---
title: "ശമ്പളം കഴിഞ്ഞ 3 മാസമായി മുടങ്ങിയതോടെ ജോലിക്ക് എത്തുന്നത് രണ്ടോ മൂന്നോ തൊഴിലാളികൾ."
english_title: "Two or three workers are coming to work as the salary has stopped for the last 3 months. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151353/two-or-three-workers-are-coming-to-work-as-the-salary-has-stopped-for-the-last-3-months"
published_at: "2023-10-05T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ed4f375347_ms_kerala_(5).jpg"
keywords: []
---

# ശമ്പളം കഴിഞ്ഞ 3 മാസമായി മുടങ്ങിയതോടെ ജോലിക്ക് എത്തുന്നത് രണ്ടോ മൂന്നോ തൊഴിലാളികൾ.

> **Lead Summary:** **ഇരിട്ടി: ** ഇരിട്ടി നഗരസഭയുടെ അത്തിത്തട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തൊഴിലാളികളുടെ ശമ്പളം കഴിഞ്ഞ 3 മാസമായി മുടങ്ങിയതോടെ ജോലിക്ക് എത്തുന്നത് രണ്ടോ മൂന്നോ തൊഴിലാളികൾ. യാഡിൽ വേർതിരിക്കാതെ മാലിന്യം കുമിഞ്ഞു കൂടുന്നു. ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും നാടും നഗരവും ശുചീകരിക്കുമ്പോൾ യാഡുകളിലെ മാലിന്യം വേർതിരിക്കുന്ന തൊഴിലാളികളെയും അവരുടെ കഷ്ടപാടുകളും പാടെ മറക്കുന്നു.

## Article Content

**ഇരിട്ടി: ** ഇരിട്ടി നഗരസഭയുടെ അത്തിത്തട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തൊഴിലാളികളുടെ ശമ്പളം കഴിഞ്ഞ 3 മാസമായി മുടങ്ങിയതോടെ ജോലിക്ക് എത്തുന്നത് രണ്ടോ മൂന്നോ തൊഴിലാളികൾ. യാഡിൽ വേർതിരിക്കാതെ മാലിന്യം കുമിഞ്ഞു കൂടുന്നു. ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും നാടും നഗരവും ശുചീകരിക്കുമ്പോൾ യാഡുകളിലെ മാലിന്യം വേർതിരിക്കുന്ന തൊഴിലാളികളെയും അവരുടെ കഷ്ടപാടുകളും പാടെ മറക്കുന്നു.

ശാസ്ത്രീയമായി സംസ്കരിക്കേണ്ട ജൈവ അജൈവ മാലിന്യങ്ങൾ യാതൊരു സുരക്ഷാ ഉപകരണങ്ങളും ഷൂസും ഗ്ലൗസുപോലും ഇല്ലാതെ ജോലിചെയ്യേണ്ടിവരുന്നു. തൊഴിലാളികൾ കൃത്യമായി ജോലിക്ക് എത്താതെ വന്നതോടെ ടൗണിലെ മാലിന്യങ്ങൾ അത്തിതട്ടിലെ പ്ലാന്റിൽ കുന്നുകൂടി ദുർഗന്ധം വമിച്ചു തുടങ്ങിയതായി സമീപവാസികൾ പറയുന്നു.

ഇരട്ടി നഗരസഭയുടെ അത്തിതട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ 7 സ്ത്രീ തൊഴിലാളികളാണ് ഇപ്പോൾ ജോലിചെയ്യുന്നത്. തുച്ഛമായ 350 രൂപ ദിവസവേതനത്തിൽ ജോലിചെയ്യുന്ന ഇവരുടെ മൂന്ന് മാസ ശമ്പളം മുടങ്ങിയതോടെ ജോലിക്കാരിൽ പലരും ജോലിക്ക് വരാതെ ആയതോടെയാണ് നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിലെ പ്രവർത്തനങ്ങൾ താളം തെറ്റിയത്. തൊഴിലാളികൾ ഇല്ലാതെ ജൈവ. അജൈവമാലിന്യങ്ങളും വേർതിരിക്കുന്ന പ്രവർത്തി നിലച്ചതോടെയാണ് മാലിന്യം കുമിഞ്ഞു കൂടാൻ ഇടയാക്കി.

മാലിന്യ സംസ്കരണത്തിൽ നിന്ന് വേർതിരിക്കുമ്പോൾ കിട്ടുന്ന അജൈവമാലിന്യങ്ങൾ ഗ്രീൻ വേവ്സ് കമ്പനിക്ക് കൊടുത്ത വകയിൽ കിട്ടുന്നതും നഗരത്തിൽ നിന്ന് യൂസഫി ഇനത്തിൽ ഇരിക്കുന്ന തുകയിൽ നിന്നുമായിരുന്നു തൊഴിലാളികൾക്കുള്ള വേദനം കണ്ടെത്തിയിരുന്നത്. പ്രതിദിനം 350 രൂപയെന്ന ഇവരുടെ തുച്ഛമായ വേതനം വർദ്ധിപ്പിക്കണമെന്ന് ആവശ്യം നിലനിൽകുമ്പോഴാണ് മൂന്നുമാസമായി ഈ വേതനം പോലും ലഭിക്കാത്ത സാഹചര്യം.

മാലിന്യം ശേഖരിക്കാൻ എത്തുന്ന നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് കൃത്യമായി യൂസർ ഫീ നൽകാതെ വ്യാപാരികൾ കാണിക്കുന്ന ബോധപൂർവമായ ശ്രമം ഒരിക്കലും നല്ലതല്ല. പലസ്ഥാപനങ്ങളും യൂസർ ഫീ നൽകാൻ കൂട്ടാക്കാത്തതാണ് തൊഴിലാളികളുടെ വേതനം മുടങ്ങാനുള്ള സാങ്കേതിക കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുമ്പോൾ ദയനീയമാണ് അത്തിത്തട്ടിലെ ശുചീകരണ തൊഴിലാളികളുടെ സ്ഥിതി.

മാലിന്യം കുമിഞ്ഞു കൂടുന്നത് സമീപവാസികൾക്കും ദുരിതമാവുകയാണ്. നഗര സഭ അടിയന്തിരമായി ഇടപെട്ട് തൊഴിലാളികളുടെ ന്യനയമായ ശമ്പളവും ആരോഗ്യ സുരക്ഷാ സംവിധാങ്ങളും അത്തിതട്ടിലെ പ്ലാന്റിൽ ഉറപ്പുവരുത്തണം എന്നാണ് തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151353/two-or-three-workers-are-coming-to-work-as-the-salary-has-stopped-for-the-last-3-months)