---
title: "#Mahi | മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഒരുങ്ങുന്നു അനന്തശയനം ചുമർചിത്രം"
english_title: "Mahi Sri Krishna Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152400/mahi-sri-krishna-temple"
published_at: "2023-10-10T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524ee9b075f2_Picsart_23-10-10_11-52-45-359.jpg"
keywords: []
---

# #Mahi | മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഒരുങ്ങുന്നു അനന്തശയനം ചുമർചിത്രം

> **Lead Summary:**  **കണ്ണൂർ**: മലബാറിലെ കൊച്ചു ഗുരുവായൂർ എന്നറിയപ്പെടുന്ന മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഒരുങ്ങുന്നത് അനന്തശയനം ചുമർചിത്രം. ക്ഷേത്രത്തിനകത്തെ ചുറ്റമ്പലഭിത്തിയിലാണ് കേരളീയ ചുമർ ചിത്ര ശൈലിയിൽ 'അനന്തശയനം' ഒരുങ്ങുന്നത്.

## Article Content

 **കണ്ണൂർ**: മലബാറിലെ കൊച്ചു ഗുരുവായൂർ എന്നറിയപ്പെടുന്ന മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഒരുങ്ങുന്നത് അനന്തശയനം ചുമർചിത്രം. ക്ഷേത്രത്തിനകത്തെ ചുറ്റമ്പലഭിത്തിയിലാണ് കേരളീയ ചുമർ ചിത്ര ശൈലിയിൽ 'അനന്തശയനം' ഒരുങ്ങുന്നത്.

മാഹി മലയാള കലാഗ്രാമത്തിലെ ചുമർചിത്ര വിഭാഗം അധ്യാപകനും കോഴിക്കോട് സ്വദേശിയുമായ നിബിൻ രാജിന്റെ നേതൃത്വത്തിലാണു ചിത്രരചന പുരോഗമിക്കുന്നത്.

അഞ്ചു തലകളോടു കൂടിയ അനന്തനും ഭഗവാന്റെ എട്ട് ആയുധങ്ങൾ പ്രത്യക്ഷ രൂപത്തിലും വിഷ്ണുവിന്റെ നാഭിയിൽ നിന്നു വിരിഞ്ഞ താമരപ്പൂവിൽ ബ്രഹ്മാവും ഇന്ദ്രൻ, നാരദൻ, ഗരുഡൻ, ഹനുമാൻ, പതഞ്ജലി, സൂര്യൻ, ചന്ദൻ, അഗ്സ്ത്യൻ, ദക്ഷൻ, സരസ്വതി, ശിവ-പാർവതിമാർ എന്നിവരെയും ചിത്രത്തിൽ കാണാം.

സന്താനഗോപാലം കഥയുടെ ഭാഗമായി വരുന്ന ഈ രംഗത്തിൽ മരിച്ചുപോയ ബ്രാഹ്മണ പുത്രന്മാരെ പാലാഴിയിൽ കളിച്ചു കൊണ്ടിരിക്കുന്നതായും അവരെ അന്വേഷിച്ചു വന്ന കൃഷ്ണനെയും അർജുനനെയും കൂടി ഈ രംഗത്തിൽ ചിത്രീകരിക്കുന്നുണ്ട്.

10 അടി നീളവും 5 അടി വീതിയുമുള്ള ഈ ചിത്രം ഈ മാസം അവസാനത്തോടെ പൂർത്തിയാകും. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ നിന്നു പഠനം പൂർത്തിയാക്കിയ നിബിൻ രാജ്, ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ക്ഷേത്രത്തിലെ ഈ ചിത്രരചനയിൽ അദ്ദേഹത്തിന്റെ ശിഷ്യരും പങ്കാളികളാണ്.

കണ്ണൂർ റെയിൽവെ സ്റ്റേഷൻ, കോഴിക്കോട് കോർപറേഷൻ ഓഫീസ്, തളി-കുറ്റിച്ചിറ പൈതൃക പദ്ധതി, ഗുരുവായൂർ ക്ഷേത്രം, ചൊവ്വല്ലൂർ ക്ഷേത്രം, മാവൂർ കൽച്ചിറ ക്ഷേത്രം എന്നിവിടങ്ങളിലും നിബിൻ രാജിന്റെ കലാസൃഷ്ടികൾ കാണാൻ കഴിയും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152400/mahi-sri-krishna-temple)