---
title: "സ്വന്തം മണ്ഡലമായ ധർമടത്ത് പ്രാദേശികമായി സംഘടിപ്പിക്കുന്ന കുടുംബയോഗങ്ങളിൽ പിണറായി വിജയൻ പങ്കെടുക്കുന്നത് മൂന്നാംതവണ. "
english_title: "This is the third time that Pinarayi Vijayan is participating in family meetings organized locally in his own constituency, Dharmadam. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151903/this-is-the-third-time-that-pinarayi-vijayan-is-participating-in-family-meetings-organized-locally-in-his-own-constituency-dharmadam"
published_at: "2023-10-08T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652239c915698_ms_kerala_(29).jpg"
keywords: []
---

# സ്വന്തം മണ്ഡലമായ ധർമടത്ത് പ്രാദേശികമായി സംഘടിപ്പിക്കുന്ന കുടുംബയോഗങ്ങളിൽ പിണറായി വിജയൻ പങ്കെടുക്കുന്നത് മൂന്നാംതവണ. 

> **Lead Summary:** **കണ്ണൂർ: **മുഖ്യമന്ത്രിയായശേഷം സ്വന്തം മണ്ഡലമായ ധർമടത്ത് പ്രാദേശികമായി സംഘടിപ്പിക്കുന്ന കുടുംബയോഗങ്ങളിൽ പിണറായി വിജയൻ പങ്കെടുക്കുന്നത് മൂന്നാംതവണ. വെള്ളിയാഴ്ചമുതൽ ചൊവ്വാഴ്ചവരെ 29 കുടുംബയോഗങ്ങളാണ് മുഖ്യമന്ത്രിക്ക് നിശ്ചയിച്ചത്. സി.പി.എം. നേതാവ് ആനത്തലവട്ടം ആനന്ദന്റെ മരണത്തെ തുടർന്ന് വെള്ളിയാഴ്ച നിശ്ചയിച്ച പെരളശ്ശേരിയിലെ ആദ്യപരിപാടി നടന്നില്ല. ആ പരിപാടി ഇന്ന് നടക്കും.

## Article Content

**കണ്ണൂർ: **മുഖ്യമന്ത്രിയായശേഷം സ്വന്തം മണ്ഡലമായ ധർമടത്ത് പ്രാദേശികമായി സംഘടിപ്പിക്കുന്ന കുടുംബയോഗങ്ങളിൽ പിണറായി വിജയൻ പങ്കെടുക്കുന്നത് മൂന്നാംതവണ. വെള്ളിയാഴ്ചമുതൽ ചൊവ്വാഴ്ചവരെ 29 കുടുംബയോഗങ്ങളാണ് മുഖ്യമന്ത്രിക്ക് നിശ്ചയിച്ചത്. സി.പി.എം. നേതാവ് ആനത്തലവട്ടം ആനന്ദന്റെ മരണത്തെ തുടർന്ന് വെള്ളിയാഴ്ച നിശ്ചയിച്ച പെരളശ്ശേരിയിലെ ആദ്യപരിപാടി നടന്നില്ല. ആ പരിപാടി ഇന്ന് നടക്കും.

മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ബൂത്ത് അടിസ്ഥാനത്തിലാണ് കുടുംബയോഗങ്ങൾ നിശ്ചയിച്ചത്. സർക്കാർ നടപ്പാക്കിയ കാര്യങ്ങളും അടിയന്തരമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഉപരോധിക്കുന്നതും യോഗങ്ങളിൽ മുഖ്യമന്ത്രി അക്കമിട്ട് നിരത്തുന്നുണ്ട്.

കേന്ദ്രം സൃഷ്ടിച്ച സാമ്പത്തിക ഉപരോധത്തിനിടയിലും മികച്ച സാമ്പത്തിക മേനേജ്മെന്റിലൂടെയാണ് കേരളം പിടിച്ചുനിൽക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 2012-13 സാമ്പത്തിക വർഷം 44,137 കോടിയായിരുന്നു കേരളത്തിന്റെ ആഭ്യന്തര വരുമാനം. 2021-23 വർഷം ഇത് 1,16,640 കോടി രൂപയായി വർധിച്ചു. ശമ്പളം, പെൻഷൻ എന്നിവ വർധിപ്പിച്ചതിന്റെ ഫലമായി പ്രതിവർഷം 20,000 കോടി രൂപയുടെ അധിക ബാധ്യത വന്നു. വാർഷിക പദ്ധതിയിനത്തിലും നികുതി വിഹിതത്തിലും കേന്ദ്രം നൽകേണ്ട തുകയിൽ 49.4 ശതമാനത്തിന്റെ കുറവുണ്ടായി.-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ശശി, സംസ്ഥാന കമ്മിറ്റിയംഗം എൻ. ചന്ദ്രൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ഏരിയാ സെക്രട്ടറിമാരായ കെ. ശശിധരൻ, എം.കെ. മുരളി, കെ. ബാബുരാജ്, സി.പി.ഐ. നേതാവ് സി.എൻ. ചന്ദ്രൻ എന്നിവർ മുഖ്യമന്ത്രിയെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151903/this-is-the-third-time-that-pinarayi-vijayan-is-participating-in-family-meetings-organized-locally-in-his-own-constituency-dharmadam)