കൂട്ടുപുഴ പാലം പണി തുടരുന്നതിനുള്ള അനുമതി അനന്തമായി നീളുന്നത് നിർമാണം ഉപേക്ഷിക്കേണ്ട സ്ഥിതിയിലേക്ക് എത്തുമെന്ന് ആശങ്ക.

By | Saturday February 15th, 2020

SHARE NEWS

 

ഇരിട്ടി  : .കൂട്ടുപുഴ പാലം പണി തുടരുന്നതിനുള്ള അനുമതി അനന്തമായി നീളുന്നത് നിർമാണം ഉപേക്ഷിക്കേണ്ട സ്ഥിതിയിലേക്ക് എത്തുമെന്ന് ആശങ്ക. ഒരു മാസം കൂടി അനുമതി ലഭിച്ചില്ലെങ്കിൽ കരാറിൽ നിന്ന് ഒഴിവാകാൻ കരാർ ഏറ്റെടുത്ത കമ്പനി തീരുമാനിച്ചതായാണ് സൂചന. തലശ്ശേരി – വളവുപാറ റോഡ് നവീകരണ പദ്ധതിയിൽപെടുത്തിയാണ് കൂട്ടുപുഴ ഉൾപ്പെടെയുള്ള 7 പുതിയ പാലങ്ങളുടെ പണി നടക്കുന്നത്. 2018 സെപ്റ്റംബറിൽ പൂർത്തീകരിക്കേണ്ട നവീകരണ പദ്ധതി 3 തവണ കാലാവധി ദീർഘിപ്പിച്ചു നൽകിയതനുസരിച്ച് മേയ് 31ന് അവസാനിക്കും.
പുഴയിൽ അവശേഷിച്ചിട്ടുള്ള തൂണിന്റെ പണി മഴയ്ക്ക് മുൻപ് പൂർത്തീകരിച്ചാൽ മാത്രമെ മേയ് മാസത്തിനുള്ളിൽ അവശേഷിച്ച ഉപരിതല വാർപ്പ് പൂർത്തീകരിക്കാനാകൂ. കൾറോഡ്- വളവുപാറ റീച്ചിൽ റോഡ് പണി പൂർത്തിയായി. ഇരിട്ടി പാലത്തിന്റെ ഒരു സ്പാൻ വാർപ്പ് മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. ഇതും മേയ്ക്കുള്ളിൽ പൂർത്തിയാകും. പിന്നീട് ഒരു ചെറിയ പാലത്തിന്റെ പകുതി പണിക്കു വേണ്ടി മാത്രമായി അനന്തമായി കാലാവധി നീട്ടിക്കൊണ്ടു പോകാനും കഴിയില്ല.

കൂട്ടുപുഴ പാലം പണിയിൽ നിന്ന് നിലവിൽ കൾറോഡ്- വളവുപാറ റീച്ച് ടെൻഡർ എടുത്തിട്ടുള്ള ഇകെകെ കമ്പനി പിൻമാറിയാൽ ഗുരുതര പ്രതിസന്ധി ഉണ്ടാക്കും. വീണ്ടും പണി തുടരണമെങ്കിൽ പുതിയ ടെൻഡർ വിളിക്കണം. ലോകബാങ്ക് സഹായത്തോടെയുള്ള കെഎസ്ടിപി ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോഴത്തെ കരാർ.
വേണ്ടത് വന്യജീവി ബോർഡ് അനുമതി
2 വർഷത്തോളം നീണ്ട ശ്രമങ്ങൾക്കൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ 26ന് ദേശീയ വന്യജീവി ബോർഡിന്റെ കർണാടക പ്രാദേശിക ഘടകം യോഗം പാലം പണിക്ക് അംഗീകാരം നൽകിയിരുന്നു. ഈ തീരുമാനം ഡൽഹിയിൽ നാഷനൽ വൈൽഡ് ലൈഫ് ബോർഡ് അംഗീകരിക്കണമെന്ന സാങ്കേതികത്വം മാത്രമാണ് ഇനി പരിഹരിക്കേണ്ടത്. ഈ യോഗം നീളുന്നതാണ് പ്രതികൂലമായി ബാധിക്കുന്നത്.
തടസപ്പെട്ടിട്ട് വർഷം 2
കർണാടക വനഭൂമിയിലാണ് പാലത്തിന്റെ മറുകര എത്തുന്നതെന്ന വാദം ഉയർത്തി മാക്കൂട്ടം ബ്രഹ്മഗിരി അസി.വൈൽഡ് ലൈഫ് വാർഡൻ കൂട്ടുപുഴ പാലം പണി തടസപ്പെടുത്തിയത് 2017 ഡിസംബർ 27നാണ്. പാലത്തിന്റെ മറുകര കർണാടകത്തിൽ പ്രവേശിക്കുന്നിടത്ത് 3 മീറ്ററോളം സ്ഥലം കയ്യേറുന്നുവെന്നായിരുന്നു കണ്ടെത്തൽ.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read