---
title: "സഹായിക്കേണ്ട; ഉപദ്രപിക്കാതിരുന്നാൽ മതി "
english_title: "Sudhakaran was selling lottery tickets kathirur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15579/sudhakaran-was-selling-lottery-tickets-kathirur"
published_at: "2021-12-11T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b46dfecac76_PicsArt_12-11-02.48.02.jpg"
keywords: []
---

# സഹായിക്കേണ്ട; ഉപദ്രപിക്കാതിരുന്നാൽ മതി 

> **Lead Summary:** കാഴ്ച്ച വൈകല്യത്തെ തോൽപ്പിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴും മനസാക്ഷി ഇല്ലാത്തവരുടെ തട്ടിപ്പിനിരയാവുകയാണ് ലോട്ടറി വിൽപ്പനക്കാരനായ കതിരൂരിലെ കെ.സുധാകരൻ. ലോട്ടറി വില്പനക്കിടെയാണ് സുധാകരൻ നിരന്തരം കബളിക്കപ്പെടുന്നത്.

## Article Content

കാഴ്ച്ച വൈകല്യത്തെ തോൽപ്പിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴും മനസാക്ഷി ഇല്ലാത്തവരുടെ തട്ടിപ്പിനിരയാവുകയാണ് ലോട്ടറി വിൽപ്പനക്കാരനായ കതിരൂരിലെ കെ.സുധാകരൻ. ലോട്ടറി വില്പനക്കിടെയാണ് സുധാകരൻ നിരന്തരം കബളിക്കപ്പെടുന്നത്.

ഇരു കണ്ണിനും കാഴ്ച്ചയില്ലെങ്കിലും പരാശ്രയമില്ലാതെ ജീവിക്കുകയാണ് ലോട്ടറി വിൽപ്പനക്കാരനായ കതിരൂരിലെ കെ.സുധാകരൻ. പത്ത് വയസ്സാകുമ്പോഴേക്കും ഇരുകണ്ണിൻ്റെയും കാഴ്ച്ച പൂർണ്ണമായും നഷ്ടപ്പെട്ട സുധാകരൻ മനസ്സിൻ്റെ ഇഛാശക്തിയിലാണ് ജീവിതം മുന്നോട്ട് നീക്കുന്നത്. എന്നാൽ ആരുടെയും മുന്നിൽ ഇതുവരെയും സുധാകരൻ കൈ നീട്ടിയിട്ടില്ല. 33 വർഷത്തോളമായി ലോട്ടറി വിൽപ്പനക്കാരനായ സുധാകരൻ കോട്ടയം പൊയിലിൽ ലോട്ടറി സ്റ്റാൾ നടത്തിയാണ് ഉപജീവനം കണ്ടെത്തുന്നത്. എന്നാൽ മനസാക്ഷി ഇല്ലാത്തവരുടെ തട്ടിപ്പിനിരയാവുകയാണ് 51 കാരനായ സുധാകരൻ. കഴിഞ്ഞ ദിവസം 2000 രൂപ ലോട്ടറി അടിച്ചെന്ന് പറഞ്ഞാണ് ഒരാൾ സുധാകരനെ സമീപിച്ചത്. സമ്മാനമില്ലാത്ത ടിക്കറ്റ് നൽകി 1500 രൂപയും, 480 രൂപയുടെ ലോട്ടറി ടിക്കറ്റുമെടുത്താണ് ഇയാൾ സ്ഥലം വിട്ടത്. ഒടുവിൽ ചായ കുടിക്കാൻ 20 രൂപ നൽകാനും തട്ടിപ്പുകാരൻ മറന്നില്ല. കൂടുതൽ ടിക്കറ്റുകൾ എടുത്ത് ഒന്നോ രണ്ടോ ടിക്കറ്റിൻ്റെ പണം നൽകിയും ചിലർ പറ്റിച്ചിട്ടുണ്ട്. ഭാര്യ നിർമലയുടെയും മകളുടെയും സഹായത്തോടെയാണ് ലോട്ടറി വിൽപ്പന. കോറോണക്ക് മുൻപ് കോഴിക്കോട്, കസർഗോഡ് വരെയുള്ള ഭാഗങ്ങളിലെത്തി ടിക്കറ്റ് വിറ്റിരുന്നു. എന്നാൽ കൊറോണ ആയതോടെ ടിക്കറ്റ് വിൽപ്പന കുറഞ്ഞിരിക്കയാണെന്നാണ് സുധാകരൻ പറയുന്നത്. കാഴ്ചശക്തിയില്ലാത്തതിനെ തുടർന്ന് സുധാകരന് പലപ്പോഴും അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നാൽ അതുകൊണ്ടൊന്നും പിന്നോട്ട് പോകാൻ സുധാകരൻ തയ്യാറല്ല. ആരും സഹായിച്ചില്ലെങ്കിലും തന്നെ പറ്റിക്കരുതെ എന്ന അപേക്ഷ മാത്രമാണ് സുധാകരനുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15579/sudhakaran-was-selling-lottery-tickets-kathirur)