്കാൻ അധികൃതർ ശ്രമിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. പൾപ്പുണ്ടാക്കി ബോർഡ് നിർമിക്കാനുള്ള സംവിധാനം നോക്കുകുത്തിയായതോടെ തമിഴ്നാട്ടിൽനിന്ന്‌ ബോർഡ് എത്തിച്ച് ഫയൽ ബോർഡ് നിർമിക്കാനുള്ള സംവിധാനമുണ്ടെങ്കിലും അതിനുള്ള ശ്രമവും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.

ഫയൽ ബോർഡ് നിർമാണം സ്തംഭിച്ചപ്പോൾ പേപ്പർബാഗ് നിർമാണം പാപ്പിനിശ്ശേരിയിൽ നല്ല രീതിയിൽ മുന്നോട്ട് പോയിരുന്നു. എന്നാൽ അത്തരം നിർമാണവും മാസങ്ങളായി സ്തംഭിച്ചതോടെ തൊഴിലാളികളുടെ തുച്ഛവരുമാനവും മുടങ്ങി. ഒരു പേപ്പർബാഗ് നിർമിച്ചാൽ മൂന്നുരൂപ വരെ കൂലി ലഭിച്ചിരുന്നു. 200 പേപ്പർ ബാഗ് വരെ തൊഴിലാളികൾ പ്രതിദിനം നിർമിച്ചിരുന്നു.

എന്നാൽ ആ നിർമാണവും ഇപ്പോൾ അവതാളത്തിലാണ്. പതിറ്റാണ്ടുകളായി ഖാദിബോർഡിന്റെ കീഴിലുള്ള തൊഴിലാളികളാണ് ഇപ്പോൾ തൊഴിലും കൂലിയുമില്ലാതെ അധികൃതരുടെ കടാക്ഷവും കാത്ത് കഴിയുന്നത്.

ഇതിൽ പലരും വിരമിക്കാൻ പ്രായമായവരുമാണ്. തൊഴിലും കൂലിയും ലഭിക്കാതെയിരിക്കുമ്പോൾ വിരമിക്കൽ ആനുകൂല്യവും ലഭിക്കുമോ എന്ന ആശങ്കയും തൊഴിലാളികൾ പങ്കുവെക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150216/papinissery-khadi-sub-centre-on-the-brink-of-closure)