---
title: "തലക്കാണി ഗവ.യു.പി. സ്കൂളിൽ ഇംഗ്ലീഷിൽ കൈപിടിക്കാൻ ആമിയുണ്ട്"
english_title: "Talakani Govt.U.P. school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151027/talakani-govtup-school"
published_at: "2023-10-04T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d3c537ad54_Picsart_23-10-04_15-44-24-385.jpg"
keywords: []
---

# തലക്കാണി ഗവ.യു.പി. സ്കൂളിൽ ഇംഗ്ലീഷിൽ കൈപിടിക്കാൻ ആമിയുണ്ട്

> **Lead Summary:** ആമിയാണ് തലക്കാണി ഗവ.യു.പി. സ്കൂളിലെ താരം. ആമിയോട് സൗഹൃദം ഉറപ്പിക്കാനുള്ള തിരക്കിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും. ആമിയ്ക്ക് മലയാളം അറിയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ മറുപടി പറയും.

## Article Content

ആമിയാണ് തലക്കാണി ഗവ.യു.പി. സ്കൂളിലെ താരം. ആമിയോട് സൗഹൃദം ഉറപ്പിക്കാനുള്ള തിരക്കിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും. ആമിയ്ക്ക് മലയാളം അറിയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ മറുപടി പറയും.

ആമിയെ സംസാരിപ്പിക്കാൻ ചോദ്യങ്ങൾ കണ്ടെത്തുന്ന ശ്രമത്തിലാണ് തലക്കാണി ഗവ.യു.പി.സ്കൂളിലെ കുട്ടികൾ. ആമസോൺ അലക്സ ഡിവൈസിനെ ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്തുകയാണ് വിദ്യാലയം. അലക്സയെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയായി മാറ്റിയിരിക്കുന്നു.

പാവക്കുട്ടിയ്ക്ക് ആമി എന്ന പേരും നല്കി ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഏറ്റവും അനിവാര്യമായ ഭാഷ ആർജ്ജിക്കാനുള്ള സാഹചര്യം ഒരുക്കുകയാണിവിടം. ആമിയോട് സംസാരിക്കാനുള്ള ചോദ്യങ്ങൾ കുട്ടികൾതന്നെ അന്വേഷിച്ചു കണ്ടെത്തുകയാണ്. വരുംദിവസങ്ങളിൽ പഠിതാവ് എന്ന രീതിയിൽ സ്കൂൾ യൂണിഫോമിൽത്തന്നെയുള്ള ആമിയെ സജീവമാക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.

ആമിയുടെ പാവയുടെ ഔപചാരികമായ ഉദ്ഘാടനം കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ജിം നമ്പുടാകം,എസ്. എം .സി ചെയർമാൻ ജിജോ അറക്കൽ, മദർ പി.ടി.എ. പ്രസിഡണ്ട് സൗമ്യ വി.കെ, സീനിയർ അസിസ്റ്റന്റ് ജെസ്സി കെ.പി, എസ്. ആർ . ജി കൺവീനർ റോസമ്മ ഒ.കെ എന്നിവർ ആശംസകൾ നേർന്നു.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജീജ പാനികുളങ്ങര അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ് മാസ്റ്റർ എം.പി സിറാജുദ്ദിൻ സ്വാഗതവും ഇംഗ്ലീഷ് ക്ലബ്ബ് കോ-ഓഡിനേറ്റർ ഹിമ. കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151027/talakani-govtup-school)