---
title: "ഏഴുവർഷമായിട്ടും നിക്ഷേപത്തുക തിരികെ ലഭിക്കാതെ പൂളക്കുറ്റിയിലെ ജനങ്ങൾ"
english_title: "Poolakutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150727/poolakutty"
published_at: "2023-10-03T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651bc3d868465_Screenshot_2023-10-03-12-58-55-07_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഏഴുവർഷമായിട്ടും നിക്ഷേപത്തുക തിരികെ ലഭിക്കാതെ പൂളക്കുറ്റിയിലെ ജനങ്ങൾ

> **Lead Summary:** ഏഴുവർഷമായിട്ടും നിക്ഷേപത്തുക തിരികെ ലഭിക്കാതെ ബുദ്ധിമുട്ടിലായി പൂളക്കുറ്റിയിലെ ജനങ്ങൾ. 2016 മുതലാണ് കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിൽ നിന്നും നിക്ഷേപകർക്ക് പണം ലഭിക്കാൻ ഉള്ളത്. നിക്ഷേപത്തുക ഇനിയും ലഭിച്ചില്ലെങ്കിൽ നിരാഹാര സമരത്തിന് മുതിരും എന്നും നിക്ഷേപകർ പറഞ്ഞു.

## Article Content

ഏഴുവർഷമായിട്ടും നിക്ഷേപത്തുക തിരികെ ലഭിക്കാതെ ബുദ്ധിമുട്ടിലായി പൂളക്കുറ്റിയിലെ ജനങ്ങൾ. 2016 മുതലാണ് കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിൽ നിന്നും നിക്ഷേപകർക്ക് പണം ലഭിക്കാൻ ഉള്ളത്. നിക്ഷേപത്തുക ഇനിയും ലഭിച്ചില്ലെങ്കിൽ നിരാഹാര സമരത്തിന് മുതിരും എന്നും നിക്ഷേപകർ പറഞ്ഞു.

2016 മുതലാണ് കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിൽ നിന്നും നിക്ഷേപകർക്ക് തങ്ങളുടെ നിക്ഷേപ തുക ലഭിക്കാനുള്ളത്. ഏകദേശം 420 ഓളം നിക്ഷേപകരാണ് കഴിഞ്ഞ ഏഴ് വർഷങ്ങളായി തങ്ങളുടെ പണം ലഭിക്കാത്തതിനാൽ ബുദ്ധിമുട്ടിലായത്. ആദ്യ നാളുകളിൽ ബാങ്ക് മെച്ചപ്പെട്ട നിലയിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളൊക്കെ നടത്തിയിരുന്നു.

ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം എന്ന് ബാങ്കിന്റെ ഡയറക്ടർ ബോർഡും കോൺഗ്രസ് പാർട്ടിയും വാക്ക് കൊടുത്തു എങ്കിലും യാതൊരുവിധ ഫലവും ഉണ്ടായിരുന്നില്ല. തുടർന്ന് 2022 ജൂൺ 20 മുതൽ ജൂലൈ 12 വരെ 22 ദിവസം നിക്ഷേപകർ സമരം നടത്തിയിരുന്നു, സമരത്തിന്റെ ഫലമായി സഹകരണ വകുപ്പ് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കുമായി സഹകരിച്ച് നിക്ഷേപകരുടെ പ്രശ്നം പരിഹരിക്കും എന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.

എന്നാൽ ഒന്നരക്കോടി രൂപയാണ് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് ഓഫർ ചെയ്തതെന്നും നിക്ഷേപകരുടെ മുതൽ ഏകദേശം രണ്ട് കോടിയോളം ആണെന്നും ആണ് നിക്ഷേപകർ പറയുന്നത്. അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് തങ്ങൾക്ക് ഈ ഗതി വരുത്തിയത് എന്നാണ് നിക്ഷേപകരായ സെബാസ്റ്റ്യൻ പാറാട്ട് കുന്നേൽ, ഷൈജു ജോസഫ്, ബിനു ജോൺ എന്നിവർ പറയുന്നത്. നിക്ഷേപകരുടെ കൂട്ടത്തിൽ കൂടുതലും ആദിവാസി വിഭാഗക്കാരാണ്.

ദിവസേന കൂലിവേല ചെയ്ത് ജീവിച്ചുവരുന്ന സാധാരണക്കാരും രോഗബാധിതരും ഉൾപ്പെടുന്നവർക്ക് തങ്ങളുടെ നിക്ഷേപത്തുക തിരികെ ലഭിക്കാൻ അടിയന്തര നടപടി ഉണ്ടാവണമെന്നും ഇവർ പറഞ്ഞു. യഥാർത്ഥത്തിൽ ബാങ്കിൽ നിക്ഷേപിച്ച തുക എങ്ങോട്ട് പോയി എന്ന് അറിയാൻ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

പലിശ തിരികെ ലഭിച്ചില്ലെങ്കിലും തങ്ങളുടെ മുതൽ മാത്രം തിരിച്ചുകിട്ടിയാൽ മതി എന്ന നിലപാടാണ് ഇപ്പോൾ ഇവർക്ക് ഉള്ളത്. 420 നിക്ഷേപകർക്കായി മുതലും പലിശയും സഹിതം രണ്ടര കോടിക്ക് മേലെയാണ് തുക വരുന്നത്. തുടർനടപടി ഉടനെ ഉണ്ടായില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്നും നിക്ഷേപകർ ഒന്നടങ്കം പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150727/poolakutty)