---
title: "പലസ്തീന്‍ ഐക്യദാര്‍ഢ്യസദസ്സുമായി സിപിഐ(എം)"
english_title: "cpim Support to Palestine   "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153855/cpim-support-to-palestine"
published_at: "2023-10-15T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bbabb8b93c_DSC_0389.jpg"
keywords: []
---

# പലസ്തീന്‍ ഐക്യദാര്‍ഢ്യസദസ്സുമായി സിപിഐ(എം)

> **Lead Summary:** കണ്ണൂർ: പലസ്തീനില്‍ സമാധാനം ഉറപ്പുവരുത്തുക, യുഎന്‍ കരാര്‍ നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ട് ഒക്ടോബര്‍ 17 മുതല്‍ 22വരെയുള്ള തീയതികളില്‍ സിപിഐ(എം) ന്‍റെ നേതൃത്വത്തില്‍ 16 കേന്ദ്രങ്ങളില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിക്കുമെന്ന് എം വി ജയരാജൻ പറഞ്ഞു. ഏറെക്കാലമായി പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നമാണ് പലസ്തീന്‍ പ്രശ്നം.

## Article Content

കണ്ണൂർ: പലസ്തീനില്‍ സമാധാനം ഉറപ്പുവരുത്തുക, യുഎന്‍ കരാര്‍ നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ട് ഒക്ടോബര്‍ 17 മുതല്‍ 22വരെയുള്ള തീയതികളില്‍ സിപിഐ(എം) ന്‍റെ നേതൃത്വത്തില്‍ 16 കേന്ദ്രങ്ങളില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിക്കുമെന്ന് എം വി ജയരാജൻ പറഞ്ഞു. ഏറെക്കാലമായി പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നമാണ് പലസ്തീന്‍ പ്രശ്നം.

പലസ്തീന്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഐക്യരാഷ്ട്രസഭയും ലോകജനതയും അംഗീകരിച്ചെങ്കിലും ഇസ്രായേല്‍ കൈയൂക്കിലൂടെ ഗാസ അടക്കമുള്ള പലസ്തീനിയന്‍ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. പലസ്തീന്‍ ജനത എന്നൊന്നില്ലെന്നും പിശാചുക്കളുടെ നഗരമായ പലസ്തീനെ ചാരമാക്കി മാറ്റുമെന്നുമാണ് ഇസ്രായേല്‍ ഭരണാധികാരികള്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത്. 23 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന ഭൂപ്രദേശമാണ് ഗാസ. 24 മണിക്കൂറിനകം ഗാസ വിട്ട് പോകണമെന്ന അന്ത്യശാസനമാണ് ഇസ്രായേല്‍ നല്‍കിയത്. ഭയപ്പെട്ട് ഗാസ വിടുന്നവരെപ്പോലും കഴിഞ്ഞദിവസം ഇസ്രായേല്‍ സേന വെടിവെച്ചുകൊന്നു. അമേരിക്ക നല്‍കിയ ആയുധ സന്നാഹങ്ങളോടെ മൂന്നുലക്ഷം ഇസ്രായേല്‍ പട്ടാളക്കാര്‍ ഗാസയുടെ അതിര്‍ത്തിയില്‍ ഓരോദിവസവും അക്രമം അഴിച്ചുവിടുകയാണ്. ഇത്തവണ ഹമാസാണ് ആദ്യം ആക്രമണം ആരംഭിച്ചത്.

ഇസ്രായേല്‍ തിരിച്ചടിച്ചു. ഇരുഭാഗത്തും മരണപ്പെട്ടവര്‍ സാധാരണ ജനങ്ങളാണ്. യുദ്ധം ഒന്നിനും പരിഹാരമല്ല. സമാധാനമാണ് വേണ്ടത്. എന്നാല്‍ ഇസ്രായേല്‍ കരയുദ്ധത്തിലൂടെ പലസ്തീനിയന്‍ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ.് ഭക്ഷണവും മരുന്നും വെള്ളവും ഇന്ധനവുമെല്ലാം പലസ്തീന്‍ ജനതയ്ക്ക് നിഷേധിക്കുകയാണ്. ചേരിചേരാ നയം അംഗീകരിച്ചിരുന്ന ഇന്ത്യ ഇസ്രായേലിനൊപ്പമാണെന്ന മോഡിയുടെ പ്രഖ്യാപനം സാമ്രാജ്യത്വവിധേയത്വം തെളിയിക്കുന്നതാണ്. എല്ലാ കാലത്തും ഇന്ത്യ പലസ്തീന്‍ ജനതയ്ക്കൊപ്പമായിരുന്നു. ആ പ്രഖ്യാപിത നയമാണ് ബി.ജെ.പി തിരുത്തിയത്. ലോകമാകെ യുദ്ധവിരുദ്ധ നിലപാട് സ്വീകരിക്കുമ്പോള്‍ ഇന്ത്യ യുദ്ധവെറിയൻമാരോടൊപ്പം നില്‍ക്കുന്നത് ഒട്ടും ശരിയല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153855/cpim-support-to-palestine)