---
title: "പൂജാ അവധിക്ക് പാക്കേജ് യാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി"
english_title: "Ksrtc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155963/ksrtc"
published_at: "2023-10-22T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653498e7bec75_download_-_2023-10-11T062208.181.jpeg"
keywords: []
---

# പൂജാ അവധിക്ക് പാക്കേജ് യാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി

> **Lead Summary:** **കോഴിക്കോട്**: പൂജാ അവധി ദിവസങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രത്യേക ബഡ്ജറ്റ് യാത്രാ പാക്കേജുകളൊരുക്കി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. താമസവും ഭക്ഷണവുമുള്‍പ്പടെയുള്ള ഹ്രസ്വ-മദ്ധ്യദൂര ട്രിപ്പുകളാണ് പൂജാ ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ഒരുക്കിയിരിക്കുന്നത്. ജാനകിക്കാട്, കരിയാത്തൻപാറ, തുഷാരഗിരി, വയനാട്, സൈലന്റ് വാലി, ആതിരപ്പള്ളി, വാഴച്ചാല്‍, മൂന്നാര്‍, തുടങ്ങി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം കോഴിക്കോട് നിന്ന് പാക്കേജ് യാത്രകള്‍ പുറപ്പെടും.

## Article Content

**കോഴിക്കോട്**: പൂജാ അവധി ദിവസങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രത്യേക ബഡ്ജറ്റ് യാത്രാ പാക്കേജുകളൊരുക്കി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. താമസവും ഭക്ഷണവുമുള്‍പ്പടെയുള്ള ഹ്രസ്വ-മദ്ധ്യദൂര ട്രിപ്പുകളാണ് പൂജാ ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ഒരുക്കിയിരിക്കുന്നത്. ജാനകിക്കാട്, കരിയാത്തൻപാറ, തുഷാരഗിരി, വയനാട്, സൈലന്റ് വാലി, ആതിരപ്പള്ളി, വാഴച്ചാല്‍, മൂന്നാര്‍, തുടങ്ങി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം കോഴിക്കോട് നിന്ന് പാക്കേജ് യാത്രകള്‍ പുറപ്പെടും.

ഇതില്‍ ജാനകിക്കാട്, കരിയാത്തൻപാറ, തോണിക്കടവ്, പെരുവണ്ണാമൂഴി ഭാഗത്തേക്കുള്ള യാത്രകള്‍ നാളെ ആരംഭിക്കും. 360 രൂപയാണ് ടിക്കറ്റ് നിരക്ക്. തുഷാരഗിരി - വയനാട് യാത്ര 24 ന് രാവിലെ ആറിന് ആരംഭിച്ച്‌ രാത്രി ഏഴിന് തിരിച്ചെത്തും. തുഷാരഗിരി വെള്ളച്ചാട്ടവും വയനാട്ടിലെ വിനോദ കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്ന ട്രിപ്പിന് 1100 രൂപയാണ് ടിക്കറ്റ് നിരക്ക്. സൈലന്റ് വാലി, കാഞ്ഞിരപുഴ ഡാം യാത്ര നാളെ രാവിലെ നാലിന് പുറപ്പെട്ട് രാത്രി 11 ന് തിരിച്ചെത്തും. ഭക്ഷണമുള്‍പ്പടെയുള്ള ട്രിപ്പിന് 1450 രൂപയാണ് ടിക്കറ്റ് നിരക്ക്. ആതിരപ്പള്ളി - വാഴച്ചാല്‍ - മൂന്നാര്‍ ട്രിപ്പ് വെള്ളി, ശനി ദിവസങ്ങളില്‍ പുറപ്പെടും.

യാത്രയും താമസവുമുള്‍പ്പടെ രണ്ട് ദിവസത്തെ യാത്രയ്ക്ക് ടിക്കറ്റ് 2220 രൂപയുമാണ് നിരക്ക്. 18 ന് തുടങ്ങിയ പാക്കേജുകളില്‍ വിവിധ ട്രിപ്പുകള്‍ വേറെയും ഒരുക്കിയിട്ടുണ്ട്. പാക്കേജ് ഈ മാസം 30 ന് അവസാനിക്കും. അധിക വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച ബഡ്ജറ്റ് ടൂറിസം പദ്ധതി ജനപ്രിയമായതോടെയാണ് കൂടുതല്‍ യാത്രകള്‍ ഒരുക്കാൻ തിരുമാനിച്ചതെന്ന് കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ കോര്‍ഡിനേറ്റര്‍ പി.കെ ബിന്ദു പറഞ്ഞു. കുറഞ്ഞ ചെലവില്‍ സുരക്ഷിത യാത്ര സാദ്ധ്യമാക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂര്‍ പാക്കേജുകള്‍ക്ക് കോഴിക്കോട് ആരാധകരുമേറെയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബജറ്റ് യാത്രാപദ്ധതിയിലൂടെ ജില്ലയില്‍ നിന്ന് മാത്രം ഒരു കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചതെന്ന് പി.കെ ബിന്ദു പറഞ്ഞു. രാവിലെ 9.30 മുതല്‍ രാത്രി 9 മണിവരെയാണ് ബുക്കിംഗ് സമയം. ബുക്കിംഗിന് 9544477954, 9846100728 എന്ന നമ്പറിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155963/ksrtc)