---
title: "#kannur | ജവഹര്‍ സ്റ്റേഡിയത്തില്‍ കളിയാരവങ്ങള്‍ ഉയരും: കെ എഫ് എ പ്രസിഡന്‍റ് സ്റ്റേഡിയം സന്ദര്‍ശിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155028/kannur"
published_at: "2023-10-19T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530c25c4db85_IMG-20231019-WA0012.jpg"
keywords: []
---

# #kannur | ജവഹര്‍ സ്റ്റേഡിയത്തില്‍ കളിയാരവങ്ങള്‍ ഉയരും: കെ എഫ് എ പ്രസിഡന്‍റ് സ്റ്റേഡിയം സന്ദര്‍ശിച്ചു

> **Lead Summary:**  ഒരു കാലത്ത് ഫെഡറേഷന്‍ കപ്പ്, ശ്രീനാരായണ ട്രോഫി തുടങ്ങി നിരവധി ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയായ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ അടുത്തു തന്നെ കളിയാരവങ്ങള്‍ക്ക് സാക്ഷിയാകും. നവീകരിച്ച ജവഹര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് നവാസ് മീരാന്‍ ആണ് സ്റ്റേഡിയത്തില്‍ അടുത്തു തന്നെ ശ്രീനാരായണ ട്രോഫി ഫുട്ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അറിയിച്ചത്.

## Article Content

 ഒരു കാലത്ത് ഫെഡറേഷന്‍ കപ്പ്, ശ്രീനാരായണ ട്രോഫി തുടങ്ങി നിരവധി ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയായ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ അടുത്തു തന്നെ കളിയാരവങ്ങള്‍ക്ക് സാക്ഷിയാകും. നവീകരിച്ച ജവഹര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് നവാസ് മീരാന്‍ ആണ് സ്റ്റേഡിയത്തില്‍ അടുത്തു തന്നെ ശ്രീനാരായണ ട്രോഫി ഫുട്ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അറിയിച്ചത്.

ജവഹര്‍ സ്റ്റേഡിയം വളരെ വിശാലവും മനോഹരവുമാണ്. കേരളത്തില്‍ മറ്റെവിടെ ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തുന്നതിനേക്കാള്‍ മെച്ചമായി മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കണ്ണൂരില്‍ സാധിക്കുമെന്നും ഏറ്റവും നല്ല ടീമുകളെ എത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിന്‍റെ ഫുട്ബോള്‍ രംഗത്തെ പഴയ പ്രതാപം തിരിച്ചുകൊണ്ടുവരാനാണ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നതെന്ന് മേയര്‍ അഡ്വ.ടി ഒ മോഹനന്‍ പറഞ്ഞു.

അതിനായാണ് സ്വന്തം നിലയില്‍ ഏകദേശം 1 കോടി രൂപയോളം രൂപ ചെലവഴിച്ച് സ്റ്റേഡിയം നവീകരിച്ചത്. സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരം നടത്തുന്നതിന് കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാണ് എന്നും മേയര്‍ പറഞ്ഞു.

അടുത്ത കാലത്താണ് കോര്‍പ്പറേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേഡിയത്തില്‍ പുല്ല് വെച്ച് പിടിപ്പിക്കുകയും ഇന്‍റര്‍ലോക്ക് പാകുന്നതും ഉള്‍പ്പെടെയുള്ള നവീകരണപ്രവൃത്തികള്‍ നടത്തിയത്. സ്റ്റേഡിയം സന്ദര്‍ശിക്കുന്നതിന് കെ എഫ് എ പ്രസിഡന്‍റിനും മേയറോടുമൊപ്പം സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വ.പി ഇന്ദിര, കൗണ്‍സിലര്‍ മുസ്ലിഹ് മഠത്തില്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി മണികണ്ഠകുമാര്‍, കെ എഫ് എ നിര്‍വ്വാഹക സമിതി അംഗം എ കെ ഷെരീഫ്, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സി സയീദ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155028/kannur)