---
title: "കാട്ടാന ഭീഷണിക്ക് ശാശ്വത പരിഹാരമുണ്ടാക്കണം: അഡ്വ. മാർട്ടിൻ ജോർജ്ജ്"
english_title: "Advmarttinjoerge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153038/advmarttinjoerge"
published_at: "2023-10-12T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527ecdfd8ae5_images_(74).jpeg"
keywords: []
---

# കാട്ടാന ഭീഷണിക്ക് ശാശ്വത പരിഹാരമുണ്ടാക്കണം: അഡ്വ. മാർട്ടിൻ ജോർജ്ജ്

> **Lead Summary:** ** കണ്ണൂർ:** ജില്ലയുടെ മലയോര മേഖലകളിൽ നിരന്തരമുണ്ടാകുന്ന കാട്ടാന ഭീഷണിക്ക് ശാശ്വത പരിഹാരം കാണണമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ഉളിക്കല്‍ ടൗണിൽ ഒരു ദിവസം മുഴുവൻ ആളുകളെ മുൾമുനയിൽ നിർത്തിയ ശേഷമാണ് കാട്ടാനയെ കർണാടക വനത്തിലേക്ക് തുരത്താൻ സാധിച്ചത്‌ ജനവാസമേഖലകളില്‍ ഇതു പോലെ അപ്രതീക്ഷിതമായി കാട്ടാനയിറങ്ങുന്നത് വലിയ മുന്നറിയിപ്പാണ്.

## Article Content

** കണ്ണൂർ:** ജില്ലയുടെ മലയോര മേഖലകളിൽ നിരന്തരമുണ്ടാകുന്ന കാട്ടാന ഭീഷണിക്ക് ശാശ്വത പരിഹാരം കാണണമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ഉളിക്കല്‍ ടൗണിൽ ഒരു ദിവസം മുഴുവൻ ആളുകളെ മുൾമുനയിൽ നിർത്തിയ ശേഷമാണ് കാട്ടാനയെ കർണാടക വനത്തിലേക്ക് തുരത്താൻ സാധിച്ചത്‌ ജനവാസമേഖലകളില്‍ ഇതു പോലെ അപ്രതീക്ഷിതമായി കാട്ടാനയിറങ്ങുന്നത് വലിയ മുന്നറിയിപ്പാണ്.

വനാതിർത്തിയിൽ നിന്ന് 14 കിലോമീറ്റർ അകലെ സ്കൂളും കോളേജും പൊതു സ്ഥാപനങ്ങളുമുള്ള ജനവാസ മേഖലയിൽ പോലും കാട്ടാന എത്തുന്നുവെന്നത് കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുകയാണ്. കർണാടക വനത്തോട് ചേർന്നു കിടക്കുന്ന മലയോര ടൗണുകളിൽ ഇതു പോലെ കാട്ടാനകൾ ഇറങ്ങിയാൽ അത് വലിയ ഭീഷണി തന്നെയാണ്.

കർണാടക വനാതിർത്തികളിലെല്ലാം ആനകളിറങ്ങുന്നത് പ്രതിരോധിക്കാൻ ശാസ്ത്രീയ സംവിധാനമുണ്ടാക്കണം. എപ്പോഴും നാട്ടിലിറങ്ങുന്ന കാട്ടാനകളെ ആപത്തൊന്നും കൂടാതെ തുരത്തിയോടിക്കാൻ സാധിച്ചെന്നു വരില്ല.  ഉളിക്കലിൽ ആനയുടെ ചവിട്ടേറ്റ് ഒരു ജീവൻ നഷ്ടമായി. ഉളിക്കലില്‍ കൂടുതൽ ജീവാപായമോ നാശനഷ്ടങ്ങളോ കൂടാതെ കാട്ടാനയെ തുരത്താൻ ഫലപ്രദമായി പ്രവർത്തിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും അവർക്ക് എല്ലാ പിന്തുണയും നൽകിയ ജനപ്രതിനിധികളും നാട്ടുകാരും പ്രശംസനീയമായ പ്രവർത്തനമാണ് നടത്തിയത്.

ജനവാസമേഖലകളിൽ കാട്ടാനയിറങ്ങിയാൽ ഏതു രീതിയിൽ മുൻകരുതലെടുക്കണമെന്നത് സംബന്ധിച്ച കൃത്യമായ അവബോധം ജനങ്ങളിലുണ്ടാക്കാൻ ആവശ്യമായ ബോധവത്കരണം നടത്താൻ നടപടി ഉണ്ടാകണം. ഉളിക്കലിൽ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച ജോസിൻ്റെ കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരം നൽകണമെന്ന് ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ജോസിൻ്റെ സംസ്കാര ചടങ്ങിൽ സംബന്ധിച്ച് അന്ത്യാഞ്ജലി അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153038/advmarttinjoerge)