---
title: "ത്രെഡ്‌സില്‍ താമസിയാതെ പുതിയ എഡിറ്റ് ബട്ടണ്‍ എത്തും."
english_title: "A new edit button is coming soon to Threads. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153379/a-new-edit-button-is-coming-soon-to-threads"
published_at: "2023-10-13T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652967670214d_dfdgdfgd.jpg"
keywords: []
---

# ത്രെഡ്‌സില്‍ താമസിയാതെ പുതിയ എഡിറ്റ് ബട്ടണ്‍ എത്തും.

> **Lead Summary:** ത്രെഡ്‌സില്‍ താമസിയാതെ പുതിയ എഡിറ്റ് ബട്ടണ്‍ എത്തും. ഫീച്ചര്‍ ഇതിനകം കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു. പോസ്റ്റ് പങ്കുവെച്ച് അഞ്ച് മിനിറ്റിനുള്ളില്‍ എത്ര തവണ വേണമെങ്കിലും എഡിറ്റ് ചെയ്യാനാവും.

## Article Content

ത്രെഡ്‌സില്‍ താമസിയാതെ പുതിയ എഡിറ്റ് ബട്ടണ്‍ എത്തും. ഫീച്ചര്‍ ഇതിനകം കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു. പോസ്റ്റ് പങ്കുവെച്ച് അഞ്ച് മിനിറ്റിനുള്ളില്‍ എത്ര തവണ വേണമെങ്കിലും എഡിറ്റ് ചെയ്യാനാവും.

ത്രെഡ്‌സിന്റെ മുഖ്യ എതിരാളിയായ എക്‌സില്‍ ഉപഭോക്താക്കളുടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യം പരിഗണിച്ച് കഴിഞ്ഞ വര്‍ഷമാണ് എഡിറ്റ് ഫീച്ചര്‍ അവതരിപ്പിച്ചത്. എക്‌സില്‍ ഒരു പോസ്റ്റ് എഡിറ്റ് ചെയ്താല്‍ അതിന്റെ ഹിസ്റ്ററി കാണാന്‍ സാധിക്കും. ത്രെഡ്‌സില്‍ അതില്ല.

ഇത് ത്രെഡ്‌സിലെ എഡിറ്റ് ഫീച്ചര്‍ ദുരുപയോഗം ചെയ്‌തേക്കുമെന്ന വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. അതായത് ത്രെഡ്‌സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചതിന് ശേഷം അത് ഏതെങ്കിലും വിധത്തില്‍ വൈറലായിക്കഴിഞ്ഞാല്‍ ആ പോസ്റ്റ് പിന്നീട് പൂര്‍ണമായി മാറ്റി എഴുതാന്‍ സാധിക്കും. ആദ്യം പങ്കുവെച്ച യഥാര്‍ത്ഥ പോസ്റ്റ് എന്താണെന്ന് കാണാനും സാധിക്കില്ല.

പോസ്റ്റിന് മുകളില്‍ വലത് ഭാഗത്തായുള്ള ത്രീ ഡോട്ട് ബട്ടനില്‍ എഡിറ്റ് ഓപ്ഷന്‍ കാണാം. ഇത് ക്ലിക്ക് ചെയ്ത് പോസ്റ്റ് എഡിറ്റ് ചെയ്യാനാവും. ഇത് കൂടാതെ വോയ്‌സ് ത്രെഡ്‌സ് എന്ന പേരില്‍ മറ്റൊരു ഫീച്ചറും ത്രെഡ്‌സ് അവതരിപ്പിച്ചിട്ടുണ്ട്.

ഈ ഫീച്ചര്‍ വഴി ആളുകള്‍ക്ക് വോയ്‌സ് മെസേജ് പോസ്റ്റായി പങ്കുവെക്കാം. റിപ്ലൈയും ശബ്ദമായി പങ്കുവെക്കാനാവും. വോയ്‌സ് ത്രെഡ്‌സ് പങ്കുവെക്കാന്‍ മൈക്ക് ബട്ടന്‍ ക്ലിക്ക് ചെയ്ത് വോയ്‌സ് റെക്കോര്‍ഡ് ചെയ്ത് പങ്കുവെച്ചാല്‍ മാത്രം മതി. ഇതിന്റെ കാപ്ഷന്‍ ഓട്ടോമാറ്റിക് ആയി നിര്‍മിക്കപ്പെടുമെങ്കിലും അത് ആവശ്യമെങ്കില്‍ എഡിറ്റ് ചെയ്യാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153379/a-new-edit-button-is-coming-soon-to-threads)