---
title: "തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു"
english_title: "Brucellosis confirmed in Thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152253/brucellosis-confirmed-in-thiruvananthapuram"
published_at: "2023-10-09T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523fad18c8b8_images_(6).jpeg"
keywords: []
---

# തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

> **Lead Summary:** സംസ്ഥാനത്ത് അപൂര്‍വമായ ജന്തുജന്യരോഗം ബ്രൂസെല്ലോസിസ് തിരുവനന്തപുരത്ത് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലിയില്‍ നിന്നാണ് രോഗം ബാധിച്ചെതെന്നാണ് നിഗമനം. ആരോഗ്യ മൃഗസംരക്ഷണ വകുപ്പുകള്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. 

## Article Content

സംസ്ഥാനത്ത് അപൂര്‍വമായ ജന്തുജന്യരോഗം ബ്രൂസെല്ലോസിസ് തിരുവനന്തപുരത്ത് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലിയില്‍ നിന്നാണ് രോഗം ബാധിച്ചെതെന്നാണ് നിഗമനം. ആരോഗ്യ മൃഗസംരക്ഷണ വകുപ്പുകള്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. 

കേരളത്തില്‍ അപൂര്‍വമായി കണ്ടുവരുന്ന മാള്‍ട്ടാപനി എന്നു വിളിക്കപ്പെടുന്ന ബ്രൂസെല്ലോസിസ് വേറ്റിനാട് സ്വദേശിയായ യുവാവിനാണ് ആദ്യം ബാധിച്ചത്. പനിബാധിച്ച് ചികില്‍സ തേടിയ രോഗിക്ക്  രോഗലക്ഷണങ്ങള്‍ കുറയാതിരുന്നതിനേത്തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ വീട്ടില്‍ കാലി വളര്‍ത്തുന്ന കാര്യം  അറിയിച്ചതാണ് രോഗം കണ്ടെത്താന്‍ സഹായിച്ചത്. തുടര്‍ന്ന് യുവാവിന്‍റെ അച്ഛനും രോഗലക്ഷണങ്ങള്‍ കണ്ടെത്തി.

65 കാരനായ പിതാവ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. പശു, ആട്, പന്നി, നായ തുടങ്ങിയ മൃഗങ്ങളില്‍ നിന്ന് അവയുടെ വിസര്‍ജ്യങ്ങളും ശരീര സ്രവങ്ങളും വഴി മനുഷ്യരിലേയ്ക്ക് പകരുന്ന ബാക്ടീരിയ രോഗമാണ് ബ്രൂസെല്ലോസിസ്. 

വേറ്റിനാട് സ്വദേശികള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളില്‍ നിന്ന് രോഗം പകര്‍ന്നെന്നാണ് കരുതുന്നത്. നേരത്തെ വയനാട്, കൊല്ലം, പാലക്കാട് ജില്ലകളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുണ്ടിനീരിന് സമാനമായി മുഖത്ത് നീര്, പനി , ശക്തമായ തലവേദന, സന്ധിവേദന തുടങ്ങിയവയാണ് ലക്ഷ്ണങ്ങള്‍. യഥാസമയം ചികില്‍സ തേടിയില്ലെങ്കില്‍ രോഗം ഗുരുതരമാകും. മനുഷ്യരില്‍ എട്ടാഴ്ച വരെ നീളുന്നതാണ് രോഗ ചികില്‍സ. പശുക്കളില്‍  ഗര്‍ഭമലസല്‍ ഉള്‍പ്പെടെയുളള ലക്ഷണങ്ങള്‍ കണ്ടാല്‍ ജാഗ്രത പാലിക്കണം. പാലും , പാലുല്പന്നങ്ങളും മാംസവും നന്നായി പാകം ചെയ്തു മാത്രമേ ഭക്ഷിക്കാവൂ എന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152253/brucellosis-confirmed-in-thiruvananthapuram)