---
title: "സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി"
english_title: "NABARD grant of Rs 68.39 crore approved for construction of new buildings for 4 hospitals in the state "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154874/nabard-grant-of-rs-6839-crore-approved-for-construction-of-new-buildings-for-4-hospitals-in-the-state"
published_at: "2023-10-18T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fec91071a0_gfxghdhg.jpg"
keywords: []
---

# സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി

> **Lead Summary:** സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

## Article Content

സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം നേമം ശാന്തിവിള താലൂക്ക് ആശുപത്രി 22.24 കോടി, പാലക്കാട് മലമ്പുഴ മണ്ഡലം എലപ്പുള്ളി താലൂക്ക് ആശുപത്രി 17.50 കോടി, തൃശൂര്‍ ഗുരുവായൂര്‍ മണ്ഡലം ചാവക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 10.80 കോടി, മലപ്പുറം കുറ്റിപ്പുറം താലൂക്ക് ആശുപത്രി 17.85 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നേമം താലൂക്ക് ആശുപത്രിയുടെ മുഖഛായ മാറ്റുന്ന തരത്തിലുള്ള 6 നില കെട്ടിമാണ് നിര്‍മ്മിക്കുന്നത്. സെല്ലാര്‍ ബ്ലോക്കില്‍ സി.എസ്.എസ്.ഡി., എക്‌സ്‌റേ റൂം, മെഡിക്കല്‍ ഗ്യാസ്, പാര്‍ക്കിഗ് എന്നിവയും ഗ്രൗണ്ട് ഫ്‌ളോറില്‍ 6 കിടക്കകളുള്ള ഒബ്‌സര്‍ബേഷന്‍ റൂം, ലാബ്, നഴ്‌സിംഗ് സ്റ്റേഷന്‍, 7 ഒ.പി. മുറികള്‍, വെയിറ്റ് ഏരിയ, ഫാര്‍മസി, സ്റ്റോര്‍ എന്നിവയുമുണ്ടാകും.

ഒന്നാം നിലയില്‍ ഗൈനക് ഒപി, അള്‍ട്രാസൗണ്ട് സ്‌കാന്‍, ഗൈനക് പ്രീചെക്ക് ഏരിയ, ഒഫ്ത്താല്‍ യൂണിറ്റ്, എന്‍സിഡി യൂണിറ്റ്, ദന്തല്‍ യൂണിറ്റ്, അഡ്മിനിസ്‌ട്രേഷന്‍, ഡയബറ്റിക് ഒപി, ടിബി ഡയഗ്നോസിസ് യൂണിറ്റ്, വെയിറ്റിംഗ് ഏരിയ, സ്റ്റാഫ് റൂം എന്നിവയും, രണ്ടാം നിലയില്‍ 10 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ്, ആര്‍.ഒ. പ്ലാന്റ്, വാര്‍ഡുകള്‍ എന്നിവയും മൂന്നാം നിലയില്‍ 8 കിടക്കകളുള്ള സ്ത്രീകളുടയും പുരുഷന്‍മാരുടേയും ഐസൊലേഷന്‍ വാര്‍ഡുകള്‍, 10 കിടക്കകളുള്ള സ്ത്രീകളുടയും പുരുഷന്‍മാരുടേയും ജനറല്‍ വാര്‍ഡുകള്‍ എന്നിവയും നാലാം നിലയില്‍ ഒഫ്ത്താല്‍മിക് ഓപ്പറേഷന്‍ തീയറ്റര്‍, ജനറല്‍ ഓപ്പറേഷന്‍ തീയറ്റര്‍, റിക്കവറി റൂം, പോസ്റ്റ് ഒപി വാര്‍ഡ്, 5 കിടക്കകളുള്ള മെഡിക്കല്‍ ഐസിയു എന്നിവയുമുണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154874/nabard-grant-of-rs-6839-crore-approved-for-construction-of-new-buildings-for-4-hospitals-in-the-state)