---
title: "വാഹനത്തിന് എ.ഐ.ക്യാമറയുടെ പിഴ വന്നോ? ഓണ്‍ലൈനായി എങ്ങനെ പിഴ അടയ്ക്കാം"
english_title: "Did the vehicle get fined by AI camera? How to pay fine online "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156613/did-the-vehicle-get-fined-by-ai-camera-how-to-pay-fine-online"
published_at: "2023-10-24T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537f25bc7de1_jgvkbkl.jpg"
keywords: []
---

# വാഹനത്തിന് എ.ഐ.ക്യാമറയുടെ പിഴ വന്നോ? ഓണ്‍ലൈനായി എങ്ങനെ പിഴ അടയ്ക്കാം

> **Lead Summary:** ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും സുരക്ഷിതമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കേരളത്തിലെ നിരത്തുകളില്‍ ഉടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ക്യാമറകള്‍ (എ.ഐ.ക്യാമറ) സ്ഥാപിച്ചിരിക്കുന്നത്. മുന്‍ശീലം വെച്ച് സീറ്റ്‌ബെല്‍റ്റ് ഇടാതെ യാത്രചെയ്യുന്നവരും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരുമായ നിരവധി ആളുകളാണ് ഈ ക്യാമറയുടെ കണ്ണില്‍പെടുന്നത്.

## Article Content

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും സുരക്ഷിതമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കേരളത്തിലെ നിരത്തുകളില്‍ ഉടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ക്യാമറകള്‍ (എ.ഐ.ക്യാമറ) സ്ഥാപിച്ചിരിക്കുന്നത്. മുന്‍ശീലം വെച്ച് സീറ്റ്‌ബെല്‍റ്റ് ഇടാതെ യാത്രചെയ്യുന്നവരും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരുമായ നിരവധി ആളുകളാണ് ഈ ക്യാമറയുടെ കണ്ണില്‍പെടുന്നത്.

നിയമലംഘനം കണ്ടെത്തിയാല്‍ ഉടന്‍ വാഹനത്തിന്റെ നമ്പറും നിയമലംഘനവും പിഴയും ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് മെസേജായി ലഭിക്കുകയും നിയമലംഘനത്തിന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ള ചെല്ലാന്‍ പോസ്റ്റലായി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിയമലംഘനത്തിനുള്ള പിഴ നിശ്ചിത ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായി അടയ്ക്കാം.

അല്ലാത്തപക്ഷം കേസ് കോടതിയിലേക്ക് മാറുന്നതാണ് രീതി. ഈ സാഹചര്യത്തില്‍ നിരവധി ആളുകളാണ് ഓണ്‍ലൈനായി പിഴ അടയ്ക്കുന്നതിനുള്ള നടപടികള്‍ അന്വേഷിക്കുന്നത്. നമ്മുടെ മൊബൈല്‍ ഫോണിന്റെ സഹായത്തോടെ തന്നെ വാഹനങ്ങള്‍ക്ക് ലഭിക്കുന്ന എ.ഐ. ക്യാമറ പിഴകളോ മറ്റ് ഇ-ചെല്ലാനുകളോ അടയ്ക്കാന്‍ സാധിക്കും.

അത് എങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍വാഹന വകുപ്പുമായി ബന്ധപ്പെട്ടുള്ള സേവനങ്ങള്‍ ലഭിക്കുന്ന മൊബൈല്‍ ആപ്പായ എ പരിവാഹനിലൂടെയാണ് ഇത്തരത്തില്‍ വാഹനത്തിന് വരുന്ന പിഴ അടയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുള്ളത്.

ഫോണില്‍ ഈ ആപ്പ് ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. എം പരിവാഹനം ആപ്പില്‍ നല്‍കിയിട്ടുള്ള ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് എന്ന ഓപ്ഷനിലാണ് ഇത്തരം സേവനങ്ങള്‍ നല്‍കിയിട്ടുള്ളത്. ഈ ഓപ്ഷനിലെ ചെല്ലാന്‍ റിലേറ്റഡ് സര്‍വീസ് എന്ന ഐക്കണിലെ വ്യൂ മോര്‍ എന്ന ഓപ്ഷന്‍ തുറക്കുക. ഇതിലെ പേമെന്റ് എന്ന് നല്‍കിയിരിക്കുന്നത് തുറന്നശേഷം പേ യുവര്‍ ചെല്ലാന്‍ എന്നതില്‍ അമര്‍ത്തുക. ഇതില്‍ ചെല്ലാന്‍ നമ്പര്‍, വാഹന നമ്പര്‍, ഡ്രൈവിങ്ങ് ലൈസന്‍സ് നമ്പര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് നല്‍കിയാല്‍ മതിയാകും.

ഇതിനുശേഷം ഗെറ്റ് ഡീറ്റെയില്‍സ് എന്ന ബാര്‍ അമര്‍ത്തുക. ഇതിലാണ് വാഹനത്തിന് വന്നിട്ടുള്ള ചെല്ലാനുകളുടെ വിവരവും പിഴയും നല്‍കിയിട്ടുണ്ടാകുക. ഇതില്‍ തന്നെ പെന്റിങ് എന്ന ഓപ്ഷനില്‍ നിന്ന് ചെല്ലാന്‍ നമുക്ക് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാന്‍ സാധിക്കും. ഡൗണ്‍ലോഡ് ചെല്ലാന്‍ എന്ന ഓപ്ഷന്‍ തുറന്നാണ് വാഹനത്തിന് ഇതുവരെ വന്നിട്ടുള്ള ചെല്ലാനുകളുടെ പി.ഡി.എഫ്. ഫോര്‍മാറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാന്‍ സാധിക്കുന്നത്.

അതിനുശേഷം പിഴ അടയ്ക്കുന്നതിനായി പേ നൗ എന്ന ബാര്‍ അമര്‍ത്തുക. പിന്നീട് ഇ ട്രഷറി തിരഞ്ഞെടുത്ത് കണ്ടിന്യൂ എന്ന ബട്ടണ്‍ അമര്‍ത്തണം. ഇവിടെ നിന്നാണ് പേമെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്ങ്, യു.പി.ഐ. പേമെന്റ് തുടങ്ങിയ ഓപ്ഷനുകളില്‍ പണം അടയ്ക്കാന്‍ സാധിക്കും.

ഉദ്ദാഹരണത്തിന് ഗൂഗിള്‍ പേയിലാണ് പിഴ അടയ്ക്കാന്‍ ഉദേശിക്കുന്നതെങ്കില്‍ യു.പി.ഐ. എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ഗൂഗിള്‍ പേ വഴി പിഴ ഒടുക്കിയതിനുശേഷം പ്രസ് ഒക്കെ ടു പ്രൊസീഡ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. ട്രാന്‍സാക്ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം പ്രിന്റ് റെസീപ്റ്റ് എന്ന ഓപ്ഷനിലേക്ക് പോയി പിഴ അടച്ചതിന്റെ റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനും സാധിക്കും.

എ.ഐ. ക്യാമറയില്‍ നിന്നോ, മറ്റ് വിധേനയോ ലഭിച്ച ചെല്ലാനുകള്‍ക്ക് പിഴ അടയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം ഇതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156613/did-the-vehicle-get-fined-by-ai-camera-how-to-pay-fine-online)